2021, ജനുവരി 18, തിങ്കളാഴ്‌ച

ബദ്രിനാഥ്‌ *2*2

ബദ്രിനാഥ്

***********

ഭാഗം 2

മഞ്ഞുമാറി വെയില്‍ പരക്കുവാന്‍ തുടങ്ങി..

അവള്‍ പതിയെ തലപൊക്കി..

ഏട്ടാ ദാഹിക്കുന്നുണ്ട്.

ആ....വിശക്കുന്പോഴല്ലേ നീ തല ഉയര്‍ത്തുള്ളൂ..

ഞാനിവിടെ കുറേ നേരമായി ഇതിനെ മേയ്ക്കുന്നു....

നിനക്ക് വല്ല വിചാരവും ഉണ്ടോടീ പരട്ടെ...

ഹെല്‍മറ്റിനകത്തുകൂടി പറഞ്ഞതില്‍ പകുതി കാറ്റുകൊണ്ടുപോയിക്കാണണം..

എന്നാ നീ ഇറങ്ങ്...ഇനി ഞാന്‍ ഓടിക്കാം. 

വാശിയോടെയുള്ള അവളുടെ മറുപടി കൃത്യമായി കിട്ടി. 

ഹഹഹഹഹ......നേരേ ചൊവ്വേ സൈക്കിള്‍ ഓടിക്കാതെ, ഉരുണ്ട് വീണ നായാണോ ബുള്ളറ്റ് ഓടിക്കണേ....

ഓടടീ പരട്ടേ...

എനിക്ക് ഇത്തവണ മറുപടി കിട്ടിയത് പുറത്തായിരുന്നു. 

വെയിലിന് ആക്കം കൂടി വന്നു. റോഡിനിരുവശവും കറുപ്പുകലര്‍ന്ന മണല്‍തരികള്‍ ചുടുകാറ്റില്‍ മുകളിലേക്ക് ഉയര്ന്നു പറന്നു. 

എങ്ങിനെയാണാവോ ഇവിടുള്ളവര്‍ ജീവിക്കുന്നത്.

ഓരോ സാഹചര്യങ്ങളല്ലേ അതുപോലെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും, പിന്തുണയ്ക്കുകയും ചെയ്യുന്നത്. കുടുംബങ്ങളെ വിട്ടകന്ന് മണലാരണ്യങ്ങളില്‍ ജോലി ചെയ്യുന്നവരെപ്പോലെ.

കുറച്ചുദൂരം മുന്നോട്ട് പോയപ്പോള്‍ കണ്ട പന്പില്‍ കയറ്റി ഇന്ധനം നിറച്ചു. 

താഴേക്കിറങ്ങിയ കുഞ്ഞോള്‍ ഇന്ധന വില ചൂണ്ടിക്കാണിച്ച് എന്നോടായി പറഞ്ഞു. കേരളത്തില്‍ വില വര്‍ദ്ധിക്കുന്പോ എന്താണല്ലേ സര്‍ക്കാറിനെ കുറ്റം പറയുന്നത്. ഇവിടുത്തെ കാര്യമൊന്നും ആര്‍ക്കും അറിയില്ലേ ...പുച്ഛത്തോടെയാണ് സംസാരം..

അല്ലെങ്കിലും ഇവള്‍ അങ്ങിനെയാണ്. ചില സമയങ്ങളില്‍ പ്രായത്തിലേറെ പക്വത കാണിക്കുകയും, മറ്റു സമയങ്ങളില്‍ യാതൊന്നുമറിയാത്ത ഒരു ആറുവയസ്സുകാരിയായി ഏട്ടന്‍റെ കയ്യില്‍ തൂങ്ങിനടക്കുകയും ചെയ്യും. 

ഇവളെപ്പോഴും എനിക്കൊരത്ഭുതമാണ്. പതിമൂന്ന് വര്‍ഷമായി ഞാനിവളെ കണ്ടുകൊണ്ടിരിക്കുകയാണ്. എന്‍റെ കണ്‍മുന്നിലൂടെ വളരുന്ന ഇവളെന്നുമെനിക്ക് അത്ഭുതമാണ്. 

സേലത്തെത്തിയപ്പോള്‍ മണി പതിനൊന്ന് കഴിഞ്ഞു. വണ്ടി വഴിയില്‍ ഒരു മരത്തിന്‍റെ തണലില്‍ ഒതുക്കി നിര്‍ത്തി ഞാന്‍ അവളോട് എന്തെങ്കിലും കുടിച്ചാലോ എന്ന് ചോദിച്ചു. 

മീനമാസത്തിന്‍റെ ചൂട് അതിന്‍റെ പാരമ്യത്തിലെത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ വരേക്കും ക്ഷേത്രം തുറന്നിരിക്കുമെങ്കിലും, കുഞ്ഞോള്‍ടെ സ്കൂള്‍ വെക്കേഷന് കൊണ്ടുപോകാമെന്ന് ബുള്ളറ്റ് വാങ്ങിയപ്പോ ഞാന്‍ കൊടുത്ത വാക്കിനെ ഞാന് ശപിച്ചു. 

മറ്റേതു കാലാവസ്ഥയാണെങ്കിലും കുഴപ്പമില്ല. പക്ഷേ ഈ ചൂട് മാത്രം സഹിക്കുവാനെനിക്കാവില്ല. 

കരിക്കുകളും മൂസന്പികളും നിരത്തിവച്ച ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നും കരിക്ക് വാങ്ങി വരുന്പോഴേക്കും അവള്‍ അടുത്തുകണ്ട പെട്ടിക്കടയില്‍ നിന്നും എന്തൊക്കെയോ സ്നാക്ക്സുകള്‍ വാങ്ങി വലിച്ചുകയറ്റി. എത്ര പറഞ്ഞാലും അവള്‍ക്ക് വഴിയില്‍ കാണുന്ന ഭക്ഷ്യവസ്തുക്കളൊക്കെ പരീക്ഷിക്കണം.

എന്‍റെ ചീത്ത കേള്‍ക്കുന്പോള്‍ ഒന്നും അറിയാത്ത പോലൊരു ചിരിയുണ്ടവള്‍ക്ക്..

അതുകാണുന്പോ എനിക്കും ചിരി വരും. പിന്നെ ഞാനത് പുറത്തു കാണിക്കാതെ, ഗൗരവത്തിന്‍റെ മുഖം മൂടി ഇട്ടങ്ങു നില്‍ക്കും. 

അപ്പോ അവളെന്‍റെ മുന്നില്‍ വന്നു നിന്നു പറയും സോറീ ഏട്ടാ..

ഇനിയില്ല...പോരേ....

എനിക്കീ വിശപ്പിന്‍റെ അസുഖം ഉള്ളതുകൊണ്ടല്ലേടാ...

നമ്മളൊക്കെ എന്തിനാ ജീവിക്കണേ..

ഭക്ഷണം കഴിക്കാനല്ലേ.. അപ്പോ എല്ലാ നാട്ടിലും കിട്ടണ വെറൈറ്റികള്‍ കഴിക്കണ്ടേ...

അല്ലെങ്കില്‍ ചത്തുപോവുന്പോ ആത്മാവിന് ശാന്തി കിട്ടില്ലെടാ....

അവള്‍ടെ നിഷ്കളങ്കമായ തട്ടുത്തരം കേള്‍ക്കുന്പോ എന്‍റെ കൈ അവളുടെ ചെവിയിലേക്ക് നീളും. 

തീറ്റകാര്യത്തിന് എത്ര പെട്ടന്നാണെന്നോ അവള്‍ ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത്..

കുറച്ചുസമയം അവിടെ ചിലവഴിച്ച് ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് തിരിച്ചു.

ഏറെ നേരമായി യാത്രയായതിനാല്‍ ശരീരമാകെ വേദന തോന്നുന്നുണ്ടായിരുന്നു. ബാംഗ്ലൂരിലെത്തിയാല്‍ അവിടെ സ്റ്റേ ചെയ്ത് തൊട്ടടുത്ത ദിവസം ഹൈദരാബാദിലേക്ക് പുറപ്പെടാമെന്ന് തീരുമാനിച്ചിട്ടുണ്ട്. സേലത്തുനിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രയില്‍ അവളോരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മിക്കതും വഴിയില്‍ കാണുന്ന ആളുകളും കെട്ടിടങ്ങളും,ഭക്ഷ്യ വസ്തുക്കളും അങ്ങിനെ ഓരോന്നും. അവളുടെ കൂടെ ഇരിക്കുന്പോള്‍ ഞാനൊരു യുവാവാണെന്ന് എനിക്ക് തോന്നാറേയില്ല. പതിനഞ്ചാം വയസ്സിലേക്ക് ഞാന്‍ കൂപ്പുകുത്തുകയാണ് പതിവ്. അവളുടെ ഭാവിയെ കുറിച്ച് എനിക്കൊരു പ്ലാനുമില്ല. അവള്‍ക്ക് പണ്ടേയില്ല. എന്‍റെ ആഗ്രഹമെന്താണോ അതാണവളുടേയും. ഇടക്ക് ഇതുപോലെ ചില വട്ടന്‍ ആഗ്രഹങ്ങള്‍ പറയും. അതു ഞാന്‍ സമ്മതിക്കുമെന്നും അവള്‍ക്കറിയാം. ഈ വട്ടന്‍ ഏട്ടന്‍റെയല്ലേ അനിയത്തി. 

