2020, ഡിസംബർ 27, ഞായറാഴ്‌ച

🧡🧡ബദ്രിനാഥ്‌ 🧡🧡 ഭാഗം 1





ബദ്രിനാഥ്

***********

കയ്യില്‍ കിട്ടിയ വസ്ത്രങ്ങളും , മൊബൈര്‍ ചാര്‍ജ്ജറും ടോര്‍ച്ചും ബാക്ക്പാക്കില്‍ കുത്തി am നിറക്കവെ, എന്‍റെ പുറകില്‍ ഒരു ചവിട്ടു കിട്ടി. ഞാന്‍ ഒരു വശത്തേക്ക് ചരിഞ്ഞപ്പോള്‍ ബാഗിലെ വസ്ത്രങ്ങള്‍ താഴേക്ക് വീണു. തിരിഞ്ഞ് നോക്കിയപ്പോള്‍ ഉറക്കപ്പിച്ചില്‍ എന്തൊക്കെയോ പറഞ്ഞ് കിടക്കയില്‍ ഒരു യുദ്ധം നടത്തുകയാണവള്‍.

ഇടിക്കെടാ ഏട്ടാ അവനെ....അവന്‍റെ പല്ലിടിച്ചു കൊഴിക്ക്.. അവള്‍ ഉറക്കത്തില്‍ അസ്പഷ്ടമായി പറഞ്ഞുകൊണ്ടിരുന്നു.

എന്‍റെ മുഖത്തൊരു ചിരി വിരിഞ്ഞു. കുഞ്ഞോളെ...ടീ എണീക്ക് പോവണ്ടേ...ദേ ഇങ്ങനെ കിടന്നാല്‍ ഞാന്‍ ഒറ്റക്കങ്ങ് പോവും... ഞാന്‍ അവളുടെ തോളില്‍ പിടിച്ചു കുലുക്കികൊണ്ടു പറഞ്ഞു.

അവള്‍ പാതി മയക്കത്തില്‍ എഴുന്നേറ്റിരുന്നു. പോവാറായോടാ ഏട്ടാ.... നമ്മള് നമ്മുടെ പടക്കുതിരയിലല്ലേ പോവണേ...അപ്പോ കൊറച്ച് നേരം കൂടി കഴിഞ്ഞാലും കൊഴപ്പല്യാല്ലോ.. ഒരു പത്തു മിനിറ്റ് കൂടി ടാ...അവള്‍ ഇരുന്ന് ഉറങ്ങി തുടങ്ങി.

ടീ പെണ്ണേ....എണീക്കെടീ....ഞാന്‍ ദേ തലയിലൂടെ വെള്ളം ഒഴിക്കുന്ന വരെ ഇണ്ടാവും ട്ടാ....

ഓോോ......അവള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കിടക്കയില്‍ നിന്നും താഴോട്ടിറങ്ങി. ബെഡ്ഷീറ്റ് കിടക്കയില്‍ നിന്നും തറയിലേക്ക് ഊര്‍ന്നുവീണു. അതൊന്നും കാര്യമാക്കാതെ അവള്‍ ബാത്റൂമിലേക്ക് നടന്നു.

ഈ പെണ്ണിനെ കൊണ്ട് തോറ്റു. ഇവളെന്നാണൊന്ന് നന്നാവാ..... ബെഡ്ഷീറ്റ് എടുത്ത് കട്ടിലിലേക്കിട്ട് ഞാന്‍ പിറുപിറുത്തു.

നീ പോടാ പരട്ട ഏട്ടാ...ആദ്യം നീ നന്നാവെടാ... ബാത്റൂമിലേക്ക് പോകവേ അവള്‍ വിളിച്ചുപറഞ്ഞു.

******************************************************************

അവള്‍ എന്‍റെ കുഞ്ഞോള്‍....

എന്‍റെ അച്ഛനും അമ്മയ്ക്കും ഞാന്‍ ജനിച്ച് പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ജനിച്ചവള്‍....പ്രസവത്തോടെ അമ്മ മരണപ്പെട്ടപ്പോള്‍ അമ്മയെ അതിയായി സ്നേഹിച്ച അച്ഛന് വലിയൊരാഘാതമായിരുന്നു. പിന്നീട് അതികകാലം അച്ഛനുമുണ്ടായില്ല.

