ബദ്രിനാഥ്
***********
കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും , മൊബൈര്‍ ചാര്‍ജ്ജറും ടോര്‍ച്ചും ബാക്ക്പാക്കില്‍ കുത്തി am നിറക്കവെ, എന്‍റെ പുറകില്‍ ഒരു ചവിട്ടു കിട്ടി. ഞാന്‍ ഒരു വശത്തേക്ക് ചരിഞ്ഞപ്പോള്‍ ബാഗിലെ വസ്ത്രങ്ങള്‍ താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞ് കിടക്കയില്‍ ഒരു യുദ്ധം നടത്തുകയാണവള്‍.
ഇടിക്കെടാ ഏട്ടാ അവനെ....അവന്‍റെ പല്ലിടിച്ചു കൊഴിക്ക്.. അവള്‍ ഉറക്കത്തില്‍ അസ്പഷ്ടമായി പറഞ്ഞുകൊണ്ടിരുന്നു.
എന്‍റെ മുഖത്തൊരു ചിരി വിരിഞ്ഞു. കുഞ്ഞോളെ...ടീ എണീക്ക് പോവണ്ടേ...ദേ ഇങ്ങനെ കിടന്നാല്‍ ഞാന്‍ ഒറ്റക്കങ്ങ് പോവും... ഞാന്‍ അവളുടെ തോളില്‍ പിടിച്ചു കുലുക്കികൊണ്ടു പറഞ്ഞു.
അവള്‍ പാതി മയക്കത്തില്‍ എഴുന്നേറ്റിരുന്നു. പോവാറായോടാ ഏട്ടാ.... നമ്മള് നമ്മുടെ പടക്കുതിരയിലല്ലേ പോവണേ...അപ്പോ കൊറച്ച് നേരം കൂടി കഴിഞ്ഞാലും കൊഴപ്പല്യാല്ലോ.. ഒരു പത്തു മിനിറ്റ് കൂടി ടാ...അവള്‍ ഇരുന്ന് ഉറങ്ങി തുടങ്ങി.
ടീ പെണ്ണേ....എണീക്കെടീ....ഞാന്‍ ദേ തലയിലൂടെ വെള്ളം ഒഴിക്കുന്ന വരെ ഇണ്ടാവും ട്ടാ....
ഓോോ......അവള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കിടക്കയില്‍ നിന്നും താഴോട്ടിറങ്ങി. ബെഡ്ഷീറ്റ് കിടക്കയില്‍ നിന്നും തറയിലേക്ക് ഊര്‍ന്നുവീണു. അതൊന്നും കാര്യമാക്കാതെ അവള്‍ ബാത്റൂമിലേക്ക് നടന്നു.
ഈ പെണ്ണിനെ കൊണ്ട് തോറ്റു. ഇവളെന്നാണൊന്ന് നന്നാവാ..... ബെഡ്ഷീറ്റ് എടുത്ത് കട്ടിലിലേക്കിട്ട് ഞാന്‍ പിറുപിറുത്തു.
നീ പോടാ പരട്ട ഏട്ടാ...ആദ്യം നീ നന്നാവെടാ... ബാത്റൂമിലേക്ക് പോകവേ അവള്‍ വിളിച്ചുപറഞ്ഞു.
******************************************************************
അവള്‍ എന്‍റെ കുഞ്ഞോള്‍....
എന്‍റെ അച്ഛനും അമ്മയ്ക്കും ഞാന്‍ ജനിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ചവള്‍....പ്രസവത്തോടെ അമ്മ മരണപ്പെട്ടപ്പോള്‍ അമ്മയെ അതിയായി സ്നേഹിച്ച അച്ഛന് വലിയൊരാഘാതമായിരുന്നു. പിന്നീട് അതികകാലം അച്ഛനുമുണ്ടായില്ല.