വഴിയില്‍ രണ്ടുമൂന്നിടത്ത് നിര്‍ത്തി. അവള്‍ക്ക് ബാത്റൂമില്‍ പോവണമായിരുന്നു. എനിക്കും. വണ്ടിയിലും വയറ്റിലും ഇന്ധനമടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവള്‍ക്കെന്തോ കര്‍ണ്ണാടകയിലെ ഭക്ഷണം അത്ര പിടിച്ചില്ല. അല്ലെങ്കില്‍ ഒരു തീറ്റ മല്‍സരം കാണാമായിരുന്നു. നേരം ഇരുട്ടിതുടങ്ങിയിരുന്നു ബാംഗ്ലൂരിലെത്തിയപ്പോള്‍. എന്‍റെ  സുഹൃത്തായ മാധവിന്‍റെ  ഫ്ളാറ്റിലേക്കാണ് ചെന്നു കയറിയത്. എത്തിയ ഉടനെ അവള്‍ കിടക്കയിലേക്ക് ഒറ്റ വീഴ്ചയായിരുന്നു. 

അവളുടെ ചെയ്തി കണ്ട് മാധവ് നല്ല ചിരിയായിരുന്നു. 

ടീ കുഞ്ഞോളെ എണീറ്റ് കുളിക്കെടീ.. എവിടെ പോത്തിനോട് വേദം ചൊല്ലിയിട്ട് കാര്യമുണ്ടോ. 

ഇത്രയും ദൂരം യാത്ര ചെയ്തിട്ട് ഈ പെണ്ണ് കുളിക്കാതെ കിടക്കുവാണോ. 

കാലത്തുമുതല്‍ വണ്ടിയിലിരുന്ന് നടു ഒരു വിധമായിട്ടുണ്ട്. ഇനി കഴിക്കാന്‍ എന്തെങ്കിലും വേണ്ടേ.. 

മാധവും അവന്‍റെ രണ്ടു നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ഫ്ളാറ്റ് എടുത്തിട്ടുള്ളത്. അവരേയും എനിക്ക് പരിചയമുണ്ട്. അവര്‍ക്ക് നൈറ്റ് ഷിഫ്റ്റാണെന്ന് മാധവ് പറഞ്ഞിരുന്നു. അവര്‍ മിക്കവാറും ഭക്ഷണം പുറത്തുനിന്നാണത്രേ കഴിക്കാറുള്ളത്. സമയപരിമിതി മൂലം പലപ്പോഴും പാചകം ചെയ്യാന്‍കഴിയാറില്ലത്രേ. 

കുളിച്ചിട്ട് പുറത്തുപോയി എന്തെങ്കിലും കഴിക്കാം..

കുളി കഴിഞ്ഞു കുറച്ചുനേരം മാധവുമായി സംസാരിച്ചിരുന്നു. അപ്പോഴും അവള്‍ നല്ല ഉറക്കത്തിലായിരുന്നു. 

വിശപ്പിന്‍റെ വിളി അധികരിച്ചപ്പോള്‍ ഞാന്‍ അവളുടെ കയ്യില്‍ തട്ടി വിളിച്ചു.

ടീ കുഞ്ഞോളെ...എണീറ്റേ....

പോയി കുളിച്ചിട്ട് വാ. ദേ ഈ ബെഡ്ഷീറ്റ് ആകെ നാശമായി. 

ടീ എണീക്ക്...

കോലം നോക്ക് പാണ്ടി ലോറിക്ക് വൈപ്പര്‍ വച്ചതുപോലെ..

എഴുന്നേറ്റ് പോയി കുളിച്ച് വാ. ഭക്ഷണം കഴിക്കുവാന്‍ പോവാം.. 

എന്നെ എന്തൊക്കെയോ ചീത്ത വിളിച്ച് അവള്‍ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. 

മടങ്ങിവന്ന അവളേയും കൂട്ടി ഞാനും മാധവും പുറത്തേക്കിറങ്ങി. 

അപ്പോള്‍ അവള്‍ക്കൊരാഗ്രഹം... ബിയര്‍പാര്‍ലറില്‍ കയറണമെന്ന്.

അവളെയും കൊണ്ട് അടുത്തു കണ്ട ബിയര്‍പാര്‍ലറില്‍ കയറി. നാട്ടിലെ പോലെ അല്ല. ഒരുപാട് സത്രീകള്‍ അവിടെ വന്നു ഭക്ഷണം കഴിക്കുകയും, മദ്യം കഴിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങളുടെ മുന്നിലെ ടേബിളില്‍ ഇരുന്ന പെണ്‍കുട്ടികള്‍ മല്‍സരിച്ചുകൊണ്ട് ബിയര്‍ കഴിക്കുകയാണ്. മലയാളത്തിലുള്ള സംസാരം കേട്ട് ഞാന്‍ എത്തി നോക്കിയപ്പോള്‍ മാധവ് പറഞ്ഞു. ഇതിവിടെ സ്ഥിരമാണെന്ന്. നാട്ടില്‍ പഞ്ചപാവങ്ങളായിരിക്കുന്ന പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഇവിടെയെത്തിയാല്‍ പരമാവധി സ്വാതന്ത്ര്യം ആഘോഷിക്കുന്നവരാണെന്ന്. 

അപ്പോഴേക്കും ഞങ്ങള്‍ക്കുമുന്നിലും ബിയര്‍ എത്തിയിരുന്നു. ഒപ്പം കുഞ്ഞോള്‍ ഓര്‍ഡര്‍ ചെയ്ത സ്ക്വിഡ് ഫ്രൈയും, സവാളയും പച്ചമുളകും ചെറുനാരങ്ങളും കൊണ്ട് ഭംഗിയില്‍ അലങ്കരിച്ച പോര്‍ക്ക്ഫ്രൈയും എത്തിയിരുന്നു. രാവിലെ യാത്രയുള്ളതിനാല്‍ ഞാന്‍ ഒരു ഗ്ലാസില്‍ നിര്‍ത്തി. കുഞ്ഞോള്‍ ആരേയും നോക്കാതെ ഭക്ഷണം നന്നായി കഴിക്കുന്നുണ്ടായിരുന്നു. 

ടീ ഇതൊക്കെ കഴിച്ച് തടിച്ചിപ്പാറു ആയാല്‍ ഞാനിവിടെ കളഞ്ഞിട്ട് പോവുംട്ടാ.. നിനക്കറിയാല്ലോ എനിക്ക് തടിച്ചികളെ ഇഷ്ടമല്ലെന്ന്. 

എന്തുട്ടാടാ ഏട്ടാ....നീ നിനക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കും. ഞാന്‍ പട്ടിണി കിടക്കണം ല്ലേ...തടിവെക്കാതെ ഞാന്‍ നോക്കിക്കോളാം ട്ടാ...

പിന്നെ എന്നെ എങ്ങാനും ഉപേക്ഷിച്ചാല്‍ ഞാന്‍ പട്ടിണി കിടന്ന് മരിച്ചു പ്രേതമായി വന്നു നിന്നെ പേടിപ്പിക്കും നോക്കിക്കോ..കുറച്ചു പരിഭവത്തോടെയാണ് അവളുടെ സംസാരം.

ഇവളുടെ സംസാരം കേട്ടാല്‍ തോന്നുമോ എന്നെക്കാള്‍ പതിനഞ്ച് വയസ്സിനിളയതാണെന്ന്. തനി തെമ്മാടിത്തരവും തല്ലുകൊള്ളിത്തരവും മാത്രമേ കയ്യിലുള്ളൂ.

അല്ലാ എന്നെ പറഞ്ഞാല്‍ മതിയല്ലോ. അവളെ ഇങ്ങനെയാക്കിയത് ഞാനാണല്ലോ.

എന്‍റെയും കുഞ്ഞോളുടേയും സംസാരം കേട്ട് ചിരിയോടെ മാധവ് ഇരുന്നു.

******************************************************************

അറിയുന്ന ഹിന്ദിയിലും ബാക്കി ഇംഗ്ലീഷിലുമായി പരാതിയെഴുതി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കുഞ്ഞോളുടെ ഫോട്ടോയും എന്‍റെ ഫോണ്‍ നന്പറും അതിനൊപ്പം നല്‍കി. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുന്പോള്‍ ഇനിയെന്ത് എന്നൊരു രൂപവും എനിക്ക് ഇല്ലായിരുന്നു. മതിലിനോട് ചേര്‍ത്തുവച്ച പുറകുവശം ഏകദേശം പൂര്‍ണ്ണമായും തകര്‍ന്ന ബുള്ളറ്റിലേക്ക് നോക്കിയപ്പോള്‍ ഇവിടേക്ക് വരാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ ശപിച്ചു. അവളെ കൂട്ടാതെ നാട്ടിലേക്കൊരു മടക്കം എനിക്കുണ്ടാവില്ല. 

കീറി തുടങ്ങിയ ബാഗെടുത്തു അടുത്തുകണ്ട  ലോഡ്ജിലേക്ക് നടന്നു. റൂമെടുത്ത് ബാഗും സാധനങ്ങളുമെല്ലാം റൂമില്‍ ഭദ്രമായി വച്ചു. പൂട്ടി കീയുമെടുത്ത് പുറത്തേക്കിറങ്ങി. 

പുറത്തെ അസാധ്യമായ തണുപ്പിലും മനസ്സിന്‍റെ വേവില്‍ ശരീരമാകെ ചൂടുപിടിച്ചു. അടുത്തുള്ള ആശുപത്രിയിലും , പുറമേ കണ്ട ചായക്കടകളിലും, പച്ചക്കറികടകളിലും കുഞ്ഞോളുടെ ഫോട്ടോ കാണിച്ച് ഞാന്‍ അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. കോട വന്നു മൂടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ വേറെ വഴിയില്ലാതെ റൂമിലേക്ക് തിരിച്ചുനടന്നു. റൂമിലെത്തിയിട്ടും ഒരു മനസ്സമാധാനവുമില്ലാതെ, മല മുകളില്‍ നിന്നും ഉരുണ്ടുവരുന്ന പാറക്കല്ലുകളുടെ കുലുക്കവും, ഏട്ടാ എന്ന കുഞ്ഞോളുടെ ഉച്ചത്തിലുള്ള നിലവിളിയും ചെവിയില്‍ മുഴങ്ങികൊണ്ടിരുന്നു.