ഇവളെ ഞാനെന്‍റെ മകളായി സ്നേഹിച്ചു. മാതാപിതാക്കളുടെ സ്നേഹവും, ഏട്ടന്‍റെ പിന്തുണയും എല്ലാം നല്‍കി എന്‍റെ കയ്യില്‍ കിടന്നവള്‍ വളര്‍ന്നു. അവളുടെ അച്ഛനും അമ്മയും ഏട്ടനും എല്ലാം ഞാനാണ്. എന്‍റെ വളര്‍ത്തുഗുണത്തിനെ പറയിപ്പിക്കുവാനായി എല്ലാ കുറുന്പുകളും അവള്‍ക്കുണ്ട്. എന്നും സ്കൂളില്‍ തല്ലുണ്ടാക്കിയും, വഴിയില്‍ കാണുന്ന മരത്തിന് കല്ലെറിഞ്ഞും, ആളുകളെ കളിയാക്കിയും എനിക്ക് ചീത്ത വാങ്ങിതരുന്നതാണവളുടെ സ്ഥിരം ജോലി. പതിമൂന്ന് വയസ്സായിട്ടും അവളുടെ കുറുന്പിനും തല്ലുകൊള്ളിത്തരത്തിനും ഇന്നും ഒരു കുറവുമില്ല. അവളുടെ കുറുന്പ് കണ്ട് അമ്മയില്ലാതെ വളര്‍ന്ന പെണ്‍കുട്ടികള്‍ ഇങ്ങനെയാവും, ഇതെന്താ സാധനം പെണ്‍കുട്ടി തന്നെയാണോ

എന്ന് നാട്ടുകാര് പറയുന്പോള്‍ അവരോട് വഴക്കിട്ട് കയറി വന്ന് കുഞ്ഞോളെ രണ്ട് ചീത്ത വിളിച്ചാല്‍ കണ്ണുനിറച്ചൊരു നോട്ടമുണ്ട്. അതില്‍ എന്‍റെ എല്ലാ ദേഷ്യവും വിഷമവും ഒഴുകിപോവും.

അവളുടെ കണ്ണ് നിറഞ്ഞാല്‍ പിടക്കുന്നതെന്‍റെ ഹൃദയമാണ്. അതെങ്ങിനെയാ..എന്‍റെ മകളല്ലേ അവള്‍...

എനിക്ക് മാത്രം അവകാശപ്പെട്ടവള്‍....

അവളുടെ പത്താം വയസ്സിലാണ് അവള്‍ ബദ്രിനാഥിലേക്ക് പോകണമെന്ന് ഒരാഗ്രഹം തമാശരൂപേണ എന്നോട് പറഞ്ഞത്. എന്‍റെ കുഞ്ഞോളല്ലേ.

അവളെന്ത് പറഞ്ഞാലും ഞാന്‍ സാധിച്ചുകൊടുക്കും.

അപ്പോഴുണ്ട് അവളുടെ അടുത്ത ആഗ്രഹം.

മറ്റൊന്നുമല്ല.

അവള്‍ക്ക് ബുള്ളറ്റില്‍ വേണം ബദ്രിനാഥില്‍ പോവാനത്രേ...

അതുകേട്ടപ്പോള്‍ ഞാന്‍ ദൃതംഗപുളകിതനായി ....

വേറെ ഒന്നുമല്ല. അവളുടെ ബുള്ളറ്റിന്‍റെ ഡ്രൈവര്‍ ഞാനാണല്ലോ ...സംഗതി എന്തായാലും പറഞ്ഞതെന്‍റെ കുഞ്ഞോളാണ്.

ബുള്ളറ്റ് വാങ്ങട്ടെ മോള...നമുക്ക് പോവാം....ഞാനും സമ്മതിച്ചു.

ഇന്നിപ്പോ ദേ ഞങ്ങള്‍ യാത്രക്കൊരുങ്ങുകയാണ്.

************************************************************

കുളിച്ചെന്നുവരുത്തി ബാത്റൂമില്‍ നിന്നും ഇറങ്ങിവന്ന അവളുടെ തലമുടിയില്‍ നിന്നും വെള്ളം ഇറ്റുവീഴുന്നുണ്ടായിരുന്നു.

എന്തിനാ കുഞ്ഞോളെ നീ തല കുളിച്ചെ....ഈ തണുപ്പത്ത് ഇനി ജലദോഷം വരുത്തി വെക്കാനാണോ....

ആഹ്.......കുളിച്ചില്ലേല്‍ അടുത്ത് നിര്‍ത്തില്ല. കുളിച്ചാല്‍ കുറ്റോം പറയും. നിന്നെകൊണ്ട് തോറ്റല്ലോടാ....

അവള്‍ പരിഭവിച്ചു.

ഞാന്‍ തോര്‍ത്തെടുത്ത് അവളുടെ തല നന്നായി തുവര്‍ത്തി. ഹെയര്‍ ഡ്രയര്‍ എടുത്ത് മുടിയുണക്കി.

എന്‍റെ വളര്‍ത്തു ഗുണമായതിനാല്‍ അവള്‍ക്ക് കുറച്ചു മുടിയേ ഉള്ളൂ...

അവള്‍ വേഗം വസ്ത്രം മാറി വന്നു.