ഇവളെ ഞാനെന്‍റെ മകളായി സ്നേഹിച്ചു. മാതാപിതാക്കളുടെ സ്നേഹവും, ഏട്ടന്‍റെ പിന്തുണയും എല്ലാം നല്‍കി എന്‍റെ കയ്യില്‍ കിടന്നവള്‍ വളര്‍ന്നു. അവളുടെ അച്ഛനും അമ്മയും ഏട്ടനും എല്ലാം ഞാനാണ്. എന്‍റെ വളര്‍ത്തുഗുണത്തിനെ പറയിപ്പിക്കുവാനായി എല്ലാ കുറുന്പുകളും അവള്‍ക്കുണ്ട്. എന്നും സ്കൂളില്‍ തല്ലുണ്ടാക്കിയും, വഴിയില്‍ കാണുന്ന മരത്തിന് കല്ലെറിഞ്ഞും, ആളുകളെ കളിയാക്കിയും എനിക്ക് ചീത്ത വാങ്ങിതരുന്നതാണവളുടെ സ്ഥിരം ജോലി. പതിമൂന്ന് വയസ്സായിട്ടും അവളുടെ കുറുന്പിനും തല്ലുകൊള്ളിത്തരത്തിനും ഇന്നും ഒരു കുറവുമില്ല. അവളുടെ കുറുന്പ് കണ്ട് അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടികള്‍ ഇങ്ങനെയാവും, ഇതെന്താ സാധനം പെണ്‍കുട്ടി തന്നെയാണോ
എന്ന് നാട്ടുകാര് പറയുന്പോള്‍ അവരോട് വഴക്കിട്ട് കയറി വന്ന് കുഞ്ഞോളെ രണ്ട് ചീത്ത വിളിച്ചാല്‍ കണ്ണുനിറച്ചൊരു നോട്ടമുണ്ട്. അതില്‍ എന്‍റെ എല്ലാ ദേഷ്യവും വിഷമവും ഒഴുകിപോവും.
അവളുടെ കണ്ണ് നിറഞ്ഞാല്‍ പിടക്കുന്നതെന്‍റെ ഹൃദയമാണ്. അതെങ്ങിനെയാ..എന്‍റെ മകളല്ലേ അവള്‍...
എനിക്ക് മാത്രം അവകാശപ്പെട്ടവള്‍....
അവളുടെ പത്താം വയസ്സിലാണ് അവള്‍ ബദ്രിനാഥിലേക്ക് പോകണമെന്ന് ഒരാഗ്രഹം തമാശരൂപേണ എന്നോട് പറഞ്ഞത്. എന്‍റെ കുഞ്ഞോളല്ലേ.
അവളെന്ത് പറഞ്ഞാലും ഞാന്‍ സാധിച്ചുകൊടുക്കും.
അപ്പോഴുണ്ട് അവളുടെ അടുത്ത ആഗ്രഹം.
മറ്റൊന്നുമല്ല.
അവള്‍ക്ക് ബുള്ളറ്റില്‍ വേണം ബദ്രിനാഥില്‍ പോവാനത്രേ...
അതുകേട്ടപ്പോള്‍ ഞാന്‍ ദൃതംഗപുളകിതനായി ....
വേറെ ഒന്നുമല്ല. അവളുടെ ബുള്ളറ്റിന്‍റെ ഡ്രൈവര്‍ ഞാനാണല്ലോ ...സംഗതി എന്തായാലും പറഞ്ഞതെന്‍റെ കുഞ്ഞോളാണ്.
ബുള്ളറ്റ് വാങ്ങട്ടെ മോള...നമുക്ക് പോവാം....ഞാനും സമ്മതിച്ചു.
ഇന്നിപ്പോ ദേ ഞങ്ങള്‍ യാത്രക്കൊരുങ്ങുകയാണ്.
************************************************************
കുളിച്ചെന്നുവരുത്തി ബാത്റൂമില്‍ നിന്നും ഇറങ്ങിവന്ന അവളുടെ തലമുടിയില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.
