2020, ഫെബ്രുവരി 29, ശനിയാഴ്‌ച

തിരുത്തലുകൾ

തിരുത്തലുകൾ....

അലാം ശബ്ദം കേട്ടു എണീറ്റപ്പോൾ മനസ്സിലേക്ക് ഇന്നത്തെ ഷെഡ്യൂൾ കടന്നു വന്നു.... ഓഫീസിലേക്ക് ക്ലർക്ക് പോസ്റ്റിലേക്ക് നിയമനം നടത്തുന്ന ദിവസമാണ്...
ഒരുപാട് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യണം..... അച്ഛൻ നേരത്തെ ഓഫീസിൽ എത്തിച്ചേരാൻ ആവശ്യപെട്ടിട്ടുണ്ട്....

എണീക്കാൻ നോക്കിയപ്പോൾ തലേ രാത്രി ഉന്മാദാവസ്ഥയിൽ അഴിച്ചെറിഞ്ഞ വസ്ത്രങ്ങൾ ബെഡിനു ചുറ്റും അങ്ങിങ്ങായി ചിതറി കിടക്കുന്നതു കണ്ടു...
ബെഡിൽ എന്നോട് ചേർന്ന് അരക്കെട്ടു വരേയ്ക്കും ബ്ലാങ്കെറ്റിൽ പൊതിഞ്ഞു അർദ്ധനഗ്നയായി കമിഴ്ന്നു കിടക്കുന്ന സ്ത്രീ രൂപത്തെ ഞാൻ പുച്ഛത്തോടെ  നോക്കി....
പതിയെ എഴുന്നേറ്റ് താഴെകിടന്ന ബോക്സർ വലിച്ചു കയറ്റി ബാത്‌റൂമിലേക്ക് നടന്നു....
ഫ്രഷ് ആയി വരുമ്പോഴും അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു....
"അനുപമ ... ഇട്സ് ടൂ ലേറ്റ്..... നീ പോവുന്നില്ലേ...?" ഞാൻ ഒച്ചയിട്ടു...

"ഓഹ്... സോറി രഞ്ജൻ സർ ... എനിക്ക് നല്ല തലവേദന.... ഇന്നലത്തെ ഡ്രിങ്ക്സിന്റെ ആവണം.....സർ പോയതിനു ശേഷം  ഞാൻ പൊക്കോളാം...." കണ്ണ് തുറക്കാതെ അത്രയും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു.....

കീയും പണവും  അവൾക്ക് നേരെ എറിഞ്ഞു ഞാൻ പുറത്തേക്ക് നടന്നു...

ഞാൻ നിരഞ്ജൻ... കോളേജ് കാലത്ത് ഞാൻ പ്രണയിച്ചിരുന്നവൾ എന്നേക്കാൾ സാമ്പത്തികമുള്ള മറ്റൊരുത്തനെ കണ്ടപ്പോൾ എന്നോട് ബൈ പറഞ്ഞു അയാളെ വിവാഹം കഴിച്ചപ്പോൾ മുതലാണ്  സ്ത്രീകളോട് എനിക്ക് വെറുപ്പ് തുടങ്ങിയത്.... പിന്നീട് പണം നൽകി ഓരോ രാത്രിയിലും ഞാൻ  വിലക്കെടുക്കുന്ന സ്ത്രീ ശരീരങ്ങളോട്,  അവളടക്കമുള്ള സ്ത്രീകളോടുള്ള വെറുപ്പാണ് ഞാൻ പ്രകടിപ്പിച്ചിരുന്നത്....

ഇവൾ ഈയിടെ അടുത്തു കൂടിയതാണ്... മറ്റു സ്ത്രീകളെ പോലെ അല്ല.... ഇവൾ.... ഇവളുടെ ആഗ്രഹങ്ങളെ വക വെക്കാത്ത ഭർത്താവിനോടുള്ള വെറുപ്പ് ആണ് ഇവളെ എന്റെ ബെഡിലേക്ക് എത്തിച്ചത്....
എന്നു കരുതി അവൾക്ക് ഞാൻ കൊടുക്കുന്ന പണത്തിൽ കുറവ് ഒന്നും വരുത്താറില്ല...... അവളോടെനിക്ക് കാമത്തെക്കാൾ അപ്പുറമായി മറ്റൊരു വികാരവുമില്ല.......