ഭക്ഷണം കഴിക്കാനൊന്നും നില്‍ക്കാതെ ഞാന്‍ അവളേയും കൂട്ടി പുറത്തേക്ക് നടന്നു. പുറത്തിരുന്ന ഞങ്ങളുടെ പടക്കുതിരയില്‍ ഒരു ബാഗ് വച്ചുകെട്ടി. മറ്റൊന്ന് അവള്‍ പുറത്തിട്ടു. അവളുടെ തലയിലെ ക്യാപ് ശരിയാക്കി ഞാന്‍ ബുള്ളറ്റില്‍ കയറി ഇരുന്നു. വീടിനു ടാറ്റാ കൊടുത്ത് അവള്‍ എന്‍റെ പുറകിലേക്ക് കയറി ഇരുന്നു പറഞ്ഞു. പോവാം ഏട്ടാ.......

*********************************************************

അങ്ങനെ ഞങ്ങള്‍ ബദ്രിനാഥിലേക്ക് യാത്ര ആരംഭിക്കുകയാണ്. ഹെല്‍മറ്റ് വച്ചിട്ടുണ്ടെങ്കിലും തണുത്ത കാറ്റടിച്ച് കണ്ണില്‍ നിന്നും വെള്ളം ഇരുവശത്തേക്കും ഒഴുകി...

പുലര്‍ച്ചെ തണുപ്പത്ത് ഇതുപോലുള്ള യാത്രകള്‍ ഞങ്ങള്‍ക്കിടയില്‍ സാധാരണമാണ്.

ഇടക്ക് ഉറങ്ങികൊണ്ടിരിക്കുന്പോഴാവും അവള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് പുറത്തുപോകണമെന്ന ആഗ്രഹം പറയുന്നത്. ആദ്യം അവളെ കുറേ ചീത്ത വിളിക്കുമെങ്കിലും പെണ്ണിന്‍റെ വാശി അറിയാവുന്നതുകൊണ്ട് ഞാനെണീറ്റ് പോവുകയാണ് പതിവ്.

പക്ഷേ ആ യാത്രകള്‍ എല്ലാം വളരെ മനോഹരങ്ങളായിരുന്നു. പ്രകൃതിയെ അറിഞ്ഞ് തണുത്ത ശുദ്ധവായു ശ്വസിച്ച്.....എങ്ങോട്ടെന്നില്ലാതെ........

രാവിലെ ഏഴുമണിയോടെ കോയന്പത്തൂരിലെത്തി....

അവള്‍ എന്‍റെ പുറകില്‍ തലചാരിയിരുന്ന് ഉറങ്ങുകയാണ്.

ഏറെ നേരമായ യാത്രയായതിനാല്‍ ഞാന്‍ ആദ്യം കണ്ട ഹോട്ടലിനു മുന്നില്‍ വണ്ടി നിര്‍ത്തി.

കുഞ്ഞോളെ .... ടീ എണീക്ക്...

അവള്‍ കണ്ണുതിരുമ്മി എണീറ്റു..

എന്താ ഏട്ടാ എത്തിയോ....

അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിയും ദേഷ്യവും ഒന്നിച്ച് വന്നു.

ഇറങ്ങ് മോളെ...വല്ലതും കഴിച്ച് പോകാം....

എനിക്ക് വിശക്കണില്ലെടാ....

നിനക്ക് വിശക്കില്ല...പക്ഷേ എനിക്ക് നല്ല വിശപ്പുണ്ട്..ഞാന്‍ അവളേയും കൂട്ടി ഹോട്ടലിനകത്തേക്ക് കയറി. ഏഴുമണിയേ ആയിട്ടുള്ളൂ..ഹോട്ടലില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.

ദോശയുടെ പകുതി വലുപ്പമുള്ള ഇഡ്ഡലിയാണ് കിട്ടിയത്. ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞോളുടെ പ്ലേറ്റ് കാലിയായിരുന്നു.

തീരെ വിശപ്പില്ലാല്ലേ......

ഞാന്‍ അവളെ കളിയാക്കി.

രാവിലെ പഴങ്കഞ്ഞി കഴിച്ച് ശീലിച്ച എന്നെകൊണ്ട് ഇഡ്ഡലി കഴിപ്പിച്ച കുഞ്ഞോളോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം ഞാന്‍ രണ്ട് ഇഡ്ഡലി കൂടുതല്‍ കഴിച്ചു. എന്താണെങ്കിലും തമിഴ്നാട്ടിലെ സാന്പാറിന്‍റെ ഒരു മണോം ടേസ്റ്റും ഉണ്ടല്ലോ.....ഹോ....

സൂപ്പറാ....

ഭക്ഷണം കഴിച്ച് ടോയ്ലറ്റില്‍ പോയി വന്ന അവളേയും കൂട്ടി ഞാന്‍ വീണ്ടും യാത്ര ആരംഭിച്ചു.