എന്തിനാ കുഞ്ഞോളെ നീ തല കുളിച്ചെ....ഈ തണുപ്പത്ത് ഇനി ജലദോഷം വരുത്തി വെക്കാനാണോ....
ആഹ്.......കുളിച്ചില്ലേല്‍ അടുത്ത് നിര്‍ത്തില്ല. കുളിച്ചാല്‍ കുറ്റോം പറയും. നിന്നെകൊണ്ട് തോറ്റല്ലോടാ....
അവള്‍ പരിഭവിച്ചു.
ഞാന്‍ തോര്‍ത്തെടുത്ത് അവളുടെ തല നന്നായി തുവര്‍ത്തി. ഹെയര്‍ ഡ്രയര്‍ എടുത്ത് മുടിയുണക്കി.
എന്‍റെ വളര്‍ത്തു ഗുണമായതിനാല്‍ അവള്‍ക്ക് കുറച്ചു മുടിയേ ഉള്ളൂ...
അവള്‍ വേഗം വസ്ത്രം മാറി വന്നു.
ഭക്ഷണം കഴിക്കാനൊന്നും നില്‍ക്കാതെ ഞാന്‍ അവളേയും കൂട്ടി പുറത്തേക്ക് നടന്നു. പുറത്തിരുന്ന ഞങ്ങളുടെ പടക്കുതിരയില്‍ ഒരു ബാഗ് വച്ചുകെട്ടി. മറ്റൊന്ന് അവള്‍ പുറത്തിട്ടു. അവളുടെ തലയിലെ ക്യാപ് ശരിയാക്കി ഞാന്‍ ബുള്ളറ്റില്‍ കയറി ഇരുന്നു. വീടിനു ടാറ്റാ കൊടുത്ത് അവള്‍ എന്‍റെ പുറകിലേക്ക് കയറി ഇരുന്നു പറഞ്ഞു. പോവാം ഏട്ടാ.......
*********************************************************
അങ്ങനെ ഞങ്ങള്‍ ബദ്രിനാഥിലേക്ക് യാത്ര ആരംഭിക്കുകയാണ്. ഹെല്‍മറ്റ് വച്ചിട്ടുണ്ടെങ്കിലും തണുത്ത കാറ്റടിച്ച് കണ്ണില്‍ നിന്നും വെള്ളം ഇരുവശത്തേക്കും ഒഴുകി...
പുലര്‍ച്ചെ തണുപ്പത്ത് ഇതുപോലുള്ള യാത്രകള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമാണ്.
ഇടക്ക് ഉറങ്ങികൊണ്ടിരിക്കുന്പോഴാവും അവള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് പുറത്തുപോകണമെന്ന ആഗ്രഹം പറയുന്നത്. ആദ്യം അവളെ കുറേ ചീത്ത വിളിക്കുമെങ്കിലും പെണ്ണിന്‍റെ വാശി അറിയാവുന്നതുകൊണ്ട് ഞാനെണീറ്റ് പോവുകയാണ് പതിവ്.
പക്ഷേ ആ യാത്രകള്‍ എല്ലാം വളരെ മനോഹരങ്ങളായിരുന്നു. പ്രകൃതിയെ അറിഞ്ഞ് തണുത്ത ശുദ്ധവായു ശ്വസിച്ച്.....എങ്ങോട്ടെന്നില്ലാതെ........
രാവിലെ ഏഴുമണിയോടെ കോയന്പത്തൂരിലെത്തി....
അവള്‍ എന്‍റെ പുറകില്‍ തലചാരിയിരുന്ന് ഉറങ്ങുകയാണ്.
ഏറെ നേരമായ യാത്രയായതിനാല്‍ ഞാന്‍ ആദ്യം കണ്ട ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്തി.
കുഞ്ഞോളെ .... ടീ എണീക്ക്...
അവള്‍ കണ്ണുതിരുമ്മി എണീറ്റു..
എന്താ ഏട്ടാ എത്തിയോ....
അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിയും ദേഷ്യവും ഒന്നിച്ച് വന്നു.
ഇറങ്ങ് മോളെ...വല്ലതും കഴിച്ച് പോകാം....
എനിക്ക് വിശക്കണില്ലെടാ....
നിനക്ക് വിശക്കില്ല...പക്ഷേ എനിക്ക് നല്ല വിശപ്പുണ്ട്..ഞാന്‍ അവളേയും കൂട്ടി ഹോട്ടലിനകത്തേക്ക് കയറി. ഏഴുമണിയേ ആയിട്ടുള്ളൂ..ഹോട്ടലില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.
ദോശയുടെ പകുതി വലുപ്പമുള്ള ഇഡ്ഡലിയാണ് കിട്ടിയത്. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞോളുടെ പ്ലേറ്റ് കാലിയായിരുന്നു.
തീരെ വിശപ്പില്ലാല്ലേ......
ഞാന്‍ അവളെ കളിയാക്കി.
രാവിലെ പഴങ്കഞ്ഞി കഴിച്ച് ശീലിച്ച എന്നെകൊണ്ട് ഇഡ്ഡലി കഴിപ്പിച്ച കുഞ്ഞോളോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ഞാന്‍ രണ്ട് ഇഡ്ഡലി കൂടുതല്‍ കഴിച്ചു. എന്താണെങ്കിലും തമിഴ്നാട്ടിലെ സാന്പാറിന്‍റെ ഒരു മണോം ടേസ്റ്റും ഉണ്ടല്ലോ.....ഹോ....
സൂപ്പറാ....
ഭക്ഷണം കഴിച്ച് ടോയ്ലറ്റില്‍ പോയി വന്ന അവളേയും കൂട്ടി ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു.
യാത്രയില്‍ മനസ്സുനിറയെ എന്‍റെ കുഞ്ഞോള്‍ടെ ആഗ്രഹം നടത്തുകയാണെന്ന സന്തോഷമായിരുന്നു. ട്രെയിനില്‍ പോകുന്നതാണ് സേഫ് എന്നറിയാമെങ്കിലും , എന്‍റെ മോള്‍ടെ ആഗ്രഹം കൊണ്ട് മാത്രമാണ് ഈ ഒരു റിസ്ക് എടുത്തിട്ടുള്ളത്. എന്‍റെ പുറകില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന അവളെ കുറിച്ചുള്ള ഓരോ ചിന്തകളും എന്‍റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. അവളുടെ സൂപ്പര്‍ ഹീറോ ഞാനാണ്. അവളോട് എന്തിനെ കുറിച്ച് ചോദിച്ചാലും ഇഷ്ടങ്ങള്‍ അന്വേഷിച്ചാലും ഒടുവില്‍ എന്നിലേക്കാണ് എത്താറുള്ളത്. അപ്പോള്‍ അവള്‍ പറയുന്ന ഡയലോഗാണ് ....എന്‍റെ സൂപ്പര്‍ ഹീറോ ആണ് ഏട്ടന്‍ന്ന്..............
*********************************************************
പോലീസ് സ്റ്റേഷനു മുന്നിലെ ബെഞ്ചില്‍ ഇരുവശത്തുമായി കൈകള്‍ ഊന്നി താഴേക്ക് നോക്കിയിരിക്കെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
കുഞ്ഞോള്‍ക്ക് ഒരിക്കലും കാണുവാന്‍ ആഗ്രഹമില്ലാത്ത എന്‍റെ കണ്ണുനീര്‍.....
ധരിച്ചിരുന്ന സ്വെറ്റര്‍ ഉയര്‍ത്തി പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഫോണ്‍ കയ്യിലെടുത്തു. വാള്‍പേപ്പറില്‍ മൂക്കിനു താഴെ കണ്‍മഷിയാല്‍ മീശ വരച്ചു ചിരിച്ചു നില്‍ക്കുന്ന കുഞ്ഞോളുടെ ഫോട്ടോയിലേക്ക് നോക്കുന്പോള്‍ ഹൃദയം തകരുന്നതുപോലെയാണ് തോന്നുന്നത്.
