ബദ്രിനാഥ്
***********
ഭാഗം 2
മഞ്ഞുമാറി വെയില്‍ പരക്കുവാന്‍ തുടങ്ങി..
അവള്‍ പതിയെ തലപൊക്കി..
ഏട്ടാ ദാഹിക്കുന്നുണ്ട്.
ആ....വിശക്കുന്പോഴല്ലേ നീ തല ഉയര്‍ത്തുള്ളൂ..
ഞാനിവിടെ കുറേ നേരമായി ഇതിനെ മേയ്ക്കുന്നു....
നിനക്ക് വല്ല വിചാരവും ഉണ്ടോടീ പരട്ടെ...
ഹെല്‍മറ്റിനകത്തുകൂടി പറഞ്ഞതില്‍ പകുതി കാറ്റുകൊണ്ടുപോയിക്കാണണം..
എന്നാ നീ ഇറങ്ങ്...ഇനി ഞാന്‍ ഓടിക്കാം.
വാശിയോടെയുള്ള അവളുടെ മറുപടി കൃത്യമായി കിട്ടി.
ഹഹഹഹഹ......നേരേ ചൊവ്വേ സൈക്കിള്‍ ഓടിക്കാതെ, ഉരുണ്ട് വീണ നായാണോ ബുള്ളറ്റ് ഓടിക്കണേ....
ഓടടീ പരട്ടേ...
എനിക്ക് ഇത്തവണ മറുപടി കിട്ടിയത് പുറത്തായിരുന്നു.
വെയിലിന് ആക്കം കൂടി വന്നു. റോഡിനിരുവശവും കറുപ്പുകലര്‍ന്ന മണല്‍തരികള്‍ ചുടുകാറ്റില്‍ മുകളിലേക്ക് ഉയര്ന്നു പറന്നു.
എങ്ങിനെയാണാവോ ഇവിടുള്ളവര്‍ ജീവിക്കുന്നത്.
ഓരോ സാഹചര്യങ്ങളല്ലേ അതുപോലെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നത്. കുടുംബങ്ങളെ വിട്ടകന്ന് മണലാരണ്യങ്ങളില്‍ ജോലി ചെയ്യുന്നവരെപ്പോലെ.
കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ കണ്ട പന്പില്‍ കയറ്റി ഇന്ധനം നിറച്ചു.
താഴേക്കിറങ്ങിയ കുഞ്ഞോള്‍ ഇന്ധന വില ചൂണ്ടിക്കാണിച്ച് എന്നോടായി പറഞ്ഞു. കേരളത്തില്‍ വില വര്‍ദ്ധിക്കുന്പോ എന്താണല്ലേ സര്‍ക്കാറിനെ കുറ്റം പറയുന്നത്. ഇവിടുത്തെ കാര്യമൊന്നും ആര്‍ക്കും അറിയില്ലേ ...പുച്ഛത്തോടെയാണ് സംസാരം..
അല്ലെങ്കിലും ഇവള്‍ അങ്ങിനെയാണ്. ചില സമയങ്ങളില്‍ പ്രായത്തിലേറെ പക്വത കാണിക്കുകയും, മറ്റു സമയങ്ങളില്‍ യാതൊന്നുമറിയാത്ത ഒരു ആറുവയസ്സുകാരിയായി ഏട്ടന്‍റെ കയ്യില്‍ തൂങ്ങിനടക്കുകയും ചെയ്യും.
ഇവളെപ്പോഴും എനിക്കൊരത്ഭുതമാണ്. പതിമൂന്ന് വര്‍ഷമായി ഞാനിവളെ കണ്ടുകൊണ്ടിരിക്കുകയാണ്. എന്‍റെ കണ്‍മുന്നിലൂടെ വളരുന്ന ഇവളെന്നുമെനിക്ക് അത്ഭുതമാണ്.
സേലത്തെത്തിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു. വണ്ടി വഴിയില്‍ ഒരു മരത്തിന്‍റെ തണലില്‍ ഒതുക്കി നിര്‍ത്തി ഞാന്‍ അവളോട് എന്തെങ്കിലും കുടിച്ചാലോ എന്ന് ചോദിച്ചു.