യാത്രയില്‍ മനസ്സുനിറയെ എന്‍റെ കുഞ്ഞോള്‍ടെ ആഗ്രഹം നടത്തുകയാണെന്ന സന്തോഷമായിരുന്നു. ട്രെയിനില്‍ പോകുന്നതാണ് സേഫ് എന്നറിയാമെങ്കിലും ,  എന്‍റെ മോള്‍ടെ ആഗ്രഹം കൊണ്ട് മാത്രമാണ് ഈ ഒരു റിസ്ക് എടുത്തിട്ടുള്ളത്. എന്‍റെ പുറകില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന അവളെ കുറിച്ചുള്ള ഓരോ ചിന്തകളും എന്‍റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. അവളുടെ സൂപ്പര്‍ ഹീറോ ഞാനാണ്. അവളോട് എന്തിനെ കുറിച്ച് ചോദിച്ചാലും ഇഷ്ടങ്ങള്‍ അന്വേഷിച്ചാലും ഒടുവില്‍ എന്നിലേക്കാണ് എത്താറുള്ളത്. അപ്പോള്‍ അവള്‍ പറയുന്ന ഡയലോഗാണ് ....എന്‍റെ സൂപ്പര്‍ ഹീറോ ആണ് ഏട്ടന്‍ന്ന്..............

*********************************************************

പോലീസ് സ്റ്റേഷനു മുന്നിലെ ബെഞ്ചില്‍ ഇരുവശത്തുമായി കൈകള്‍ ഊന്നി താഴേക്ക് നോക്കിയിരിക്കെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. 

കുഞ്ഞോള്‍ക്ക് ഒരിക്കലും കാണുവാന്‍ ആഗ്രഹമില്ലാത്ത എന്‍റെ കണ്ണുനീര്‍.....

ധരിച്ചിരുന്ന സ്വെറ്റര്‍ ഉയര്‍ത്തി പാന്‍റ്സിന്‍റെ പോക്കറ്റില്‍ നിന്നും ഫോണ്‍ കയ്യിലെടുത്തു. വാള്‍പേപ്പറില്‍ മൂക്കിനു താഴെ കണ്‍മഷിയാല്‍ മീശ വരച്ചു ചിരിച്ചു നില്‍ക്കുന്ന കുഞ്ഞോളുടെ ഫോട്ടോയിലേക്ക് നോക്കുന്പോള്‍ ഹൃദയം തകരുന്നതുപോലെയാണ് തോന്നുന്നത്. 

വിരല്‍കൊണ്ട് അവളുടെ ഫോട്ടോക്ക് മീതെ തഴുകികൊണ്ട് ഞാന്‍ ചോദിച്ചു.. കുഞ്ഞോളെ നീ എവിടെയാ.....

പുറത്തുവന്നു നിന്ന പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി അകത്തേക്ക് പോയ ഇന്‍സ്പെക്ടര്‍ സിവില്‍ പോലീസ് ഓഫീസറോട് ചോദിച്ചു. 

വഹ് വഹാം കിസ് ലിയേ ബേഠാ ഹേ..

( അയാളെന്താ അവിടെ ഇരിക്കുന്നത്)

സര് ഉ്സ്കി  ബഹന്‍ ഭീ ആജ് കീ ഭുസ്ക്കലാന്‍ മേ ലാപ്താ ഹേ.

( സര്‍ ഇന്നുണ്ടായ മണ്ണിടിച്ചിലില്‍ അയാളുടെ സഹോദരിയെയും കാണാതായിട്ടുണ്ട്.)

ഹ്മ്മ്....ഉസേ ഏക് ശികായത് ലിഖേ ഓര്‍ ഉസ് ചോട്നേ കേലിയേ കഹേ....

(ഹ്മ്മ്മ്....അയാളോട് പരാതി എഴുതി നല്‍കി പൊയ്ക്കൊള്ളാന്‍ പറയ്)

ഉന്ഹേം ബതായേ കീ ആപ്കോ ജാന‍്കാരീ മില്‍നേ പര്‍ മേ ആപ്കോ ബതാ സക്താഹൂം.

(വിവരം ലഭിക്കുന്പോള്‍ അറിയിക്കാമെന്ന് പറയ്)

യെസ് സര്‍.....

ഫിര്‍ അപ്നാ മൊബൈല്‍ നന്പര്‍ ഭി ലിഖ്നാ ന ബൂലേ...

( ഹാ പിന്നേ അയാളുടെ മൊബൈല്‍ നന്പറും എഴുതി വാങ്ങിക്കോ ....മറക്കണ്ട)

ഹാം സര്‍

പുറത്തിറങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ തൊപ്പി അഴിച്ച് കയ്യില്‍ പിടിച്ച് എന്‍റെ അരികിലേക്ക് വന്നു. അയാള്‍ അരികില്‍ എത്തിയത് പോലും അറിയാത്ത വിധം ഫോണിലേക്ക് ഉറ്റുനോക്കിയിരുന്ന എന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി റൂള്‍ തടികൊണ്ട് ബെഞ്ചിന്‍റെ കയ്യില്‍ തട്ടി. 

ശബ്ദം കേട്ട് കണ്ണുയര്‍ത്തിയ ഞാന്‍ പോലീസുകാരനെ കണ്ടപ്പോള്‍ ചാടി എഴുന്നേറ്റു.