ചിറകിനടിയില്‍കൊണ്ടുനടന്ന കുഞ്ഞിനെ കാണാതായ തള്ളക്കോഴിയുടെ പരിഭ്രാന്തിയോടെ ഞാന്‍ ഉറക്കം നഷ്ടപ്പെട്ട് കട്ടിലില്‍ കൂനിയിരുന്നു. അസ്ഥിപോലും മരവിപ്പിക്കുന്ന തണുപ്പ് കാല്‍വിരലുകളിലൂടെ ദേഹത്തേക്ക് ഇരച്ചുകയറിയപ്പോള്‍ അടഞ്ഞുപോയ കണ്ണുകള്‍ വീണ്ടും തുറന്നു. ഈ തണുപ്പില്‍ എന്‍റെ കുഞ്ഞ്.

അവള്‍ എവിടെയായിരിക്കും. അവള്‍ക്കൊന്നും സംഭവിക്കരുതേ...

തീര്ത്തും നിരീശ്വരവാദിയായ ഞാന്‍ ഇന്നുവരേക്കും കണ്ടതും കേട്ടതുമായ എല്ലാ ദൈവങ്ങളേയും വിളിച്ചു കരഞ്ഞപേക്ഷിച്ചു. ആദര്ശങ്ങളെല്ലാം പറയുവാന്‍ മാത്രമേ നന്നായിരിക്കൂ. സ്വയം ഒരു അവസ്ഥയിലൂടെ കടന്നുപോകുന്പോഴാണ് അവയ്ക്ക് യാതൊരു മൂല്യവുമുണ്ടാവില്ലെന്ന് തിരിച്ചറിയുന്നത്. അപ്രകാരമൊരു സാഹചര്യം വരുന്പോള്‍ എന്തിലും വിശ്വാസമര്‍പ്പിക്കുകയും, പ്രാര്ത്ഥിക്കുവാന്‍ പഠിക്കുകയും ചെയ്യും. 

എങ്ങനെയോ നേരം വെളുപ്പിച്ചു. മഞ്ഞുമാറി പ്രകാശം പരന്നുതുടങ്ങിയപ്പോള്‍ കുളിച്ചു പുറത്തേക്കിറങ്ങി. അടുത്ത് ഒരു സൗത്ത് ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടല്‍ കണ്ടു. അവിടേക്ക് കയറി ഒരു ചായ പറഞ്ഞു. കുടിക്കാന്‍ ചുണ്ടോട് ചേര്‍ത്തപ്പോള്‍ വീണ്ടും അവളെ ഓര്‍മ്മവന്നു. വിശപ്പ് സഹിക്കാനാവാത്ത എന്‍റെ കുഞ്ഞോള്‍. ഒരിറക്ക് ചായ കുടിച്ച് പൈസ കൊടുത്ത് ഞാനിറങ്ങി.

മുന്നില്‍ മഞ്ഞുരുകിയ കുറേ മലകള്‍ കണ്ടു. ഒരു കുന്നിലേക്ക് കോണ്‍ക്രീറ്റ് ചെയ്ത ഒരു ചെറിയ നടപ്പാത കയറി പോവുന്നതുകണ്ടു. 

ഏതാനും ആളുകളെയും അവിടെ കണ്ടു. 

ബദ്രിനാഥ് ക്ഷേത്രവും, അളകനന്ദാനദിയും കടന്നുവേണം അങ്ങോട്ടേക്ക് പോവുന്നതിന്. അളകനന്ദ കടക്കുന്നതിന് രണ്ടുമൂന്നു തൂക്കുപാലങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അതിലൊന്നിലേക്ക് കയറി നടക്കുവാനാരംഭിച്ചു. അപ്പുറം എന്‍റെ കുഞ്ഞോള്‍ ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനയോടെ. അപ്പോഴും ചെളികലര്‍ന്ന വെള്ളവുമായി അളകനന്ദ എനിക്കു കീഴെ കുതിച്ചൊഴുകുന്നുണ്ടായിരുന്നു.

*****************************************************************

ഭക്ഷണം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ഞാന്‍ കിടക്കയിലിരുന്ന് ഒരു പുസ്തകം നിവര്‍ത്തി.

അപ്പോഴേക്കും അവള്‍ എന്‍റെ കയ്യിന്‍റെ ഇടയിലൂടെ നൂണ്ടുകയറി.

എന്തുട്ടാടാ..നാളെ രാവിലെ പോവണ്ടേ..നീ ഇങ്ങനെ വായിച്ചു ഇരുന്നോ..

പുസ്തകം തട്ടിപ്പറിച്ച് മാറ്റി വച്ച് അവള്‍ എന്‍റെ നെഞ്ചിലേക്ക് തലചായ്ച്ചു.

ഇത്തിരിയുള്ള അവളുടെ മുടി ഗുഹാകവാടം പോലുള്ള എന്‍റെ മൂക്കിലേക്ക് കയറിയപ്പോള്‍ ഞാന്‍ ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു.

ടീ നിന്നോട് ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നും തലയില്‍ ഷാംപൂ തേക്കല്ലേന്ന്. 

പറഞ്ഞാല്‍ കേള്‍ക്കല്ലേട്ടാ..

അല്ലെങ്കിലേ ചെവിക്കുറ്റിക്കൊപ്പമേ മുടിയുള്ളൂ. നാളെ മൊട്ടച്ചി ആവുന്പോ കാണാം.

അവളതൊന്നും കേട്ടതേയില്ല. വലതുകൈകൊണ്ട് എന്‍റെ ടീഷര്‍ട്ടില്‍ മുറുകെ പിടിച്ച് അവള്‍ കണ്ണുകള്‍ ചേര്‍ത്തടച്ചിരുന്നു. 

അവളെ എഴുന്നേല്‍പ്പിക്കാതെ പതിയെ ഞാന്‍ താഴേക്ക് ഊര്‍ന്നു ശരിക്ക് കിടന്നു. നിന്‍റെ തലയിലെ പേനെല്ലാം അരിച്ചുഎന്‍റെ തലയിലേക്ക് കയറുമോ എന്തോ എന്ന് അവളുടെ ദേഷ്യം കാണാനായി പറഞ്ഞുവെങ്കിലും അവളുടെ മറുപടി കേള്‍ക്കാതിരുന്നപ്പോള്‍ ഉറക്കത്തിലായെന്ന് മനസ്സിലായി. ഇടതുകൈത്തണ്ടയിലേക്ക് അവളുടെ തല കയറ്റിവച്ച് എന്‍റെ വലം കൈ കൊണ്ട് അവളെ ഇറുക്കി ചേര്‍ത്തുപിടിച്ചു. ഉറക്കത്തില്‍ പോലും അകന്നുപോകാതിരിക്കുവാനെന്നവണ്ണം...

കാത്തിരിക്കൂ....

സ്നേഹപൂര്‍വ്വം..

ശ്രുതി മോഹന്‍


2020, ഡിസംബർ 27, ഞായറാഴ്‌ച

🧡🧡ബദ്രിനാഥ്‌ 🧡🧡 ഭാഗം 1





ബദ്രിനാഥ്

***********

കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും , മൊബൈര്‍ ചാര്‍ജ്ജറും ടോര്‍ച്ചും ബാക്ക്പാക്കില്‍ കുത്തി am നിറക്കവെ, എന്‍റെ പുറകില്‍ ഒരു ചവിട്ടു കിട്ടി. ഞാന്‍ ഒരു വശത്തേക്ക് ചരിഞ്ഞപ്പോള്‍ ബാഗിലെ വസ്ത്രങ്ങള്‍ താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞ് കിടക്കയില്‍ ഒരു യുദ്ധം നടത്തുകയാണവള്‍.

ഇടിക്കെടാ ഏട്ടാ അവനെ....അവന്‍റെ പല്ലിടിച്ചു കൊഴിക്ക്.. അവള്‍ ഉറക്കത്തില്‍ അസ്പഷ്ടമായി പറഞ്ഞുകൊണ്ടിരുന്നു.

എന്‍റെ മുഖത്തൊരു ചിരി വിരിഞ്ഞു. കുഞ്ഞോളെ...ടീ എണീക്ക് പോവണ്ടേ...ദേ ഇങ്ങനെ കിടന്നാല്‍ ഞാന്‍ ഒറ്റക്കങ്ങ് പോവും... ഞാന്‍ അവളുടെ തോളില്‍ പിടിച്ചു കുലുക്കികൊണ്ടു പറഞ്ഞു.

അവള്‍ പാതി മയക്കത്തില്‍ എഴുന്നേറ്റിരുന്നു. പോവാറായോടാ ഏട്ടാ.... നമ്മള് നമ്മുടെ പടക്കുതിരയിലല്ലേ പോവണേ...അപ്പോ കൊറച്ച് നേരം കൂടി കഴിഞ്ഞാലും കൊഴപ്പല്യാല്ലോ.. ഒരു പത്തു മിനിറ്റ് കൂടി ടാ...അവള്‍ ഇരുന്ന് ഉറങ്ങി തുടങ്ങി.

ടീ പെണ്ണേ....എണീക്കെടീ....ഞാന്‍ ദേ തലയിലൂടെ വെള്ളം ഒഴിക്കുന്ന വരെ ഇണ്ടാവും ട്ടാ....

ഓോോ......അവള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കിടക്കയില്‍ നിന്നും താഴോട്ടിറങ്ങി. ബെഡ്ഷീറ്റ് കിടക്കയില്‍ നിന്നും തറയിലേക്ക് ഊര്‍ന്നുവീണു. അതൊന്നും കാര്യമാക്കാതെ അവള്‍ ബാത്റൂമിലേക്ക് നടന്നു.