വിരല്‍കൊണ്ട് അവളുടെ ഫോട്ടോക്ക് മീതെ തഴുകികൊണ്ട് ഞാന്‍ ചോദിച്ചു.. കുഞ്ഞോളെ നീ എവിടെയാ.....
പുറത്തുവന്നു നിന്ന പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി അകത്തേക്ക് പോയ ഇന്‍സ്പെക്ടര്‍ സിവില്‍ പോലീസ് ഓഫീസറോട് ചോദിച്ചു.
വഹ് വഹാം കിസ് ലിയേ ബേഠാ ഹേ..
( അയാളെന്താ അവിടെ ഇരിക്കുന്നത്)
സര് ഉ്സ്കി ബഹന്‍ ഭീ ആജ് കീ ഭുസ്ക്കലാന്‍ മേ ലാപ്താ ഹേ.
( സര്‍ ഇന്നുണ്ടായ മണ്ണിടിച്ചിലില്‍ അയാളുടെ സഹോദരിയെയും കാണാതായിട്ടുണ്ട്.)
ഹ്മ്മ്....ഉസേ ഏക് ശികായത് ലിഖേ ഓര്‍ ഉസ് ചോട്നേ കേലിയേ കഹേ....
(ഹ്മ്മ്മ്....അയാളോട് പരാതി എഴുതി നല്‍കി പൊയ്ക്കൊള്ളാന്‍ പറയ്)
ഉന്ഹേം ബതായേ കീ ആപ്കോ ജാന‍്കാരീ മില്‍നേ പര്‍ മേ ആപ്കോ ബതാ സക്താഹൂം.
(വിവരം ലഭിക്കുന്പോള്‍ അറിയിക്കാമെന്ന് പറയ്)
യെസ് സര്‍.....
ഫിര്‍ അപ്നാ മൊബൈല്‍ നന്പര്‍ ഭി ലിഖ്നാ ന ബൂലേ...
( ഹാ പിന്നേ അയാളുടെ മൊബൈല്‍ നന്പറും എഴുതി വാങ്ങിക്കോ ....മറക്കണ്ട)
ഹാം സര്‍
പുറത്തിറങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ തൊപ്പി അഴിച്ച് കയ്യില്‍ പിടിച്ച് എന്‍റെ അരികിലേക്ക് വന്നു. അയാള്‍ അരികില്‍ എത്തിയത് പോലും അറിയാത്ത വിധം ഫോണിലേക്ക് ഉറ്റുനോക്കിയിരുന്ന എന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി റൂള്‍ തടികൊണ്ട് ബെഞ്ചിന്‍റെ കയ്യില്‍ തട്ടി.
ശബ്ദം കേട്ട് കണ്ണുയര്‍ത്തിയ ഞാന്‍ പോലീസുകാരനെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റു.
കോയീ ബീ ജാന്‍കാരീ.....സര്‍ ....
(സര്‍ എന്തെങ്കിലും വിവരം )
സര്‍, മേരീ ബഹന്‍ കേ ബാരേ മേ കോയീ ജാന്‍കാരീ മിലാ ക്യാ ആപ്കോ.....വഹ് മലയാളം ചോട്കേ ഓര്‍ കോയീ ഭാഷ നഹീ ജാന്‍തീ...
(സര്‍ എന്‍റെ സഹോദരിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ....അവള്‍ക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിഞ്ഞുകൂടാ...)
ഞാന്‍ നിര്‍ത്താതെ പറഞ്ഞപ്പോള്‍ അയാള്‍ കയ്യെടുത്തു വിലക്കി..