കോയീ ബീ ജാന്‍കാരീ.....സര്‍ ....

(സര്‍ എന്തെങ്കിലും വിവരം )

സര്‍, മേരീ ബഹന്‍ കേ ബാരേ മേ കോയീ ജാന്‍കാരീ മിലാ ക്യാ ആപ്കോ.....വഹ് മലയാളം ചോട്കേ ഓര്‍ കോയീ ഭാഷ നഹീ ജാന്‍തീ...

(സര്‍ എന്‍റെ സഹോദരിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചുവോ....അവള്‍ക്ക് മലയാളം അല്ലാതെ മറ്റൊരു ഭാഷയും അറിഞ്ഞുകൂടാ...)

ഞാന്‍ നിര്‍ത്താതെ പറഞ്ഞപ്പോള്‍ അയാള്‍ കയ്യെടുത്തു വിലക്കി..

ഏക് ശിഖായത് ലിഖേ ജാവോ...ഓര്‍ ഇസ്കേ ബാരേ മേ കുച് പതാ ചല്‍ ഗയാ തോ  മേ ആപ്കോ ബതാവൂംഗാ ഓര്‍ ചോട്ദീ....ജാന്‍കാരീ മില്‍നേ പര്‍ ബതാദൂം...

(താന്‍ ഒരു പരാതി എഴുതി നല്‍കി പൊക്കോള്ളൂ...വിവരം ലഭിച്ചാല്‍ ഞങ്ങള്‍ അറിയിക്കാം..)

സര്‍......

യേ ഇദര്‍ ഹമേശാ ഹോനേ രക്താ ഹേ...ഭുസ്ക്കലാന്‍ ഓര്‍ ഗയബ് ഹുയേ ലോഗ്...കബീ കബീ ഏക് ഭുസിക്കലന്‍ ഹോതാ  ഹേ ഇസ് മേ ഗാഡീ ബീ ഗയാബ് ഹോതാ ഹേ.... 

ലംബീ ദൂരീ പര്‍ ഭുസ്ക്കലന്‍ കേ കാരണ്‍ പൂരാ റോഡ് ബി ബ്ലോക്ക് ഹോ ജാത്താ ഹേ...

(ഇതിവിടെ സ്ഥിരം പതിവാണ്. മണ്ണിടിയുന്നതും, ആളുകളെ കാണാതാവുന്നതും. ചിലപ്പോഴെല്ലാം വാഹനങ്ങളടക്കം മണ്ണിടിയുന്നതില്‍പ്പെടാറുണ്ട്. വളരെ ദൂരം മണ്ണിടിയുന്നതിനാല്‍ റോഡ് വരെ ഇടക്കിടെ ബ്ലോക്കാവാറുണ്ട്.)

ജബ് ഏക് ചോട്ടീ ബച്ചേ കോ ലാനേ കീ ബാത് ആതേ ഹേ, തോ ജഗഹ് കീ അച്ഛീ സമജ് ഹോനാ ജരൂരി ഹൈ..

(ചെറിയ കുട്ടിയെ കൂട്ടികൊണ്ടുവരുന്പോള്‍ വരുന്ന സ്ഥലത്തിനെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുവേണ്ടേ വരുന്നതിന്)

അയാള്‍ കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു. 

ആപ് ചലേ ജാവോ, ഇസ്കി ബാരേ മേ കുച് പതാ ചലാ തോ ഹം ആപ്കോ ബതാവൂംഗാ...ശിഖായത് മേ അപ്നാ മൊബൈല്‍ നന്പര്‍ ലിഖേ...

(താന്‍ പൊയ്ക്കോളൂ. വിവരം കിട്ടിയാല്‍ ഞങ്ങള്‍ അറിയിക്കും. മൊബൈല്‍ നന്പര്‍ കൂടി പരാതിയില്‍എഴുതി ചേര്‍ത്തോളൂ.)

അയാള്‍ പറഞ്ഞുനിര്‍ത്തി അകത്തേക്ക് നടന്നു.

തീര്‍ത്തും തനിച്ചായതുപോലെ, ഇനിയെന്ത് എന്ന ചോദ്യവുമായി ഞാന്‍ തരിച്ചുനിന്നു..

കാത്തിരിക്കൂ.....

സ്നേഹപൂര്‍വ്വം ശ്രുതി മോഹന്‍

(ഇത് ഒരു ശ്രമം ആണ്...സഹോദരബന്ധങ്ങളുടെ ആഴവും വ്യാപ്തിയും അളക്കുന്നതിന് ഏതാനും ഭാഗങ്ങള്‍ മാത്രമായുള്ള കുഞ്ഞു കഥ..

ഹിന്ദി ഭാഷയില്‍ വലിയ പ്രാവീണ്യമില്ല. എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ക്ഷമിക്കണേ..തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഹിന്ദി ഒഴിവാക്കുന്നതിന് ശ്രമിക്കാം.)