മീനമാസത്തിന്‍റെ ചൂട് അതിന്‍റെ പാരമ്യത്തിലെത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ വരേക്കും ക്ഷേത്രം തുറന്നിരിക്കുമെങ്കിലും, കുഞ്ഞോള്‍ടെ സ്കൂള്‍ വെക്കേഷന് കൊണ്ടുപോകാമെന്ന് ബുള്ളറ്റ് വാങ്ങിയപ്പോ ഞാന്‍ കൊടുത്ത വാക്കിനെ ഞാന് ശപിച്ചു.
മറ്റേതു കാലാവസ്ഥയാണെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ ചൂട് മാത്രം സഹിക്കുവാനെനിക്കാവില്ല.
കരിക്കുകളും മൂസന്പികളും നിരത്തിവച്ച ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നും കരിക്ക് വാങ്ങി വരുന്പോഴേക്കും അവള്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നും എന്തൊക്കെയോ സ്നാക്ക്സുകള്‍ വാങ്ങി വലിച്ചുകയറ്റി. എത്ര പറഞ്ഞാലും അവള്‍ക്ക് വഴിയില്‍ കാണുന്ന ഭക്ഷ്യവസ്തുക്കളൊക്കെ പരീക്ഷിക്കണം.
എന്‍റെ ചീത്ത കേള്‍ക്കുന്പോള്‍ ഒന്നും അറിയാത്ത പോലൊരു ചിരിയുണ്ടവള്‍ക്ക്..
അതുകാണുന്പോ എനിക്കും ചിരി വരും. പിന്നെ ഞാനത് പുറത്തു കാണിക്കാതെ, ഗൗരവത്തിന്‍റെ മുഖം മൂടി ഇട്ടങ്ങു നില്‍ക്കും.
അപ്പോ അവളെന്‍റെ മുന്നില്‍ വന്നു നിന്നു പറയും സോറീ ഏട്ടാ..
ഇനിയില്ല...പോരേ....
എനിക്കീ വിശപ്പിന്‍റെ അസുഖം ഉള്ളതുകൊണ്ടല്ലേടാ...
നമ്മളൊക്കെ എന്തിനാ ജീവിക്കണേ..
ഭക്ഷണം കഴിക്കാനല്ലേ.. അപ്പോ എല്ലാ നാട്ടിലും കിട്ടണ വെറൈറ്റികള്‍ കഴിക്കണ്ടേ...
അല്ലെങ്കില്‍ ചത്തുപോവുന്പോ ആത്മാവിന് ശാന്തി കിട്ടില്ലെടാ....
അവള്‍ടെ നിഷ്കളങ്കമായ തട്ടുത്തരം കേള്‍ക്കുന്പോ എന്‍റെ കൈ അവളുടെ ചെവിയിലേക്ക് നീളും.
തീറ്റകാര്യത്തിന് എത്ര പെട്ടന്നാണെന്നോ അവള്‍ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത്..
കുറച്ചുസമയം അവിടെ ചിലവഴിച്ച് ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു.
ഏറെ നേരമായി യാത്രയായതിനാല്‍ ശരീരമാകെ വേദന തോന്നുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെത്തിയാല്‍ അവിടെ സ്റ്റേ ചെയ്ത് തൊട്ടടുത്ത ദിവസം ഹൈദരാബാദിലേക്ക് പുറപ്പെടാമെന്ന് തീരുമാനിച്ചിട്ടുണ്ട്. സേലത്തുനിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ അവളോരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മിക്കതും വഴിയില്‍ കാണുന്ന ആളുകളും കെട്ടിടങ്ങളും,ഭക്ഷ്യ വസ്തുക്കളും അങ്ങിനെ ഓരോന്നും. അവളുടെ കൂടെ ഇരിക്കുന്പോള്‍ ഞാനൊരു യുവാവാണെന്ന് എനിക്ക് തോന്നാറേയില്ല. പതിനഞ്ചാം വയസ്സിലേക്ക് ഞാന്‍ കൂപ്പുകുത്തുകയാണ് പതിവ്. അവളുടെ ഭാവിയെ കുറിച്ച് എനിക്കൊരു പ്ലാനുമില്ല. അവള്‍ക്ക് പണ്ടേയില്ല. എന്‍റെ ആഗ്രഹമെന്താണോ അതാണവളുടേയും. ഇടക്ക് ഇതുപോലെ ചില വട്ടന്‍ ആഗ്രഹങ്ങള്‍ പറയും. അതു ഞാന്‍ സമ്മതിക്കുമെന്നും അവള്‍ക്കറിയാം. ഈ വട്ടന്‍ ഏട്ടന്‍റെയല്ലേ അനിയത്തി.
