2019, ജൂൺ 22, ശനിയാഴ്‌ച

എന്റെ അച്ഛൻ ......

അച്ഛനെയാണെനിക്കിഷ്ടം

പെണ്കുഞ്ഞുങ്ങൾ ചിലവാണെന്ന ചിന്തഗതി തലച്ചോറിൽ പടർന്നു കിടക്കുന്ന കാലത്തു  പാലക്കാടൻ ഉൾഗ്രാമത്തിൽ രണ്ടാമത്തെ പെണ്കുഞ്ഞായി അതും ഇരുണ്ട നിറത്തിൽ ഞാൻ ജനിച്ചപ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു. ഒരിക്കലും  കടലോളം വാത്സല്യം നൽകിയല്ല എന്നെ എന്റെ അച്ഛൻ വളർത്തിയത്. ചെറുപ്പം മുതൽക്കേ ചേച്ചിയെ പോലെ മുടി നീട്ടിവളർത്തിയോ പാട്ടുപാവാട ധരിച്ചോ, നൃത്തം  പഠിച്ചോ അല്ല ഞാൻ വളർന്നത്. അനിയനെ പോലെ ബനിയനും ട്രൗസറും ഇട്ട് മുടി ബോയ് കട്ട് ഉം ഷോൾഡർ കട്ട് ഉം ചെയ്ത് മരത്തിൽ കയറിയും കനാലിൽ ചാടിമറിഞ്ഞും ആൺകുട്ടികളുടെ കൂടെ അവരിൽ ഒരാളായും. അങ്ങനെ ഒരു ആൺകുട്ടി ആയാണ് ഞാൻ വളർന്നത്. അല്ല. എന്നെ വളർത്തിയത്. ഒരിക്കലും ഞാൻ എന്തിന്റെ പേരിലും പുറകിലാകരുതെന്ന് അച്ഛൻ കരുതിയിരുന്നിരിക്കണം. "നീഗ്രോ" എന്ന  ചേച്ചിയുടെയും അനിയന്റെയും കളിയാക്കലുകളിൽ  പിന്തിരിഞ്ഞു പോകാനാണ്, കരഞ്ഞു തളരാനല്ല എന്നെ അച്ഛൻ പഠിപ്പിച്ചത്. എന്നെ സ്വയം മിനുക്കി  എടുക്കുവാൻ "നീ ഒട്ടും മോശമല്ല. നീ ആണ് പെർഫെക്റ്റ്" എന്ന തോന്നൽ ഉണ്ടാക്കുവാനായി എന്നെ കുറെ നല്ല ചിട്ടകൾ നിർബന്ധപൂർവം പഠിപ്പിച്ചു.ആദ്യമെല്ലാം എനിക്ക് വലിയ വിഷമമായിരുന്നു. ചേച്ചി സുന്ദരിയായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്നു. ഞാൻ കുഞ്ഞു ചെറുപ്പത്തിലേ ഒരുപാടു ഉത്തരവാദിത്വങ്ങളുമായി നടക്കുന്നു. കോയമ്പത്തൂരിൽ നിന്നും അച്ഛൻ വരുമ്പോൾ ചേച്ചി അച്ഛന്റെ തോളിലേക്ക് ചാടിക്കയറി ഇരിക്കുമായിരുന്നു. ആദ്യത്തെ കണ്മണി. അതും അച്ഛന്റെ തനി പകർപ്പായ ചേച്ചിയോടായിരുന്നു അച്ഛനെന്നും ഏറ്റവും ഇഷ്ടം. പുറത്തു പോകുമ്പോൾ ചേച്ചിയെ കൂടെ ചേർത്ത് പിടിച്ചിരുന്നു എന്നും അച്ഛൻ. അച്ഛനോട് കുസൃതി കാണിക്കുവാൻ അവകാശം ചേച്ചിക്ക് മാത്രമായിരുന്നു. എങ്കിലും അച്ഛന് ഏറ്റവും വിശ്വാസം എന്നിലായിരുന്നു. ഞാൻ ഒരിക്കലും അച്ഛനോട് കള്ളം പറഞ്ഞിരുന്നില്ല. അച്ഛൻ പരിശീലിപ്പിച്ച എന്റെ ശീലങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ അപകർഷതാബോധം മാറ്റുവാൻ അച്ഛൻ ശ്രെമിച്ചിരുന്നു.  ഒരിക്കലും ഞാൻ അച്ഛനോട് ഒന്നും ആവശ്യപെട്ടിരുന്നില്ല.എങ്കിലും അച്ഛൻ എനിക്ക് അറിഞ്ഞു തന്നു കുറെ നല്ല ശീലങ്ങൾ. സ്വയം തീരുമാനങ്ങൾ എടുക്കുവാനും, രാത്രിയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുവാനും അച്ഛൻ എനിക്ക് ധൈര്യം തന്നു. അച്ഛൻ എന്നെ കൈ പിടിച്ചു നടത്തിയിട്ടില്ല. പകരം സ്വന്തം വഴി കണ്ടെത്താൻ എനിക്ക് വഴി കാട്ടുകയായിരുന്നു. എന്നിട്ടും എന്നിൽ ബാക്കിയായിരുന്ന ഭയത്തെ അകറ്റുവാൻ , ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എടുക്കേണ്ട തീരുമാനം  എടുക്കുന്നതിനു വൈകിയതിന് അച്ഛൻ എന്നെ ആദ്യമായി അടിച്ചു. അതുവരേക്കും ഒരിക്കൽപോലും അച്ഛൻ എന്നെ അടിച്ചിട്ടില്ല,. അച്ഛന്റെ അഭിമാനമായിരുന്നു ഞാൻ. ആദ്യമായും അവസാനമായും എന്റെ അച്ഛൻ അന്നാണ് എന്നെ അടിച്ചത്. അതിൽ വേദന തോന്നിയില്ല. എന്റെ ഉള്ളിലെ ഭയത്തെ എടുത്തു കളയുവാനായും ധൈര്യത്തേ പുറത്തു കൊണ്ടുവരുവാനും  സഹായിച്ചു.
പിന്നെ അച്ഛൻ എന്നെ വിട്ടുപോയപ്പോൾ എനിക്ക് എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തും സഹിക്കുവാനും ഉറച്ച തീരുമാനങ്ങളെടുക്കുവാനും എന്നെ പഠിപ്പിച്ച അച്ഛനോട് എനിക്കെന്നും ഇഷ്ടമാണ്. പക്ഷെ ഒന്നിനുമാത്രം വിഷമമുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ വിവാഹത്തിന് എന്റെ കൈപിടിച്ച് കൊടുക്കുവാൻ അച്ഛൻ കൂടെ ഉണ്ടായില്ല എന്നത്. അതൊരു തീരാ വിഷമമാണ്. അച്ഛനെ ഞാൻ സ്നേഹിച്ചിട്ടില്ലേ എന്ന് ഇടക്കിടക്ക് തോന്നാറുണ്ട്. അച്ഛൻ എനിക്കൊരു അവസരം നൽകിയില്ലെന്ന തീരാവിഷമം എന്റെ നെഞ്ചിൽ കെട്ടിക്കിടക്കുകയാണ്.