കടപ്പാട്  കുഞ്ഞോളുടെ ഏട്ടന്


2020, ഫെബ്രുവരി 29, ശനിയാഴ്‌ച

തിരുത്തലുകൾ

തിരുത്തലുകൾ....

അലാം ശബ്ദം കേട്ടു എണീറ്റപ്പോൾ മനസ്സിലേക്ക് ഇന്നത്തെ ഷെഡ്യൂൾ കടന്നു വന്നു.... ഓഫീസിലേക്ക് ക്ലർക്ക് പോസ്റ്റിലേക്ക് നിയമനം നടത്തുന്ന ദിവസമാണ്...
ഒരുപാട് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്യണം..... അച്ഛൻ നേരത്തെ ഓഫീസിൽ എത്തിച്ചേരാൻ ആവശ്യപെട്ടിട്ടുണ്ട്....

എണീക്കാൻ നോക്കിയപ്പോൾ തലേ രാത്രി ഉന്മാദാവസ്ഥയിൽ അഴിച്ചെറിഞ്ഞ വസ്ത്രങ്ങൾ ബെഡിനു ചുറ്റും അങ്ങിങ്ങായി ചിതറി കിടക്കുന്നതു കണ്ടു...
ബെഡിൽ എന്നോട് ചേർന്ന് അരക്കെട്ടു വരേയ്ക്കും ബ്ലാങ്കെറ്റിൽ പൊതിഞ്ഞു അർദ്ധനഗ്നയായി കമിഴ്ന്നു കിടക്കുന്ന സ്ത്രീ രൂപത്തെ ഞാൻ പുച്ഛത്തോടെ  നോക്കി....
പതിയെ എഴുന്നേറ്റ് താഴെകിടന്ന ബോക്സർ വലിച്ചു കയറ്റി ബാത്‌റൂമിലേക്ക് നടന്നു....
ഫ്രഷ് ആയി വരുമ്പോഴും അവൾ എഴുന്നേറ്റിട്ടില്ലായിരുന്നു....
"അനുപമ ... ഇട്സ് ടൂ ലേറ്റ്..... നീ പോവുന്നില്ലേ...?" ഞാൻ ഒച്ചയിട്ടു...

"ഓഹ്... സോറി രഞ്ജൻ സർ ... എനിക്ക് നല്ല തലവേദന.... ഇന്നലത്തെ ഡ്രിങ്ക്സിന്റെ ആവണം.....സർ പോയതിനു ശേഷം  ഞാൻ പൊക്കോളാം...." കണ്ണ് തുറക്കാതെ അത്രയും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു.....

കീയും പണവും  അവൾക്ക് നേരെ എറിഞ്ഞു ഞാൻ പുറത്തേക്ക് നടന്നു...

ഞാൻ നിരഞ്ജൻ... കോളേജ് കാലത്ത് ഞാൻ പ്രണയിച്ചിരുന്നവൾ എന്നേക്കാൾ സാമ്പത്തികമുള്ള മറ്റൊരുത്തനെ കണ്ടപ്പോൾ എന്നോട് ബൈ പറഞ്ഞു അയാളെ വിവാഹം കഴിച്ചപ്പോൾ മുതലാണ്  സ്ത്രീകളോട് എനിക്ക് വെറുപ്പ് തുടങ്ങിയത്.... പിന്നീട് പണം നൽകി ഓരോ രാത്രിയിലും ഞാൻ  വിലക്കെടുക്കുന്ന സ്ത്രീ ശരീരങ്ങളോട്,  അവളടക്കമുള്ള സ്ത്രീകളോടുള്ള വെറുപ്പാണ് ഞാൻ പ്രകടിപ്പിച്ചിരുന്നത്....

ഇവൾ ഈയിടെ അടുത്തു കൂടിയതാണ്... മറ്റു സ്ത്രീകളെ പോലെ അല്ല.... ഇവൾ.... ഇവളുടെ ആഗ്രഹങ്ങളെ വക വെക്കാത്ത ഭർത്താവിനോടുള്ള വെറുപ്പ് ആണ് ഇവളെ എന്റെ ബെഡിലേക്ക് എത്തിച്ചത്....
എന്നു കരുതി അവൾക്ക് ഞാൻ കൊടുക്കുന്ന പണത്തിൽ കുറവ് ഒന്നും വരുത്താറില്ല...... അവളോടെനിക്ക് കാമത്തെക്കാൾ അപ്പുറമായി മറ്റൊരു വികാരവുമില്ല.......

ഇന്നലെ സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി കഴിഞ്ഞു ഇവൾക്കൊപ്പമാണ് ഫ്ലാറ്റിലേക്ക് വന്നത്..... ഇന്നലത്തെ അവളുടെ പ്രകടനങ്ങൾ മനസിലേക്ക് കടന്നു വന്നപ്പോൾ സ്ത്രീകളോടുള്ള എന്റെ വെറുപ്പ് വീണ്ടും കൂടി...