ഇന്നലെ സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി കഴിഞ്ഞു ഇവൾക്കൊപ്പമാണ് ഫ്ലാറ്റിലേക്ക് വന്നത്..... ഇന്നലത്തെ അവളുടെ പ്രകടനങ്ങൾ മനസിലേക്ക് കടന്നു വന്നപ്പോൾ സ്ത്രീകളോടുള്ള എന്റെ വെറുപ്പ് വീണ്ടും കൂടി...

ഓഫീസിൽ എത്തി ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു ക്യാബിനിൽ എത്തിയപ്പോൾ അച്ഛന്റെ കാൾ വന്നു.... ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് ചെല്ലാൻ ആവശ്യപെട്ടു... ആദ്യത്തെ മൂന്നുപേരുടെയും സർട്ടിഫിക്കറ്റുകളും റെസ്യുമെയും തീർത്തും നിരാശാജനകമായിരുന്നു.... നാലാമതായി കടന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയായിരുന്നു....
വെളുത്തു മെലിഞ്ഞു ഇരുപത് വയസോളം പ്രായമുണ്ടാകും... വയർ ഗർഭിണികളെ പോലെ കുറച്ചു വീർത്തു നില്പുണ്ട്... എന്നാൽ വിവാഹിതയാണെന്നതിന്റെ യാതൊരു അടയാളവും കാണാനുമില്ല...

അവൾ സീറ്റിലേക്കിരുന്നു സർട്ടിഫിക്കറ്റ്സ്‌ എനിക്ക് നൽകി... പേര് മാനസ... വയസ് 21 റെസ്യുമെ പരിശോധിച്ചപ്പോൾ അവിവാഹിത എന്നു കണ്ടപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു.... "വിവാഹിത അല്ലെ? "....
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
"അല്ല സർ "
"നിങ്ങൾ പ്രെഗ്നന്റ് ആണോ"
ഞാൻ കുറച്ചു സംശയത്തോടെ ചോദിച്ചു...
"അതേ സർ.....ഞാൻ പ്രെഗ്നന്റ് ആണ്... എന്നാൽ വിവാഹിത അല്ല.... അത് മാത്രമല്ല... ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് എനിക്ക് അറിയില്ല.... "
അവൾ സംശയലേശമന്യേ പറഞ്ഞു...

എന്റെ മുഖത്ത് പുച്ഛം തെളിഞ്ഞു....
"സോറി തനിക്ക് ഈ ജോലി നൽകാനാവില്ല.... ആവശ്യമുള്ള യോഗ്യതകൾ എല്ലാം തനിക്കുണ്ട്... പക്ഷെ തന്നെപോലെ മോശം സ്വഭാവമുള്ള ഒരു പെണ്ണിനെ ജോലിക്കെടുക്കേണ്ട ഗതികേട് ഈ സ്ഥാപനത്തിനില്ല...'

"സർ മാന്യമായി സംസാരിക്കണം.... ഞാൻ അവിവാഹിതയാണ്.... പ്രെഗ്നന്റുമാണ്.... എന്നാൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാണിക്കാൻ ഒരാൾ ഇല്ല.... അങ്ങനെ ഒരാളെ എനിക്കറിയില്ല.... ഇരുളിൽ കാമർത്തിപൂണ്ടു എന്റെ ശരീരം കടിച്ചു കുടഞ്ഞ ചെന്നായ്ക്കളുടെ നിഴലുകൾ മാത്രമേ എന്റെ കണ്ണിലുള്ളൂ.... അവർ തിരിച്ചറിയൽ കാർഡ് നൽകിയിരുന്നില്ല എനിക്ക്,  എന്നെങ്കിലും മുന്നിൽ ചെന്നാൽ തിരിച്ചറിയാൻ....