വഴിയില്‍ രണ്ടുമൂന്നിടത്ത് നിര്‍ത്തി. അവള്‍ക്ക് ബാത്റൂമില്‍ പോവണമായിരുന്നു. എനിക്കും. വണ്ടിയിലും വയറ്റിലും ഇന്ധനമടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവള്‍ക്കെന്തോ കര്‍ണ്ണാടകയിലെ ഭക്ഷണം അത്ര പിടിച്ചില്ല. അല്ലെങ്കില്‍ ഒരു തീറ്റ മല്‍സരം കാണാമായിരുന്നു. നേരം ഇരുട്ടിതുടങ്ങിയിരുന്നു ബാംഗ്ലൂരിലെത്തിയപ്പോള്‍. എന്‍റെ സുഹൃത്തായ മാധവിന്‍റെ ഫ്ളാറ്റിലേക്കാണ് ചെന്നു കയറിയത്. എത്തിയ ഉടനെ അവള്‍ കിടക്കയിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.
അവളുടെ ചെയ്തി കണ്ട് മാധവ് നല്ല ചിരിയായിരുന്നു.
ടീ കുഞ്ഞോളെ എണീറ്റ് കുളിക്കെടീ.. എവിടെ പോത്തിനോട് വേദം ചൊല്ലിയിട്ട് കാര്യമുണ്ടോ.
ഇത്രയും ദൂരം യാത്ര ചെയ്തിട്ട് ഈ പെണ്ണ് കുളിക്കാതെ കിടക്കുവാണോ.
കാലത്തുമുതല്‍ വണ്ടിയിലിരുന്ന് നടു ഒരു വിധമായിട്ടുണ്ട്. ഇനി കഴിക്കാന്‍ എന്തെങ്കിലും വേണ്ടേ..
മാധവും അവന്‍റെ രണ്ടു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ഫ്ളാറ്റ് എടുത്തിട്ടുള്ളത്. അവരേയും എനിക്ക് പരിചയമുണ്ട്. അവര്‍ക്ക് നൈറ്റ് ഷിഫ്റ്റാണെന്ന് മാധവ് പറഞ്ഞിരുന്നു. അവര്‍ മിക്കവാറും ഭക്ഷണം പുറത്തുനിന്നാണത്രേ കഴിക്കാറുള്ളത്. സമയപരിമിതി മൂലം പലപ്പോഴും പാചകം ചെയ്യാന്‍കഴിയാറില്ലത്രേ.
കുളിച്ചിട്ട് പുറത്തുപോയി എന്തെങ്കിലും കഴിക്കാം..
കുളി കഴിഞ്ഞു കുറച്ചുനേരം മാധവുമായി സംസാരിച്ചിരുന്നു. അപ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു.
വിശപ്പിന്‍റെ വിളി അധികരിച്ചപ്പോള്‍ ഞാന്‍ അവളുടെ കയ്യില്‍ തട്ടി വിളിച്ചു.
ടീ കുഞ്ഞോളെ...എണീറ്റേ....
പോയി കുളിച്ചിട്ട് വാ. ദേ ഈ ബെഡ്ഷീറ്റ് ആകെ നാശമായി.
ടീ എണീക്ക്...
കോലം നോക്ക് പാണ്ടി ലോറിക്ക് വൈപ്പര്‍ വച്ചതുപോലെ..
എഴുന്നേറ്റ് പോയി കുളിച്ച് വാ. ഭക്ഷണം കഴിക്കുവാന്‍ പോവാം..
എന്നെ എന്തൊക്കെയോ ചീത്ത വിളിച്ച് അവള്‍ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി.
മടങ്ങിവന്ന അവളേയും കൂട്ടി ഞാനും മാധവും പുറത്തേക്കിറങ്ങി.
അപ്പോള്‍ അവള്‍ക്കൊരാഗ്രഹം... ബിയര്‍പാര്‍ലറില്‍ കയറണമെന്ന്.