ഓഫീസിൽ എത്തി ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചു ക്യാബിനിൽ എത്തിയപ്പോൾ അച്ഛന്റെ കാൾ വന്നു.... ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് ചെല്ലാൻ ആവശ്യപെട്ടു... ആദ്യത്തെ മൂന്നുപേരുടെയും സർട്ടിഫിക്കറ്റുകളും റെസ്യുമെയും തീർത്തും നിരാശാജനകമായിരുന്നു.... നാലാമതായി കടന്നു വന്നത് ഒരു ചെറിയ പെൺകുട്ടിയായിരുന്നു....
വെളുത്തു മെലിഞ്ഞു ഇരുപത് വയസോളം പ്രായമുണ്ടാകും... വയർ ഗർഭിണികളെ പോലെ കുറച്ചു വീർത്തു നില്പുണ്ട്... എന്നാൽ വിവാഹിതയാണെന്നതിന്റെ യാതൊരു അടയാളവും കാണാനുമില്ല...

അവൾ സീറ്റിലേക്കിരുന്നു സർട്ടിഫിക്കറ്റ്സ്‌ എനിക്ക് നൽകി... പേര് മാനസ... വയസ് 21 റെസ്യുമെ പരിശോധിച്ചപ്പോൾ അവിവാഹിത എന്നു കണ്ടപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു.... "വിവാഹിത അല്ലെ? "....
അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
"അല്ല സർ "
"നിങ്ങൾ പ്രെഗ്നന്റ് ആണോ"
ഞാൻ കുറച്ചു സംശയത്തോടെ ചോദിച്ചു...
"അതേ സർ.....ഞാൻ പ്രെഗ്നന്റ് ആണ്... എന്നാൽ വിവാഹിത അല്ല.... അത് മാത്രമല്ല... ഈ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് എനിക്ക് അറിയില്ല.... "
അവൾ സംശയലേശമന്യേ പറഞ്ഞു...

എന്റെ മുഖത്ത് പുച്ഛം തെളിഞ്ഞു....
"സോറി തനിക്ക് ഈ ജോലി നൽകാനാവില്ല.... ആവശ്യമുള്ള യോഗ്യതകൾ എല്ലാം തനിക്കുണ്ട്... പക്ഷെ തന്നെപോലെ മോശം സ്വഭാവമുള്ള ഒരു പെണ്ണിനെ ജോലിക്കെടുക്കേണ്ട ഗതികേട് ഈ സ്ഥാപനത്തിനില്ല...'

"സർ മാന്യമായി സംസാരിക്കണം.... ഞാൻ അവിവാഹിതയാണ്.... പ്രെഗ്നന്റുമാണ്.... എന്നാൽ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വം ചൂണ്ടിക്കാണിക്കാൻ ഒരാൾ ഇല്ല.... അങ്ങനെ ഒരാളെ എനിക്കറിയില്ല.... ഇരുളിൽ കാമർത്തിപൂണ്ടു എന്റെ ശരീരം കടിച്ചു കുടഞ്ഞ ചെന്നായ്ക്കളുടെ നിഴലുകൾ മാത്രമേ എന്റെ കണ്ണിലുള്ളൂ.... അവർ തിരിച്ചറിയൽ കാർഡ് നൽകിയിരുന്നില്ല എനിക്ക്,  എന്നെങ്കിലും മുന്നിൽ ചെന്നാൽ തിരിച്ചറിയാൻ....

അവരിലാരുടെയോ ബീജമെന്നിൽ ഒരു ജീവനായപ്പോൾ എന്തുകൊണ്ടോ കൊന്നുകളയാനായില്ല....
അതാണോ ഞാൻ ചെയ്ത തെറ്റ്....?  നിങ്ങൾ എന്നിൽ കാണുന്ന കുറവ്....?

ശരിയാണ്.... അവിവാഹിതയായ ഞാൻ ഗർഭത്തിൽ ചുമക്കുന്നത് ഒരു തെറ്റിനെയാവാം... എന്നാൽ എനിക്കീ തെറ്റിനെ കൊന്നുകളയാനായില്ല.... ഹാഷ്ടാഗുകളിലൂടെയുള്ള ആശ്വസിപ്പിക്കലുകളും,  മുറവിളി കൂട്ടലുകളും അടങ്ങിയപ്പോൾ ഉറ്റവരും സമൂഹവും എന്നെ കണ്ടത് കേവലം സഹതാപത്തോടെ മാത്രമായിരുന്നില്ല....