ഈ പെണ്ണിനെ കൊണ്ട് തോറ്റു. ഇവളെന്നാണൊന്ന് നന്നാവാ..... ബെഡ്ഷീറ്റ് എടുത്ത് കട്ടിലിലേക്കിട്ട് ഞാന്‍ പിറുപിറുത്തു.

നീ പോടാ പരട്ട ഏട്ടാ...ആദ്യം നീ നന്നാവെടാ... ബാത്റൂമിലേക്ക് പോകവേ അവള്‍ വിളിച്ചുപറഞ്ഞു.

******************************************************************

അവള്‍ എന്‍റെ കുഞ്ഞോള്‍....

എന്‍റെ അച്ഛനും അമ്മയ്ക്കും ഞാന്‍ ജനിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ചവള്‍....പ്രസവത്തോടെ അമ്മ മരണപ്പെട്ടപ്പോള്‍ അമ്മയെ അതിയായി സ്നേഹിച്ച അച്ഛന് വലിയൊരാഘാതമായിരുന്നു. പിന്നീട് അതികകാലം അച്ഛനുമുണ്ടായില്ല.

ഇവളെ ഞാനെന്‍റെ മകളായി സ്നേഹിച്ചു. മാതാപിതാക്കളുടെ സ്നേഹവും, ഏട്ടന്‍റെ പിന്തുണയും എല്ലാം നല്‍കി എന്‍റെ കയ്യില്‍ കിടന്നവള്‍ വളര്‍ന്നു. അവളുടെ അച്ഛനും അമ്മയും ഏട്ടനും എല്ലാം ഞാനാണ്. എന്‍റെ വളര്‍ത്തുഗുണത്തിനെ പറയിപ്പിക്കുവാനായി എല്ലാ കുറുന്പുകളും അവള്‍ക്കുണ്ട്. എന്നും സ്കൂളില്‍ തല്ലുണ്ടാക്കിയും, വഴിയില്‍ കാണുന്ന മരത്തിന് കല്ലെറിഞ്ഞും, ആളുകളെ കളിയാക്കിയും എനിക്ക് ചീത്ത വാങ്ങിതരുന്നതാണവളുടെ സ്ഥിരം ജോലി. പതിമൂന്ന് വയസ്സായിട്ടും അവളുടെ കുറുന്പിനും തല്ലുകൊള്ളിത്തരത്തിനും ഇന്നും ഒരു കുറവുമില്ല. അവളുടെ കുറുന്പ് കണ്ട് അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടികള്‍ ഇങ്ങനെയാവും, ഇതെന്താ സാധനം പെണ്‍കുട്ടി തന്നെയാണോ

എന്ന് നാട്ടുകാര് പറയുന്പോള്‍ അവരോട് വഴക്കിട്ട് കയറി വന്ന് കുഞ്ഞോളെ രണ്ട് ചീത്ത വിളിച്ചാല്‍ കണ്ണുനിറച്ചൊരു നോട്ടമുണ്ട്. അതില്‍ എന്‍റെ എല്ലാ ദേഷ്യവും വിഷമവും ഒഴുകിപോവും.

അവളുടെ കണ്ണ് നിറഞ്ഞാല്‍ പിടക്കുന്നതെന്‍റെ ഹൃദയമാണ്. അതെങ്ങിനെയാ..എന്‍റെ മകളല്ലേ അവള്‍...

എനിക്ക് മാത്രം അവകാശപ്പെട്ടവള്‍....

അവളുടെ പത്താം വയസ്സിലാണ് അവള്‍ ബദ്രിനാഥിലേക്ക് പോകണമെന്ന് ഒരാഗ്രഹം തമാശരൂപേണ എന്നോട് പറഞ്ഞത്. എന്‍റെ കുഞ്ഞോളല്ലേ.

അവളെന്ത് പറഞ്ഞാലും ഞാന്‍ സാധിച്ചുകൊടുക്കും.

അപ്പോഴുണ്ട് അവളുടെ അടുത്ത ആഗ്രഹം.

മറ്റൊന്നുമല്ല.

അവള്‍ക്ക് ബുള്ളറ്റില്‍ വേണം ബദ്രിനാഥില്‍ പോവാനത്രേ...

അതുകേട്ടപ്പോള്‍ ഞാന്‍ ദൃതംഗപുളകിതനായി ....

വേറെ ഒന്നുമല്ല. അവളുടെ ബുള്ളറ്റിന്‍റെ ഡ്രൈവര്‍ ഞാനാണല്ലോ ...സംഗതി എന്തായാലും പറഞ്ഞതെന്‍റെ കുഞ്ഞോളാണ്.

ബുള്ളറ്റ് വാങ്ങട്ടെ മോള...നമുക്ക് പോവാം....ഞാനും സമ്മതിച്ചു.

ഇന്നിപ്പോ ദേ ഞങ്ങള്‍ യാത്രക്കൊരുങ്ങുകയാണ്.

************************************************************

കുളിച്ചെന്നുവരുത്തി ബാത്റൂമില്‍ നിന്നും ഇറങ്ങിവന്ന അവളുടെ തലമുടിയില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.

എന്തിനാ കുഞ്ഞോളെ നീ തല കുളിച്ചെ....ഈ തണുപ്പത്ത് ഇനി ജലദോഷം വരുത്തി വെക്കാനാണോ....

ആഹ്.......കുളിച്ചില്ലേല്‍ അടുത്ത് നിര്‍ത്തില്ല. കുളിച്ചാല്‍ കുറ്റോം പറയും. നിന്നെകൊണ്ട് തോറ്റല്ലോടാ....

അവള്‍ പരിഭവിച്ചു.

ഞാന്‍ തോര്‍ത്തെടുത്ത് അവളുടെ തല നന്നായി തുവര്‍ത്തി. ഹെയര്‍ ഡ്രയര്‍ എടുത്ത് മുടിയുണക്കി.

എന്‍റെ വളര്‍ത്തു ഗുണമായതിനാല്‍ അവള്‍ക്ക് കുറച്ചു മുടിയേ ഉള്ളൂ...

അവള്‍ വേഗം വസ്ത്രം മാറി വന്നു.

ഭക്ഷണം കഴിക്കാനൊന്നും നില്‍ക്കാതെ ഞാന്‍ അവളേയും കൂട്ടി പുറത്തേക്ക് നടന്നു. പുറത്തിരുന്ന ഞങ്ങളുടെ പടക്കുതിരയില്‍ ഒരു ബാഗ് വച്ചുകെട്ടി. മറ്റൊന്ന് അവള്‍ പുറത്തിട്ടു. അവളുടെ തലയിലെ ക്യാപ് ശരിയാക്കി ഞാന്‍ ബുള്ളറ്റില്‍ കയറി ഇരുന്നു. വീടിനു ടാറ്റാ കൊടുത്ത് അവള്‍ എന്‍റെ പുറകിലേക്ക് കയറി ഇരുന്നു പറഞ്ഞു. പോവാം ഏട്ടാ.......

*********************************************************

അങ്ങനെ ഞങ്ങള്‍ ബദ്രിനാഥിലേക്ക് യാത്ര ആരംഭിക്കുകയാണ്. ഹെല്‍മറ്റ് വച്ചിട്ടുണ്ടെങ്കിലും തണുത്ത കാറ്റടിച്ച് കണ്ണില്‍ നിന്നും വെള്ളം ഇരുവശത്തേക്കും ഒഴുകി...

പുലര്‍ച്ചെ തണുപ്പത്ത് ഇതുപോലുള്ള യാത്രകള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമാണ്.

ഇടക്ക് ഉറങ്ങികൊണ്ടിരിക്കുന്പോഴാവും അവള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് പുറത്തുപോകണമെന്ന ആഗ്രഹം പറയുന്നത്. ആദ്യം അവളെ കുറേ ചീത്ത വിളിക്കുമെങ്കിലും പെണ്ണിന്‍റെ വാശി അറിയാവുന്നതുകൊണ്ട് ഞാനെണീറ്റ് പോവുകയാണ് പതിവ്.

പക്ഷേ ആ യാത്രകള്‍ എല്ലാം വളരെ മനോഹരങ്ങളായിരുന്നു. പ്രകൃതിയെ അറിഞ്ഞ് തണുത്ത ശുദ്ധവായു ശ്വസിച്ച്.....എങ്ങോട്ടെന്നില്ലാതെ........

രാവിലെ ഏഴുമണിയോടെ കോയന്പത്തൂരിലെത്തി....

അവള്‍ എന്‍റെ പുറകില്‍ തലചാരിയിരുന്ന് ഉറങ്ങുകയാണ്.

ഏറെ നേരമായ യാത്രയായതിനാല്‍ ഞാന്‍ ആദ്യം കണ്ട ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്തി.

കുഞ്ഞോളെ .... ടീ എണീക്ക്...

അവള്‍ കണ്ണുതിരുമ്മി എണീറ്റു..

എന്താ ഏട്ടാ എത്തിയോ....

അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിയും ദേഷ്യവും ഒന്നിച്ച് വന്നു.

ഇറങ്ങ് മോളെ...വല്ലതും കഴിച്ച് പോകാം....

എനിക്ക് വിശക്കണില്ലെടാ....

നിനക്ക് വിശക്കില്ല...പക്ഷേ എനിക്ക് നല്ല വിശപ്പുണ്ട്..ഞാന്‍ അവളേയും കൂട്ടി ഹോട്ടലിനകത്തേക്ക് കയറി. ഏഴുമണിയേ ആയിട്ടുള്ളൂ..ഹോട്ടലില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.

ദോശയുടെ പകുതി വലുപ്പമുള്ള ഇഡ്ഡലിയാണ് കിട്ടിയത്. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞോളുടെ പ്ലേറ്റ് കാലിയായിരുന്നു.

തീരെ വിശപ്പില്ലാല്ലേ......

ഞാന്‍ അവളെ കളിയാക്കി.