അവളെയും കൊണ്ട് അടുത്തു കണ്ട ബിയര്‍പാര്‍ലറില്‍ കയറി. നാട്ടിലെ പോലെ അല്ല. ഒരുപാട് സത്രീകള്‍ അവിടെ വന്നു ഭക്ഷണം കഴിക്കുകയും, മദ്യം കഴിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ മുന്നിലെ ടേബിളില്‍ ഇരുന്ന പെണ്‍കുട്ടികള്‍ മല്‍സരിച്ചുകൊണ്ട് ബിയര്‍ കഴിക്കുകയാണ്. മലയാളത്തിലുള്ള സംസാരം കേട്ട് ഞാന്‍ എത്തി നോക്കിയപ്പോള്‍ മാധവ് പറഞ്ഞു. ഇതിവിടെ സ്ഥിരമാണെന്ന്. നാട്ടില്‍ പഞ്ചപാവങ്ങളായിരിക്കുന്ന പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഇവിടെയെത്തിയാല്‍ പരമാവധി സ്വാതന്ത്ര്യം ആഘോഷിക്കുന്നവരാണെന്ന്.
അപ്പോഴേക്കും ഞങ്ങള്‍ക്കുമുന്നിലും ബിയര്‍ എത്തിയിരുന്നു. ഒപ്പം കുഞ്ഞോള്‍ ഓര്‍ഡര്‍ ചെയ്ത സ്ക്വിഡ് ഫ്രൈയും, സവാളയും പച്ചമുളകും ചെറുനാരങ്ങളും കൊണ്ട് ഭംഗിയില്‍ അലങ്കരിച്ച പോര്‍ക്ക്ഫ്രൈയും എത്തിയിരുന്നു. രാവിലെ യാത്രയുള്ളതിനാല്‍ ഞാന്‍ ഒരു ഗ്ലാസില്‍ നിര്‍ത്തി. കുഞ്ഞോള്‍ ആരേയും നോക്കാതെ ഭക്ഷണം നന്നായി കഴിക്കുന്നുണ്ടായിരുന്നു.
ടീ ഇതൊക്കെ കഴിച്ച് തടിച്ചിപ്പാറു ആയാല്‍ ഞാനിവിടെ കളഞ്ഞിട്ട് പോവുംട്ടാ.. നിനക്കറിയാല്ലോ എനിക്ക് തടിച്ചികളെ ഇഷ്ടമല്ലെന്ന്.
എന്തുട്ടാടാ ഏട്ടാ....നീ നിനക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കും. ഞാന്‍ പട്ടിണി കിടക്കണം ല്ലേ...തടിവെക്കാതെ ഞാന്‍ നോക്കിക്കോളാം ട്ടാ...
പിന്നെ എന്നെ എങ്ങാനും ഉപേക്ഷിച്ചാല്‍ ഞാന്‍ പട്ടിണി കിടന്ന് മരിച്ചു പ്രേതമായി വന്നു നിന്നെ പേടിപ്പിക്കും നോക്കിക്കോ..കുറച്ചു പരിഭവത്തോടെയാണ് അവളുടെ സംസാരം.
ഇവളുടെ സംസാരം കേട്ടാല്‍ തോന്നുമോ എന്നെക്കാള്‍ പതിനഞ്ച് വയസ്സിനിളയതാണെന്ന്. തനി തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും മാത്രമേ കയ്യിലുള്ളൂ.
അല്ലാ എന്നെ പറഞ്ഞാല്‍ മതിയല്ലോ. അവളെ ഇങ്ങനെയാക്കിയത് ഞാനാണല്ലോ.
എന്‍റെയും കുഞ്ഞോളുടേയും സംസാരം കേട്ട് ചിരിയോടെ മാധവ് ഇരുന്നു.
******************************************************************
അറിയുന്ന ഹിന്ദിയിലും ബാക്കി ഇംഗ്ലീഷിലുമായി പരാതിയെഴുതി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കുഞ്ഞോളുടെ ഫോട്ടോയും എന്‍റെ ഫോണ്‍ നന്പറും അതിനൊപ്പം നല്‍കി. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്പോള്‍ ഇനിയെന്ത് എന്നൊരു രൂപവും എനിക്ക് ഇല്ലായിരുന്നു. മതിലിനോട് ചേര്‍ത്തുവച്ച പുറകുവശം ഏകദേശം പൂര്‍ണ്ണമായും തകര്‍ന്ന ബുള്ളറ്റിലേക്ക് നോക്കിയപ്പോള്‍ ഇവിടേക്ക് വരാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു. അവളെ കൂട്ടാതെ നാട്ടിലേക്കൊരു മടക്കം എനിക്കുണ്ടാവില്ല.