അവരിലാരുടെയോ ബീജമെന്നിൽ ഒരു ജീവനായപ്പോൾ എന്തുകൊണ്ടോ കൊന്നുകളയാനായില്ല....
അതാണോ ഞാൻ ചെയ്ത തെറ്റ്....?  നിങ്ങൾ എന്നിൽ കാണുന്ന കുറവ്....?

ശരിയാണ്.... അവിവാഹിതയായ ഞാൻ ഗർഭത്തിൽ ചുമക്കുന്നത് ഒരു തെറ്റിനെയാവാം... എന്നാൽ എനിക്കീ തെറ്റിനെ കൊന്നുകളയാനായില്ല.... ഹാഷ്ടാഗുകളിലൂടെയുള്ള ആശ്വസിപ്പിക്കലുകളും,  മുറവിളി കൂട്ടലുകളും അടങ്ങിയപ്പോൾ ഉറ്റവരും സമൂഹവും എന്നെ കണ്ടത് കേവലം സഹതാപത്തോടെ മാത്രമായിരുന്നില്ല....

തീർത്തും ഒറ്റപെട്ടുപോയ എനിക്ക് ജീവിക്കാനുള്ള ഏക പിടിവള്ളിയാണ് ഇന്നെന്റെ ഉദരത്തിൽ....
താങ്കൾക്ക് എനിക്ക് ജോലി നൽകാതിരിക്കാം.... എന്നാൽ അതിനു എനിക്ക് യോഗ്യത ഇല്ലെന്ന് താങ്കൾ പറഞ്ഞ കാരണമുണ്ടല്ലോ.... അത് ഞാൻ സമ്മതിച്ചു നൽകില്ല..... സോറി സർ.. ഞാൻ പോകുന്നു.... "
സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി എഴുന്നേറ്റ അവളെ ഞാൻ അത്ഭുതത്തോടെ നോക്കി... ക്യാബിൻ ഡോർ തുറന്നു അവൾ പുറത്തേക്കിറങ്ങുമ്പോൾ എന്റെ ഹൃദയത്തിൽ അവൾ സ്ഥാനമുറപ്പിച്ചിരുന്നു...
കേവലം പണത്തിനു വേണ്ടിയും കാമത്തിന് വേണ്ടിയും അലയുന്ന,  ഞാൻ ഇന്നുവരെ കണ്ട പെൺ ശരീരങ്ങളൊന്നും സ്ത്രീകളല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു....
ആർത്തി മൂത്തു ഭ്രാന്തായവർ കടിച്ചു കുടഞ്ഞിട്ടും അവരിലാരുടെയോ ജീവൻ സ്വന്തം ഉദരത്തിൽ മുളപൊട്ടിയപ്പോൾ അതിനെ സംരക്ഷിച്ചു കൊണ്ട്... പ്രായത്തിലേറെ പക്വത കൊണ്ട് ജീവിതത്തോട് മത്സരിക്കുന്ന പെണ്ണ് ... ഇവളെനിക്ക് ഒരു അത്ഭുതമാണ്....
ഞാൻ ഇന്നുവരെ കണ്ടതൊന്നുമല്ല പെണ്ണ്.... ഇവളാണ് പെണ്ണ്... എന്നെന്റെ മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു.... മറ്റൊരാൾക്കും നൽകാതെ ഹൃദയത്തിൽ പൂട്ടിവച്ച എന്റെ പ്രണയം ഞാൻ അറിയാതെ പുറത്തേക്ക് വന്നു.... ഞാൻ വർഷങ്ങൾക്കു ശേഷം നിറഞ്ഞ മനസ്സോടെ ഒരു പെണ്ണിനെ തിരികെ വിളിച്ചു... ജോലിയിലേക്ക് മാത്രമല്ല.... ജീവിതത്തിലേക്ക് കൂടി....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