രാവിലെ പഴങ്കഞ്ഞി കഴിച്ച് ശീലിച്ച എന്നെകൊണ്ട് ഇഡ്ഡലി കഴിപ്പിച്ച കുഞ്ഞോളോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ഞാന്‍ രണ്ട് ഇഡ്ഡലി കൂടുതല്‍ കഴിച്ചു. എന്താണെങ്കിലും തമിഴ്നാട്ടിലെ സാന്പാറിന്‍റെ ഒരു മണോം ടേസ്റ്റും ഉണ്ടല്ലോ.....ഹോ....

സൂപ്പറാ....

ഭക്ഷണം കഴിച്ച് ടോയ്ലറ്റില്‍ പോയി വന്ന അവളേയും കൂട്ടി ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു.

യാത്രയില്‍ മനസ്സുനിറയെ എന്‍റെ കുഞ്ഞോള്‍ടെ ആഗ്രഹം നടത്തുകയാണെന്ന സന്തോഷമായിരുന്നു. ട്രെയിനില്‍ പോകുന്നതാണ് സേഫ് എന്നറിയാമെങ്കിലും ,  എന്‍റെ മോള്‍ടെ ആഗ്രഹം കൊണ്ട് മാത്രമാണ് ഈ ഒരു റിസ്ക് എടുത്തിട്ടുള്ളത്. എന്‍റെ പുറകില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന അവളെ കുറിച്ചുള്ള ഓരോ ചിന്തകളും എന്‍റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. അവളുടെ സൂപ്പര്‍ ഹീറോ ഞാനാണ്. അവളോട് എന്തിനെ കുറിച്ച് ചോദിച്ചാലും ഇഷ്ടങ്ങള്‍ അന്വേഷിച്ചാലും ഒടുവില്‍ എന്നിലേക്കാണ് എത്താറുള്ളത്. അപ്പോള്‍ അവള്‍ പറയുന്ന ഡയലോഗാണ് ....എന്‍റെ സൂപ്പര്‍ ഹീറോ ആണ് ഏട്ടന്‍ന്ന്..............

*********************************************************

പോലീസ് സ്റ്റേഷനു മുന്നിലെ ബെഞ്ചില്‍ ഇരുവശത്തുമായി കൈകള്‍ ഊന്നി താഴേക്ക് നോക്കിയിരിക്കെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. 

കുഞ്ഞോള്‍ക്ക് ഒരിക്കലും കാണുവാന്‍ ആഗ്രഹമില്ലാത്ത എന്‍റെ കണ്ണുനീര്‍.....

ധരിച്ചിരുന്ന സ്വെറ്റര്‍ ഉയര്‍ത്തി പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഫോണ്‍ കയ്യിലെടുത്തു. വാള്‍പേപ്പറില്‍ മൂക്കിനു താഴെ കണ്‍മഷിയാല്‍ മീശ വരച്ചു ചിരിച്ചു നില്‍ക്കുന്ന കുഞ്ഞോളുടെ ഫോട്ടോയിലേക്ക് നോക്കുന്പോള്‍ ഹൃദയം തകരുന്നതുപോലെയാണ് തോന്നുന്നത്. 

വിരല്‍കൊണ്ട് അവളുടെ ഫോട്ടോക്ക് മീതെ തഴുകികൊണ്ട് ഞാന്‍ ചോദിച്ചു.. കുഞ്ഞോളെ നീ എവിടെയാ.....

പുറത്തുവന്നു നിന്ന പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി അകത്തേക്ക് പോയ ഇന്‍സ്പെക്ടര്‍ സിവില്‍ പോലീസ് ഓഫീസറോട് ചോദിച്ചു. 

വഹ് വഹാം കിസ് ലിയേ ബേഠാ ഹേ..

( അയാളെന്താ അവിടെ ഇരിക്കുന്നത്)

സര് ഉ്സ്കി  ബഹന്‍ ഭീ ആജ് കീ ഭുസ്ക്കലാന്‍ മേ ലാപ്താ ഹേ.

( സര്‍ ഇന്നുണ്ടായ മണ്ണിടിച്ചിലില്‍ അയാളുടെ സഹോദരിയെയും കാണാതായിട്ടുണ്ട്.)

ഹ്മ്മ്....ഉസേ ഏക് ശികായത് ലിഖേ ഓര്‍ ഉസ് ചോട്നേ കേലിയേ കഹേ....

(ഹ്മ്മ്മ്....അയാളോട് പരാതി എഴുതി നല്‍കി പൊയ്ക്കൊള്ളാന്‍ പറയ്)

ഉന്ഹേം ബതായേ കീ ആപ്കോ ജാന‍്കാരീ മില്‍നേ പര്‍ മേ ആപ്കോ ബതാ സക്താഹൂം.

(വിവരം ലഭിക്കുന്പോള്‍ അറിയിക്കാമെന്ന് പറയ്)

യെസ് സര്‍.....

ഫിര്‍ അപ്നാ മൊബൈല്‍ നന്പര്‍ ഭി ലിഖ്നാ ന ബൂലേ...

( ഹാ പിന്നേ അയാളുടെ മൊബൈല്‍ നന്പറും എഴുതി വാങ്ങിക്കോ ....മറക്കണ്ട)

ഹാം സര്‍

പുറത്തിറങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ തൊപ്പി അഴിച്ച് കയ്യില്‍ പിടിച്ച് എന്‍റെ അരികിലേക്ക് വന്നു. അയാള്‍ അരികില്‍ എത്തിയത് പോലും അറിയാത്ത വിധം ഫോണിലേക്ക് ഉറ്റുനോക്കിയിരുന്ന എന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി റൂള്‍ തടികൊണ്ട് ബെഞ്ചിന്‍റെ കയ്യില്‍ തട്ടി. 

ശബ്ദം കേട്ട് കണ്ണുയര്‍ത്തിയ ഞാന്‍ പോലീസുകാരനെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റു.

കോയീ ബീ ജാന്‍കാരീ.....സര്‍ ....

(സര്‍ എന്തെങ്കിലും വിവരം )

സര്‍, മേരീ ബഹന്‍ കേ ബാരേ മേ കോയീ ജാന്‍കാരീ മിലാ ക്യാ ആപ്കോ.....വഹ് മലയാളം ചോട്കേ ഓര്‍ കോയീ ഭാഷ നഹീ ജാന്‍തീ...

(സര്‍ എന്‍റെ സഹോദരിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ....അവള്‍ക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിഞ്ഞുകൂടാ...)

ഞാന്‍ നിര്‍ത്താതെ പറഞ്ഞപ്പോള്‍ അയാള്‍ കയ്യെടുത്തു വിലക്കി..

ഏക് ശിഖായത് ലിഖേ ജാവോ...ഓര്‍ ഇസ്കേ ബാരേ മേ കുച് പതാ ചല്‍ ഗയാ തോ  മേ ആപ്കോ ബതാവൂംഗാ ഓര്‍ ചോട്ദീ....ജാന്‍കാരീ മില്‍നേ പര്‍ ബതാദൂം...

(താന്‍ ഒരു പരാതി എഴുതി നല്‍കി പൊക്കോള്ളൂ...വിവരം ലഭിച്ചാല്‍ ഞങ്ങള്‍ അറിയിക്കാം..)

സര്‍......

യേ ഇദര്‍ ഹമേശാ ഹോനേ രക്താ ഹേ...ഭുസ്ക്കലാന്‍ ഓര്‍ ഗയബ് ഹുയേ ലോഗ്...കബീ കബീ ഏക് ഭുസിക്കലന്‍ ഹോതാ  ഹേ ഇസ് മേ ഗാഡീ ബീ ഗയാബ് ഹോതാ ഹേ.... 

ലംബീ ദൂരീ പര്‍ ഭുസ്ക്കലന്‍ കേ കാരണ്‍ പൂരാ റോഡ് ബി ബ്ലോക്ക് ഹോ ജാത്താ ഹേ...

(ഇതിവിടെ സ്ഥിരം പതിവാണ്. മണ്ണിടിയുന്നതും, ആളുകളെ കാണാതാവുന്നതും. ചിലപ്പോഴെല്ലാം വാഹനങ്ങളടക്കം മണ്ണിടിയുന്നതില്‍പ്പെടാറുണ്ട്. വളരെ ദൂരം മണ്ണിടിയുന്നതിനാല്‍ റോഡ് വരെ ഇടക്കിടെ ബ്ലോക്കാവാറുണ്ട്.)

ജബ് ഏക് ചോട്ടീ ബച്ചേ കോ ലാനേ കീ ബാത് ആതേ ഹേ, തോ ജഗഹ് കീ അച്ഛീ സമജ് ഹോനാ ജരൂരി ഹൈ..

(ചെറിയ കുട്ടിയെ കൂട്ടികൊണ്ടുവരുന്പോള്‍ വരുന്ന സ്ഥലത്തിനെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുവേണ്ടേ വരുന്നതിന്)

അയാള്‍ കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു. 

ആപ് ചലേ ജാവോ, ഇസ്കി ബാരേ മേ കുച് പതാ ചലാ തോ ഹം ആപ്കോ ബതാവൂംഗാ...ശിഖായത് മേ അപ്നാ മൊബൈല്‍ നന്പര്‍ ലിഖേ...

(താന്‍ പൊയ്ക്കോളൂ. വിവരം കിട്ടിയാല്‍ ഞങ്ങള്‍ അറിയിക്കും. മൊബൈല്‍ നന്പര്‍ കൂടി പരാതിയില്‍എഴുതി ചേര്‍ത്തോളൂ.)

അയാള്‍ പറഞ്ഞുനിര്‍ത്തി അകത്തേക്ക് നടന്നു.

തീര്‍ത്തും തനിച്ചായതുപോലെ, ഇനിയെന്ത് എന്ന ചോദ്യവുമായി ഞാന്‍ തരിച്ചുനിന്നു..