കീറി തുടങ്ങിയ ബാഗെടുത്തു അടുത്തുകണ്ട ലോഡ്ജിലേക്ക് നടന്നു. റൂമെടുത്ത് ബാഗും സാധനങ്ങളുമെല്ലാം റൂമില്‍ ഭദ്രമായി വച്ചു. പൂട്ടി കീയുമെടുത്ത് പുറത്തേക്കിറങ്ങി.
പുറത്തെ അസാധ്യമായ തണുപ്പിലും മനസ്സിന്‍റെ വേവില്‍ ശരീരമാകെ ചൂടുപിടിച്ചു. അടുത്തുള്ള ആശുപത്രിയിലും , പുറമേ കണ്ട ചായക്കടകളിലും, പച്ചക്കറികടകളിലും കുഞ്ഞോളുടെ ഫോട്ടോ കാണിച്ച് ഞാന്‍ അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. കോട വന്നു മൂടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വേറെ വഴിയില്ലാതെ റൂമിലേക്ക് തിരിച്ചുനടന്നു. റൂമിലെത്തിയിട്ടും ഒരു മനസ്സമാധാനവുമില്ലാതെ, മല മുകളില്‍ നിന്നും ഉരുണ്ടുവരുന്ന പാറക്കല്ലുകളുടെ കുലുക്കവും, ഏട്ടാ എന്ന കുഞ്ഞോളുടെ ഉച്ചത്തിലുള്ള നിലവിളിയും ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു.
ചിറകിനടിയില്‍കൊണ്ടുനടന്ന കുഞ്ഞിനെ കാണാതായ തള്ളക്കോഴിയുടെ പരിഭ്രാന്തിയോടെ ഞാന്‍ ഉറക്കം നഷ്ടപ്പെട്ട് കട്ടിലില്‍ കൂനിയിരുന്നു. അസ്ഥിപോലും മരവിപ്പിക്കുന്ന തണുപ്പ് കാല്‍വിരലുകളിലൂടെ ദേഹത്തേക്ക് ഇരച്ചുകയറിയപ്പോള്‍ അടഞ്ഞുപോയ കണ്ണുകള്‍ വീണ്ടും തുറന്നു. ഈ തണുപ്പില്‍ എന്‍റെ കുഞ്ഞ്.
അവള്‍ എവിടെയായിരിക്കും. അവള്‍ക്കൊന്നും സംഭവിക്കരുതേ...
തീര്ത്തും നിരീശ്വരവാദിയായ ഞാന്‍ ഇന്നുവരേക്കും കണ്ടതും കേട്ടതുമായ എല്ലാ ദൈവങ്ങളേയും വിളിച്ചു കരഞ്ഞപേക്ഷിച്ചു. ആദര്ശങ്ങളെല്ലാം പറയുവാന്‍ മാത്രമേ നന്നായിരിക്കൂ. സ്വയം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്പോഴാണ് അവയ്ക്ക് യാതൊരു മൂല്യവുമുണ്ടാവില്ലെന്ന് തിരിച്ചറിയുന്നത്. അപ്രകാരമൊരു സാഹചര്യം വരുന്പോള്‍ എന്തിലും വിശ്വാസമര്‍പ്പിക്കുകയും, പ്രാര്ത്ഥിക്കുവാന്‍ പഠിക്കുകയും ചെയ്യും.
എങ്ങനെയോ നേരം വെളുപ്പിച്ചു. മഞ്ഞുമാറി പ്രകാശം പരന്നുതുടങ്ങിയപ്പോള്‍ കുളിച്ചു പുറത്തേക്കിറങ്ങി. അടുത്ത് ഒരു സൗത്ത് ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍ കണ്ടു. അവിടേക്ക് കയറി ഒരു ചായ പറഞ്ഞു. കുടിക്കാന്‍ ചുണ്ടോട് ചേര്‍ത്തപ്പോള്‍ വീണ്ടും അവളെ ഓര്‍മ്മവന്നു. വിശപ്പ് സഹിക്കാനാവാത്ത എന്‍റെ കുഞ്ഞോള്‍. ഒരിറക്ക് ചായ കുടിച്ച് പൈസ കൊടുത്ത് ഞാനിറങ്ങി.