ഏക് ശിഖായത് ലിഖേ ജാവോ...ഓര്‍ ഇസ്കേ ബാരേ മേ കുച് പതാ ചല്‍ ഗയാ തോ മേ ആപ്കോ ബതാവൂംഗാ ഓര്‍ ചോട്ദീ....ജാന്‍കാരീ മില്‍നേ പര്‍ ബതാദൂം...
(താന്‍ ഒരു പരാതി എഴുതി നല്‍കി പൊക്കോള്ളൂ...വിവരം ലഭിച്ചാല്‍ ഞങ്ങള്‍ അറിയിക്കാം..)
സര്‍......
യേ ഇദര്‍ ഹമേശാ ഹോനേ രക്താ ഹേ...ഭുസ്ക്കലാന്‍ ഓര്‍ ഗയബ് ഹുയേ ലോഗ്...കബീ കബീ ഏക് ഭുസിക്കലന്‍ ഹോതാ ഹേ ഇസ് മേ ഗാഡീ ബീ ഗയാബ് ഹോതാ ഹേ....
ലംബീ ദൂരീ പര്‍ ഭുസ്ക്കലന്‍ കേ കാരണ്‍ പൂരാ റോഡ് ബി ബ്ലോക്ക് ഹോ ജാത്താ ഹേ...
(ഇതിവിടെ സ്ഥിരം പതിവാണ്. മണ്ണിടിയുന്നതും, ആളുകളെ കാണാതാവുന്നതും. ചിലപ്പോഴെല്ലാം വാഹനങ്ങളടക്കം മണ്ണിടിയുന്നതില്‍പ്പെടാറുണ്ട്. വളരെ ദൂരം മണ്ണിടിയുന്നതിനാല്‍ റോഡ് വരെ ഇടക്കിടെ ബ്ലോക്കാവാറുണ്ട്.)
ജബ് ഏക് ചോട്ടീ ബച്ചേ കോ ലാനേ കീ ബാത് ആതേ ഹേ, തോ ജഗഹ് കീ അച്ഛീ സമജ് ഹോനാ ജരൂരി ഹൈ..
(ചെറിയ കുട്ടിയെ കൂട്ടികൊണ്ടുവരുന്പോള്‍ വരുന്ന സ്ഥലത്തിനെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുവേണ്ടേ വരുന്നതിന്)
അയാള്‍ കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു.
ആപ് ചലേ ജാവോ, ഇസ്കി ബാരേ മേ കുച് പതാ ചലാ തോ ഹം ആപ്കോ ബതാവൂംഗാ...ശിഖായത് മേ അപ്നാ മൊബൈല്‍ നന്പര്‍ ലിഖേ...
(താന്‍ പൊയ്ക്കോളൂ. വിവരം കിട്ടിയാല്‍ ഞങ്ങള്‍ അറിയിക്കും. മൊബൈല്‍ നന്പര്‍ കൂടി പരാതിയില്‍എഴുതി ചേര്‍ത്തോളൂ.)
അയാള്‍ പറഞ്ഞുനിര്‍ത്തി അകത്തേക്ക് നടന്നു.
തീര്‍ത്തും തനിച്ചായതുപോലെ, ഇനിയെന്ത് എന്ന ചോദ്യവുമായി ഞാന്‍ തരിച്ചുനിന്നു..
കാത്തിരിക്കൂ.....
സ്നേഹപൂര്‍വ്വം ശ്രുതി മോഹന്‍
(ഇത് ഒരു ശ്രമം ആണ്...സഹോദരബന്ധങ്ങളുടെ ആഴവും വ്യാപ്തിയും അളക്കുന്നതിന് ഏതാനും ഭാഗങ്ങള്‍ മാത്രമായുള്ള കുഞ്ഞു കഥ..
ഹിന്ദി ഭാഷയില്‍ വലിയ പ്രാവീണ്യമില്ല. എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ക്ഷമിക്കണേ..തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഹിന്ദി ഒഴിവാക്കുന്നതിന് ശ്രമിക്കാം.)
കടപ്പാട് കുഞ്ഞോളുടെ ഏട്ടന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