കാത്തിരിക്കൂ.....

സ്നേഹപൂര്‍വ്വം ശ്രുതി മോഹന്‍

(ഇത് ഒരു ശ്രമം ആണ്...സഹോദരബന്ധങ്ങളുടെ ആഴവും വ്യാപ്തിയും അളക്കുന്നതിന് ഏതാനും ഭാഗങ്ങള്‍ മാത്രമായുള്ള കുഞ്ഞു കഥ..

ഹിന്ദി ഭാഷയില്‍ വലിയ പ്രാവീണ്യമില്ല. എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ക്ഷമിക്കണേ..തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഹിന്ദി ഒഴിവാക്കുന്നതിന് ശ്രമിക്കാം.)

കടപ്പാട്  കുഞ്ഞോളുടെ ഏട്ടന്


2020, ഫെബ്രുവരി 29, ശനിയാഴ്‌ച

തിരുത്തലുകൾ

തിരുത്തലുകൾ....

അലാം ശബ്ദം കേട്ടു എണീറ്റപ്പോൾ മനസ്സിലേക്ക് ഇന്നത്തെ ഷെഡ്യൂൾ കടന്നു വന്നു.... ഓഫീസിലേക്ക് ക്ലർക്ക് പോസ്റ്റിലേക്ക് നിയമനം നടത്തുന്ന ദിവസമാണ്...
ഒരുപാട് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യണം..... അച്ഛൻ നേരത്തെ ഓഫീസിൽ എത്തിച്ചേരാൻ ആവശ്യപെട്ടിട്ടുണ്ട്....

എണീക്കാൻ നോക്കിയപ്പോൾ തലേ രാത്രി ഉന്മാദാവസ്ഥയിൽ അഴിച്ചെറിഞ്ഞ വസ്ത്രങ്ങൾ ബെഡിനു ചുറ്റും അങ്ങിങ്ങായി ചിതറി കിടക്കുന്നതു കണ്ടു...
ബെഡിൽ എന്നോട് ചേർന്ന് അരക്കെട്ടു വരേയ്ക്കും ബ്ലാങ്കെറ്റിൽ പൊതിഞ്ഞു അർദ്ധനഗ്നയായി കമിഴ്ന്നു കിടക്കുന്ന സ്ത്രീ രൂപത്തെ ഞാൻ പുച്ഛത്തോടെ  നോക്കി....
പതിയെ എഴുന്നേറ്റ് താഴെകിടന്ന ബോക്സർ വലിച്ചു കയറ്റി ബാത്‌റൂമിലേക്ക് നടന്നു....
ഫ്രഷ് ആയി വരുമ്പോഴും അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു....
"അനുപമ ... ഇട്സ് ടൂ ലേറ്റ്..... നീ പോവുന്നില്ലേ...?" ഞാൻ ഒച്ചയിട്ടു...

"ഓഹ്... സോറി രഞ്ജൻ സർ ... എനിക്ക് നല്ല തലവേദന.... ഇന്നലത്തെ ഡ്രിങ്ക്സിന്റെ ആവണം.....സർ പോയതിനു ശേഷം  ഞാൻ പൊക്കോളാം...." കണ്ണ് തുറക്കാതെ അത്രയും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു.....

കീയും പണവും  അവൾക്ക് നേരെ എറിഞ്ഞു ഞാൻ പുറത്തേക്ക് നടന്നു...

ഞാൻ നിരഞ്ജൻ... കോളേജ് കാലത്ത് ഞാൻ പ്രണയിച്ചിരുന്നവൾ എന്നേക്കാൾ സാമ്പത്തികമുള്ള മറ്റൊരുത്തനെ കണ്ടപ്പോൾ എന്നോട് ബൈ പറഞ്ഞു അയാളെ വിവാഹം കഴിച്ചപ്പോൾ മുതലാണ്  സ്ത്രീകളോട് എനിക്ക് വെറുപ്പ് തുടങ്ങിയത്.... പിന്നീട് പണം നൽകി ഓരോ രാത്രിയിലും ഞാൻ  വിലക്കെടുക്കുന്ന സ്ത്രീ ശരീരങ്ങളോട്,  അവളടക്കമുള്ള സ്ത്രീകളോടുള്ള വെറുപ്പാണ് ഞാൻ പ്രകടിപ്പിച്ചിരുന്നത്....

ഇവൾ ഈയിടെ അടുത്തു കൂടിയതാണ്... മറ്റു സ്ത്രീകളെ പോലെ അല്ല.... ഇവൾ.... ഇവളുടെ ആഗ്രഹങ്ങളെ വക വെക്കാത്ത ഭർത്താവിനോടുള്ള വെറുപ്പ് ആണ് ഇവളെ എന്റെ ബെഡിലേക്ക് എത്തിച്ചത്....
എന്നു കരുതി അവൾക്ക് ഞാൻ കൊടുക്കുന്ന പണത്തിൽ കുറവ് ഒന്നും വരുത്താറില്ല...... അവളോടെനിക്ക് കാമത്തെക്കാൾ അപ്പുറമായി മറ്റൊരു വികാരവുമില്ല.......

ഇന്നലെ സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി കഴിഞ്ഞു ഇവൾക്കൊപ്പമാണ് ഫ്ലാറ്റിലേക്ക് വന്നത്..... ഇന്നലത്തെ അവളുടെ പ്രകടനങ്ങൾ മനസിലേക്ക് കടന്നു വന്നപ്പോൾ സ്ത്രീകളോടുള്ള എന്റെ വെറുപ്പ് വീണ്ടും കൂടി...

ഓഫീസിൽ എത്തി ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു ക്യാബിനിൽ എത്തിയപ്പോൾ അച്ഛന്റെ കാൾ വന്നു.... ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് ചെല്ലാൻ ആവശ്യപെട്ടു... ആദ്യത്തെ മൂന്നുപേരുടെയും സർട്ടിഫിക്കറ്റുകളും റെസ്യുമെയും തീർത്തും നിരാശാജനകമായിരുന്നു.... നാലാമതായി കടന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയായിരുന്നു....
വെളുത്തു മെലിഞ്ഞു ഇരുപത് വയസോളം പ്രായമുണ്ടാകും... വയർ ഗർഭിണികളെ പോലെ കുറച്ചു വീർത്തു നില്പുണ്ട്... എന്നാൽ വിവാഹിതയാണെന്നതിന്റെ യാതൊരു അടയാളവും കാണാനുമില്ല...

അവൾ സീറ്റിലേക്കിരുന്നു സർട്ടിഫിക്കറ്റ്സ്‌ എനിക്ക് നൽകി... പേര് മാനസ... വയസ് 21 റെസ്യുമെ പരിശോധിച്ചപ്പോൾ അവിവാഹിത എന്നു കണ്ടപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു.... "വിവാഹിത അല്ലെ? "....
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
"അല്ല സർ "
"നിങ്ങൾ പ്രെഗ്നന്റ് ആണോ"
ഞാൻ കുറച്ചു സംശയത്തോടെ ചോദിച്ചു...
"അതേ സർ.....ഞാൻ പ്രെഗ്നന്റ് ആണ്... എന്നാൽ വിവാഹിത അല്ല.... അത് മാത്രമല്ല... ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് എനിക്ക് അറിയില്ല.... "
അവൾ സംശയലേശമന്യേ പറഞ്ഞു...

എന്റെ മുഖത്ത് പുച്ഛം തെളിഞ്ഞു....
"സോറി തനിക്ക് ഈ ജോലി നൽകാനാവില്ല.... ആവശ്യമുള്ള യോഗ്യതകൾ എല്ലാം തനിക്കുണ്ട്... പക്ഷെ തന്നെപോലെ മോശം സ്വഭാവമുള്ള ഒരു പെണ്ണിനെ ജോലിക്കെടുക്കേണ്ട ഗതികേട് ഈ സ്ഥാപനത്തിനില്ല...'

"സർ മാന്യമായി സംസാരിക്കണം.... ഞാൻ അവിവാഹിതയാണ്.... പ്രെഗ്നന്റുമാണ്.... എന്നാൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാണിക്കാൻ ഒരാൾ ഇല്ല.... അങ്ങനെ ഒരാളെ എനിക്കറിയില്ല.... ഇരുളിൽ കാമർത്തിപൂണ്ടു എന്റെ ശരീരം കടിച്ചു കുടഞ്ഞ ചെന്നായ്ക്കളുടെ നിഴലുകൾ മാത്രമേ എന്റെ കണ്ണിലുള്ളൂ.... അവർ തിരിച്ചറിയൽ കാർഡ് നൽകിയിരുന്നില്ല എനിക്ക്,  എന്നെങ്കിലും മുന്നിൽ ചെന്നാൽ തിരിച്ചറിയാൻ....

അവരിലാരുടെയോ ബീജമെന്നിൽ ഒരു ജീവനായപ്പോൾ എന്തുകൊണ്ടോ കൊന്നുകളയാനായില്ല....
അതാണോ ഞാൻ ചെയ്ത തെറ്റ്....?  നിങ്ങൾ എന്നിൽ കാണുന്ന കുറവ്....?

ശരിയാണ്.... അവിവാഹിതയായ ഞാൻ ഗർഭത്തിൽ ചുമക്കുന്നത് ഒരു തെറ്റിനെയാവാം... എന്നാൽ എനിക്കീ തെറ്റിനെ കൊന്നുകളയാനായില്ല.... ഹാഷ്ടാഗുകളിലൂടെയുള്ള ആശ്വസിപ്പിക്കലുകളും,  മുറവിളി കൂട്ടലുകളും അടങ്ങിയപ്പോൾ ഉറ്റവരും സമൂഹവും എന്നെ കണ്ടത് കേവലം സഹതാപത്തോടെ മാത്രമായിരുന്നില്ല....