മുന്നില്‍ മഞ്ഞുരുകിയ കുറേ മലകള്‍ കണ്ടു. ഒരു കുന്നിലേക്ക് കോണ്‍ക്രീറ്റ് ചെയ്ത ഒരു ചെറിയ നടപ്പാത കയറി പോവുന്നതുകണ്ടു.
ഏതാനും ആളുകളെയും അവിടെ കണ്ടു.
ബദ്രിനാഥ് ക്ഷേത്രവും, അളകനന്ദാനദിയും കടന്നുവേണം അങ്ങോട്ടേക്ക് പോവുന്നതിന്. അളകനന്ദ കടക്കുന്നതിന് രണ്ടുമൂന്നു തൂക്കുപാലങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അതിലൊന്നിലേക്ക് കയറി നടക്കുവാനാരംഭിച്ചു. അപ്പുറം എന്‍റെ കുഞ്ഞോള്‍ ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ. അപ്പോഴും ചെളികലര്‍ന്ന വെള്ളവുമായി അളകനന്ദ എനിക്കു കീഴെ കുതിച്ചൊഴുകുന്നുണ്ടായിരുന്നു.
*****************************************************************
ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ കിടക്കയിലിരുന്ന് ഒരു പുസ്തകം നിവര്‍ത്തി.
അപ്പോഴേക്കും അവള്‍ എന്‍റെ കയ്യിന്‍റെ ഇടയിലൂടെ നൂണ്ടുകയറി.
എന്തുട്ടാടാ..നാളെ രാവിലെ പോവണ്ടേ..നീ ഇങ്ങനെ വായിച്ചു ഇരുന്നോ..
പുസ്തകം തട്ടിപ്പറിച്ച് മാറ്റി വച്ച് അവള്‍ എന്‍റെ നെഞ്ചിലേക്ക് തലചായ്ച്ചു.
ഇത്തിരിയുള്ള അവളുടെ മുടി ഗുഹാകവാടം പോലുള്ള എന്‍റെ മൂക്കിലേക്ക് കയറിയപ്പോള്‍ ഞാന്‍ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.
ടീ നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നും തലയില്‍ ഷാംപൂ തേക്കല്ലേന്ന്.
പറഞ്ഞാല്‍ കേള്‍ക്കല്ലേട്ടാ..
അല്ലെങ്കിലേ ചെവിക്കുറ്റിക്കൊപ്പമേ മുടിയുള്ളൂ. നാളെ മൊട്ടച്ചി ആവുന്പോ കാണാം.
അവളതൊന്നും കേട്ടതേയില്ല. വലതുകൈകൊണ്ട് എന്‍റെ ടീഷര്‍ട്ടില്‍ മുറുകെ പിടിച്ച് അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചിരുന്നു.
അവളെ എഴുന്നേല്‍പ്പിക്കാതെ പതിയെ ഞാന്‍ താഴേക്ക് ഊര്‍ന്നു ശരിക്ക് കിടന്നു. നിന്‍റെ തലയിലെ പേനെല്ലാം അരിച്ചുഎന്‍റെ തലയിലേക്ക് കയറുമോ എന്തോ എന്ന് അവളുടെ ദേഷ്യം കാണാനായി പറഞ്ഞുവെങ്കിലും അവളുടെ മറുപടി കേള്‍ക്കാതിരുന്നപ്പോള്‍ ഉറക്കത്തിലായെന്ന് മനസ്സിലായി. ഇടതുകൈത്തണ്ടയിലേക്ക് അവളുടെ തല കയറ്റിവച്ച് എന്‍റെ വലം കൈ കൊണ്ട് അവളെ ഇറുക്കി ചേര്‍ത്തുപിടിച്ചു. ഉറക്കത്തില്‍ പോലും അകന്നുപോകാതിരിക്കുവാനെന്നവണ്ണം...
കാത്തിരിക്കൂ....
സ്നേഹപൂര്‍വ്വം..
ശ്രുതി മോഹന്‍