ആരുടേയും മുന്നിൽ തല താഴത്താതെ വളർത്തിയ പല നല്ല ശീലങ്ങളും എനിക്ക് പകർന്നു നൽകിയ അച്ഛന് ശേഷം എനിക്ക് കിട്ടിയ മറ്റൊരു അച്ഛനുണ്ട്. പ്രായം കൊണ്ടും സ്ഥാനം കൊണ്ടും എന്റെ അച്ഛനാകുവാൻ ഇടയില്ലാത്ത ഒരാൾ. അച്ഛൻ പോയതിനു ശേഷം മൂടിക്കെട്ടി വച്ചിരുന്ന എന്റെ മനസ്സിലേക്ക് ചൂഴ്ന്നു നോക്കുവാനും, ഞാനിട്ട മുഖം മൂടി വലിച്ചഴിച്ചു എന്നെ ഞാനാക്കുവാനും എനിക്ക് സ്വന്തമെന്ന തോന്നലുണ്ടാക്കിയും എന്റെ കൂടെ എന്നെ ശാസിച്ചും സ്നേഹിച്ചും വാത്സല്യം കണ്ണിലും നെഞ്ചിലും ഒളിപ്പിച്ചും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നു ഉറപ്പു നൽകിയ ഒരാൾ. ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് അച്ഛൻ എന്റെ കൂടെ ഉണ്ടെന്നു. എന്റെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി സ്വയം കണ്ടെത്തുന്നതിന് എന്നെ പര്യാപ്തയാക്കിയും എന്റെ അച്ഛനായ ഒരാൾ. എന്നാൽ അച്ഛനെന്നു മാത്രം ഞാൻ വിളിക്കില്ല.   ഞാൻ മനസ്സിൽ കെട്ടിവച്ചിരുന്ന എന്റെ അച്ഛനോടുള്ള സ്നേഹം മുഴുവനായി ഞാൻ ഇപ്പോൾ പ്രകടിപ്പിക്കുകയാണ്. നന്നിയുണ്ട് എന്റെ അച്ഛനോട്. എന്നെ ഞാനാക്കിയതിനു. ഞാനായി ജീവിക്കാൻ പഠിപ്പിച്ചതിനു. എന്റെ കൂടെ ഉള്ളതിന്.

2019, ജൂൺ 20, വ്യാഴാഴ്‌ച

അച്ഛൻ

നീയെന്റെ മകളായിരുന്നു ഒരിക്കൽ .....
എന്നെ എന്തിന്റെ പേരിലാണെങ്കിലും നിന്റെ അമ്മയിൽ നിന്നും അടർത്തി മാറ്റിയത് നീയാണ് ...
നിന്നോടെനിക്ക് ക്ഷമിക്കാനാവുമായിരിക്കും. എന്നാൽ ഒരിക്കലും നിന്നെ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കിനിയാവില്ല.
എന്റെ ചുറ്റുമുള്ള പലരിൽ ഒരുവൾ മാത്രമാണ് നീ..
അതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കരുത്..
ഭൂമിയിൽ പിറവിയെടുക്കുന്നതുവരേക്കും നിന്നെ ഞാൻ എന്റെ സ്വന്തമായി കണ്ടു .. എന്നാൽ ഇപ്പോൾ നീ എനിക്ക് അന്യയാണ്. വെറുമൊരു അന്യ..