തീർത്തും ഒറ്റപെട്ടുപോയ എനിക്ക് ജീവിക്കാനുള്ള ഏക പിടിവള്ളിയാണ് ഇന്നെന്റെ ഉദരത്തിൽ....
താങ്കൾക്ക് എനിക്ക് ജോലി നൽകാതിരിക്കാം.... എന്നാൽ അതിനു എനിക്ക് യോഗ്യത ഇല്ലെന്ന് താങ്കൾ പറഞ്ഞ കാരണമുണ്ടല്ലോ.... അത് ഞാൻ സമ്മതിച്ചു നൽകില്ല..... സോറി സർ.. ഞാൻ പോകുന്നു.... "
സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി എഴുന്നേറ്റ അവളെ ഞാൻ അത്ഭുതത്തോടെ നോക്കി... ക്യാബിൻ ഡോർ തുറന്നു അവൾ പുറത്തേക്കിറങ്ങുമ്പോൾ എന്റെ ഹൃദയത്തിൽ അവൾ സ്ഥാനമുറപ്പിച്ചിരുന്നു...
കേവലം പണത്തിനു വേണ്ടിയും കാമത്തിന് വേണ്ടിയും അലയുന്ന,  ഞാൻ ഇന്നുവരെ കണ്ട പെൺ ശരീരങ്ങളൊന്നും സ്ത്രീകളല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു....
ആർത്തി മൂത്തു ഭ്രാന്തായവർ കടിച്ചു കുടഞ്ഞിട്ടും അവരിലാരുടെയോ ജീവൻ സ്വന്തം ഉദരത്തിൽ മുളപൊട്ടിയപ്പോൾ അതിനെ സംരക്ഷിച്ചു കൊണ്ട്... പ്രായത്തിലേറെ പക്വത കൊണ്ട് ജീവിതത്തോട് മത്സരിക്കുന്ന പെണ്ണ് ... ഇവളെനിക്ക് ഒരു അത്ഭുതമാണ്....
ഞാൻ ഇന്നുവരെ കണ്ടതൊന്നുമല്ല പെണ്ണ്.... ഇവളാണ് പെണ്ണ്... എന്നെന്റെ മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു.... മറ്റൊരാൾക്കും നൽകാതെ ഹൃദയത്തിൽ പൂട്ടിവച്ച എന്റെ പ്രണയം ഞാൻ അറിയാതെ പുറത്തേക്ക് വന്നു.... ഞാൻ വർഷങ്ങൾക്കു ശേഷം നിറഞ്ഞ മനസ്സോടെ ഒരു പെണ്ണിനെ തിരികെ വിളിച്ചു... ജോലിയിലേക്ക് മാത്രമല്ല.... ജീവിതത്തിലേക്ക് കൂടി....

2020, ജനുവരി 12, ഞായറാഴ്‌ച

athirvarambukal

അതേ അദ്ദേഹത്തെ എനിക്കിഷ്ടമാണ്.
അയാൾ നിന്റെ അധ്യാപകനാണ്..
അതിനു?
നിന്നെക്കാൾ ഇരുപതു വയസ്സ് കൂടുതലുണ്ട്... !
അതിനു?
അയാൾ വിഭാര്യനാണ് !
ഇതൊക്കെ എന്തിനു വീണ്ടും വീണ്ടും പറയുന്നു...
എനിക്കദ്ദേഹത്തെ ഇഷ്ടമാണ് !
വെറും ഇഷ്ടമല്ല.. പ്രണയമാണ് !
അദ്ദേഹവും എന്നെ പ്രണയിക്കുന്നു.
അദ്ദേഹം മധ്യവയസ്ക്കനായിരിക്കാം.
എന്നേക്കാൾ മുൻപ് മറ്റു സ്ത്രീയെ അറിഞ്ഞിരിക്കാം...
അതിലെന്തിരിക്കുന്നു?
അദ്ദേഹത്തിന്റെ രൂപം നിങ്ങളുടെ കണ്ണിൽ മോശമായിരിക്കാം.
എന്നാൽ അതെനിക്കെന്റെ പ്രണയമാണ്..
****************
മാഷേ... മാഷിനെന്നോട് പ്രണയമുണ്ടോ എന്ന് ഞാൻ ചോദിക്കില്ല..
വാക്കുകൾ കൊണ്ടൊരു മറുപടി എനിക്കാവശ്യമില്ല...
ഈ കണ്ണുകളിലേക്ക് നോക്കി മാഷിന്റെ മാറിൽ തല ചായ്ച്ചു കിടക്കുമ്പോൾ എനിക്കറിയാം
മാഷിന്റെ പ്രണയം...
ആ ഹൃദയമിടിപ്പ് പോലും എനിക്കുള്ളതാണെന്ന്..
സമൂഹം എന്ത് പേരിട്ടു വിളിക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല..
ഞാൻ ജീവിക്കുന്നത് മാഷിനുള്ളിൽ അല്ലെ..
മാഷിന് ഭയമുണ്ടോ സമൂഹത്തെ?
അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി
അശ്ലീലം പറയുന്ന സമൂഹത്തെ....
ഇല്ലെന്നെനിക്കറിയാം.... അതിനും മേലെയാണല്ലോ മാഷിന് എന്നോടുള്ള പ്രണയം....
പ്രണയത്തിനു യാതൊരു അതിർവരമ്പുകളും ഇല്ലാ... അതിരുകൾ ഉള്ളത് പ്രണയമാവില്ല..
പരിധികൾ നിശ്ചയിക്കുന്നത് ആരാണ്...
ഞാനും എന്റെ മാഷും പ്രണയിച്ചോട്ടെ...
Sruthy Mohan

vidarum munne

വിടരും മുന്നേ......
ഒരു കൊച്ചു മൊട്ടായിരുന്നു ഞാൻ. ലോകത്തിന്റെ മായകാഴ്ചകൾ കാണാൻ ഒരു അവസരം കാത്തിരുന്ന, ഒരു കൊച്ചു മൊട്ട്.... വിടരാൻ ഏതാനും മാസങ്ങൾ മാത്രം മതിയെന്ന ഓർമയിൽ ഞാൻ മതി മറന്നു...
എന്നാൽ അതെന്റെ അത്യാഗ്രഹമായിരുന്നു....
ജീവന്റെ തുടിപ്പ് പകർന്നു നൽകിയവർ തന്നെ എന്നെ വെറുത്തു....
വെളിച്ചത്തിന്റെ ലോകത്തേക്ക് പോകാൻ കാത്തിരുന്ന എന്നെ തേടി ഇരുട്ടിലൂടെ ഒരു കത്രികയെത്തി..
മുറിച്ചു മാറ്റപ്പെട്ടു എന്റെ കൈ കാലുകൾ...
വേദന കൊണ്ട് ഞാൻ പുളഞ്ഞു.
ആദ്യമായും അവസാനമായും അമ്മേ എന്ന വാക്കാണ് വിങ്ങലായി കണ്ണീരിനൊപ്പം പുറത്തു വന്നത്...
ഒടുവിൽ ശിരസ്സും കഴുത്തിൽ നിന്നു വേർപെട്ടു.... അതേ പുറംലോകത്തെ വെളിച്ചം കാണാനാവാതെ ഞാൻ പുറത്തു വന്നു... കേവലം മാംസക്കഷ്ണങ്ങളായി... ഞാൻ മരിച്ചുപോയ്....
എങ്കിലും എനിക്ക് ജീവൻ നൽകിയവർ പറഞ്ഞു... ഞാൻ ജനിച്ചില്ലെന്നു...
അതേ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്നെനിക്കും ബോധ്യമായി . ....
അമ്മയുടെ ഗർഭഗൃഹത്തിൽ നിന്നും പുറത്തു വന്നാൽ മാത്രമാണോ ജീവന് വിലയുള്ളത്. .?
അല്ലാ.....അതിനു മുന്പും ഞാനും എന്നെ പോലെ മറ്റെല്ലാവരും ജീവിക്കുക തന്നെ ആയിരുന്നു.... ഇരുണ്ട അറക്കുള്ളിൽ കാണാത്ത നിങ്ങളുടെ മുഖം കാണാനായി, ഈ ലോകത്തിലേക്ക് കടന്നു വരാനായി വെമ്പി നിൽക്കുകയായിരുന്നു...
ആ എന്നെയാണ് നിങ്ങളിന്നു ഒരു പിടി മാംസകഷ്ണങ്ങൾ ആക്കി മാറ്റിയത്....
എനിക്കും ആഗ്രഹങ്ങൾ ഉണ്ടായിരുന്നു...
എനിക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു...
എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾക്കുമുന്നിൽ നിങ്ങൾ എന്നെ മറന്നു കളഞ്ഞു മനഃപൂർവം......
( ഒരിക്കലും നിങ്ങൾ ആഗ്രഹിച്ചില്ല എന്ന കാരണത്താൽ ഒരു ജീവൻ ഇല്ലാതാക്കരുത് എത്രപേര് ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നോ.. എലികുട്ടിയോളം വലിപ്പമില്ലെങ്കിലും, നമ്മൾ കണ്മുന്നിൽ കണ്ടില്ലെങ്കിലും... അതുഒരു ജീവനാണ്..)
Sruthy Mohan

2019, ജൂൺ 22, ശനിയാഴ്‌ച

എന്റെ അച്ഛൻ ......

അച്ഛനെയാണെനിക്കിഷ്ടം

പെണ്കുഞ്ഞുങ്ങൾ ചിലവാണെന്ന ചിന്തഗതി തലച്ചോറിൽ പടർന്നു കിടക്കുന്ന കാലത്തു  പാലക്കാടൻ ഉൾഗ്രാമത്തിൽ രണ്ടാമത്തെ പെണ്കുഞ്ഞായി അതും ഇരുണ്ട നിറത്തിൽ ഞാൻ ജനിച്ചപ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു. ഒരിക്കലും  കടലോളം വാത്സല്യം നൽകിയല്ല എന്നെ എന്റെ അച്ഛൻ വളർത്തിയത്. ചെറുപ്പം മുതൽക്കേ ചേച്ചിയെ പോലെ മുടി നീട്ടിവളർത്തിയോ പാട്ടുപാവാട ധരിച്ചോ, നൃത്തം  പഠിച്ചോ അല്ല ഞാൻ വളർന്നത്. അനിയനെ പോലെ ബനിയനും ട്രൗസറും ഇട്ട് മുടി ബോയ് കട്ട് ഉം ഷോൾഡർ കട്ട് ഉം ചെയ്ത് മരത്തിൽ കയറിയും കനാലിൽ ചാടിമറിഞ്ഞും ആൺകുട്ടികളുടെ കൂടെ അവരിൽ ഒരാളായും. അങ്ങനെ ഒരു ആൺകുട്ടി ആയാണ് ഞാൻ വളർന്നത്. അല്ല. എന്നെ വളർത്തിയത്. ഒരിക്കലും ഞാൻ എന്തിന്റെ പേരിലും പുറകിലാകരുതെന്ന് അച്ഛൻ കരുതിയിരുന്നിരിക്കണം. "നീഗ്രോ" എന്ന  ചേച്ചിയുടെയും അനിയന്റെയും കളിയാക്കലുകളിൽ  പിന്തിരിഞ്ഞു പോകാനാണ്, കരഞ്ഞു തളരാനല്ല എന്നെ അച്ഛൻ പഠിപ്പിച്ചത്. എന്നെ സ്വയം മിനുക്കി  എടുക്കുവാൻ "നീ ഒട്ടും മോശമല്ല. നീ ആണ് പെർഫെക്റ്റ്" എന്ന തോന്നൽ ഉണ്ടാക്കുവാനായി എന്നെ കുറെ നല്ല ചിട്ടകൾ നിർബന്ധപൂർവം പഠിപ്പിച്ചു.ആദ്യമെല്ലാം എനിക്ക് വലിയ വിഷമമായിരുന്നു. ചേച്ചി സുന്ദരിയായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്നു. ഞാൻ കുഞ്ഞു ചെറുപ്പത്തിലേ ഒരുപാടു ഉത്തരവാദിത്വങ്ങളുമായി നടക്കുന്നു. കോയമ്പത്തൂരിൽ നിന്നും അച്ഛൻ വരുമ്പോൾ ചേച്ചി അച്ഛന്റെ തോളിലേക്ക് ചാടിക്കയറി ഇരിക്കുമായിരുന്നു. ആദ്യത്തെ കണ്മണി. അതും അച്ഛന്റെ തനി പകർപ്പായ ചേച്ചിയോടായിരുന്നു അച്ഛനെന്നും ഏറ്റവും ഇഷ്ടം. പുറത്തു പോകുമ്പോൾ ചേച്ചിയെ കൂടെ ചേർത്ത് പിടിച്ചിരുന്നു എന്നും അച്ഛൻ. അച്ഛനോട് കുസൃതി കാണിക്കുവാൻ അവകാശം ചേച്ചിക്ക് മാത്രമായിരുന്നു. എങ്കിലും അച്ഛന് ഏറ്റവും വിശ്വാസം എന്നിലായിരുന്നു. ഞാൻ ഒരിക്കലും അച്ഛനോട് കള്ളം പറഞ്ഞിരുന്നില്ല. അച്ഛൻ പരിശീലിപ്പിച്ച എന്റെ ശീലങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ അപകർഷതാബോധം മാറ്റുവാൻ അച്ഛൻ ശ്രെമിച്ചിരുന്നു.  ഒരിക്കലും ഞാൻ അച്ഛനോട് ഒന്നും ആവശ്യപെട്ടിരുന്നില്ല.എങ്കിലും അച്ഛൻ എനിക്ക് അറിഞ്ഞു തന്നു കുറെ നല്ല ശീലങ്ങൾ. സ്വയം തീരുമാനങ്ങൾ എടുക്കുവാനും, രാത്രിയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുവാനും അച്ഛൻ എനിക്ക് ധൈര്യം തന്നു. അച്ഛൻ എന്നെ കൈ പിടിച്ചു നടത്തിയിട്ടില്ല. പകരം സ്വന്തം വഴി കണ്ടെത്താൻ എനിക്ക് വഴി കാട്ടുകയായിരുന്നു. എന്നിട്ടും എന്നിൽ ബാക്കിയായിരുന്ന ഭയത്തെ അകറ്റുവാൻ , ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എടുക്കേണ്ട തീരുമാനം  എടുക്കുന്നതിനു വൈകിയതിന് അച്ഛൻ എന്നെ ആദ്യമായി അടിച്ചു. അതുവരേക്കും ഒരിക്കൽപോലും അച്ഛൻ എന്നെ അടിച്ചിട്ടില്ല,. അച്ഛന്റെ അഭിമാനമായിരുന്നു ഞാൻ. ആദ്യമായും അവസാനമായും എന്റെ അച്ഛൻ അന്നാണ് എന്നെ അടിച്ചത്. അതിൽ വേദന തോന്നിയില്ല. എന്റെ ഉള്ളിലെ ഭയത്തെ എടുത്തു കളയുവാനായും ധൈര്യത്തേ പുറത്തു കൊണ്ടുവരുവാനും  സഹായിച്ചു.
പിന്നെ അച്ഛൻ എന്നെ വിട്ടുപോയപ്പോൾ എനിക്ക് എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തും സഹിക്കുവാനും ഉറച്ച തീരുമാനങ്ങളെടുക്കുവാനും എന്നെ പഠിപ്പിച്ച അച്ഛനോട് എനിക്കെന്നും ഇഷ്ടമാണ്. പക്ഷെ ഒന്നിനുമാത്രം വിഷമമുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ വിവാഹത്തിന് എന്റെ കൈപിടിച്ച് കൊടുക്കുവാൻ അച്ഛൻ കൂടെ ഉണ്ടായില്ല എന്നത്. അതൊരു തീരാ വിഷമമാണ്. അച്ഛനെ ഞാൻ സ്നേഹിച്ചിട്ടില്ലേ എന്ന് ഇടക്കിടക്ക് തോന്നാറുണ്ട്. അച്ഛൻ എനിക്കൊരു അവസരം നൽകിയില്ലെന്ന തീരാവിഷമം എന്റെ നെഞ്ചിൽ കെട്ടിക്കിടക്കുകയാണ്.

ആരുടേയും മുന്നിൽ തല താഴത്താതെ വളർത്തിയ പല നല്ല ശീലങ്ങളും എനിക്ക് പകർന്നു നൽകിയ അച്ഛന് ശേഷം എനിക്ക് കിട്ടിയ മറ്റൊരു അച്ഛനുണ്ട്. പ്രായം കൊണ്ടും സ്ഥാനം കൊണ്ടും എന്റെ അച്ഛനാകുവാൻ ഇടയില്ലാത്ത ഒരാൾ. അച്ഛൻ പോയതിനു ശേഷം മൂടിക്കെട്ടി വച്ചിരുന്ന എന്റെ മനസ്സിലേക്ക് ചൂഴ്ന്നു നോക്കുവാനും, ഞാനിട്ട മുഖം മൂടി വലിച്ചഴിച്ചു എന്നെ ഞാനാക്കുവാനും എനിക്ക് സ്വന്തമെന്ന തോന്നലുണ്ടാക്കിയും എന്റെ കൂടെ എന്നെ ശാസിച്ചും സ്നേഹിച്ചും വാത്സല്യം കണ്ണിലും നെഞ്ചിലും ഒളിപ്പിച്ചും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നു ഉറപ്പു നൽകിയ ഒരാൾ. ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് അച്ഛൻ എന്റെ കൂടെ ഉണ്ടെന്നു. എന്റെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി സ്വയം കണ്ടെത്തുന്നതിന് എന്നെ പര്യാപ്തയാക്കിയും എന്റെ അച്ഛനായ ഒരാൾ. എന്നാൽ അച്ഛനെന്നു മാത്രം ഞാൻ വിളിക്കില്ല.   ഞാൻ മനസ്സിൽ കെട്ടിവച്ചിരുന്ന എന്റെ അച്ഛനോടുള്ള സ്നേഹം മുഴുവനായി ഞാൻ ഇപ്പോൾ പ്രകടിപ്പിക്കുകയാണ്. നന്നിയുണ്ട് എന്റെ അച്ഛനോട്. എന്നെ ഞാനാക്കിയതിനു. ഞാനായി ജീവിക്കാൻ പഠിപ്പിച്ചതിനു. എന്റെ കൂടെ ഉള്ളതിന്.

2019, ജൂൺ 20, വ്യാഴാഴ്‌ച

അച്ഛൻ

നീയെന്റെ മകളായിരുന്നു ഒരിക്കൽ .....
എന്നെ എന്തിന്റെ പേരിലാണെങ്കിലും നിന്റെ അമ്മയിൽ നിന്നും അടർത്തി മാറ്റിയത് നീയാണ് ...
നിന്നോടെനിക്ക് ക്ഷമിക്കാനാവുമായിരിക്കും. എന്നാൽ ഒരിക്കലും നിന്നെ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കിനിയാവില്ല.
എന്റെ ചുറ്റുമുള്ള പലരിൽ ഒരുവൾ മാത്രമാണ് നീ..
അതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കരുത്..
ഭൂമിയിൽ പിറവിയെടുക്കുന്നതുവരേക്കും നിന്നെ ഞാൻ എന്റെ സ്വന്തമായി കണ്ടു .. എന്നാൽ ഇപ്പോൾ നീ എനിക്ക് അന്യയാണ്. വെറുമൊരു അന്യ..