തീർത്തും ഒറ്റപെട്ടുപോയ എനിക്ക് ജീവിക്കാനുള്ള ഏക പിടിവള്ളിയാണ് ഇന്നെന്റെ ഉദരത്തിൽ....
താങ്കൾക്ക് എനിക്ക് ജോലി നൽകാതിരിക്കാം.... എന്നാൽ അതിനു എനിക്ക് യോഗ്യത ഇല്ലെന്ന് താങ്കൾ പറഞ്ഞ കാരണമുണ്ടല്ലോ.... അത് ഞാൻ സമ്മതിച്ചു നൽകില്ല..... സോറി സർ.. ഞാൻ പോകുന്നു.... "
സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങി എഴുന്നേറ്റ അവളെ ഞാൻ അത്ഭുതത്തോടെ നോക്കി... ക്യാബിൻ ഡോർ തുറന്നു അവൾ പുറത്തേക്കിറങ്ങുമ്പോൾ എന്റെ ഹൃദയത്തിൽ അവൾ സ്ഥാനമുറപ്പിച്ചിരുന്നു...
കേവലം പണത്തിനു വേണ്ടിയും കാമത്തിന് വേണ്ടിയും അലയുന്ന,  ഞാൻ ഇന്നുവരെ കണ്ട പെൺ ശരീരങ്ങളൊന്നും സ്ത്രീകളല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു....
ആർത്തി മൂത്തു ഭ്രാന്തായവർ കടിച്ചു കുടഞ്ഞിട്ടും അവരിലാരുടെയോ ജീവൻ സ്വന്തം ഉദരത്തിൽ മുളപൊട്ടിയപ്പോൾ അതിനെ സംരക്ഷിച്ചു കൊണ്ട്... പ്രായത്തിലേറെ പക്വത കൊണ്ട് ജീവിതത്തോട് മത്സരിക്കുന്ന പെണ്ണ് ... ഇവളെനിക്ക് ഒരു അത്ഭുതമാണ്....
ഞാൻ ഇന്നുവരെ കണ്ടതൊന്നുമല്ല പെണ്ണ്.... ഇവളാണ് പെണ്ണ്... എന്നെന്റെ മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു.... മറ്റൊരാൾക്കും നൽകാതെ ഹൃദയത്തിൽ പൂട്ടിവച്ച എന്റെ പ്രണയം ഞാൻ അറിയാതെ പുറത്തേക്ക് വന്നു.... ഞാൻ വർഷങ്ങൾക്കു ശേഷം നിറഞ്ഞ മനസ്സോടെ ഒരു പെണ്ണിനെ തിരികെ വിളിച്ചു... ജോലിയിലേക്ക് മാത്രമല്ല.... ജീവിതത്തിലേക്ക് കൂടി....

2020, ജനുവരി 12, ഞായറാഴ്‌ച

athirvarambukal

അതേ അദ്ദേഹത്തെ എനിക്കിഷ്ടമാണ്.
അയാൾ നിന്റെ അധ്യാപകനാണ്..
അതിനു?
നിന്നെക്കാൾ ഇരുപതു വയസ്സ് കൂടുതലുണ്ട്... !
അതിനു?
അയാൾ വിഭാര്യനാണ് !
ഇതൊക്കെ എന്തിനു വീണ്ടും വീണ്ടും പറയുന്നു...
എനിക്കദ്ദേഹത്തെ ഇഷ്ടമാണ് !
വെറും ഇഷ്ടമല്ല.. പ്രണയമാണ് !
അദ്ദേഹവും എന്നെ പ്രണയിക്കുന്നു.
അദ്ദേഹം മധ്യവയസ്ക്കനായിരിക്കാം.
എന്നേക്കാൾ മുൻപ് മറ്റു സ്ത്രീയെ അറിഞ്ഞിരിക്കാം...
അതിലെന്തിരിക്കുന്നു?
അദ്ദേഹത്തിന്റെ രൂപം നിങ്ങളുടെ കണ്ണിൽ മോശമായിരിക്കാം.
എന്നാൽ അതെനിക്കെന്റെ പ്രണയമാണ്..
****************
മാഷേ... മാഷിനെന്നോട് പ്രണയമുണ്ടോ എന്ന് ഞാൻ ചോദിക്കില്ല..
വാക്കുകൾ കൊണ്ടൊരു മറുപടി എനിക്കാവശ്യമില്ല...
ഈ കണ്ണുകളിലേക്ക് നോക്കി മാഷിന്റെ മാറിൽ തല ചായ്ച്ചു കിടക്കുമ്പോൾ എനിക്കറിയാം
മാഷിന്റെ പ്രണയം...
ആ ഹൃദയമിടിപ്പ് പോലും എനിക്കുള്ളതാണെന്ന്..
സമൂഹം എന്ത് പേരിട്ടു വിളിക്കുമെന്ന് ഞാൻ ചിന്തിക്കുന്നില്ല..
ഞാൻ ജീവിക്കുന്നത് മാഷിനുള്ളിൽ അല്ലെ..
മാഷിന് ഭയമുണ്ടോ സമൂഹത്തെ?
അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി
അശ്ലീലം പറയുന്ന സമൂഹത്തെ....
ഇല്ലെന്നെനിക്കറിയാം.... അതിനും മേലെയാണല്ലോ മാഷിന് എന്നോടുള്ള പ്രണയം....
പ്രണയത്തിനു യാതൊരു അതിർവരമ്പുകളും ഇല്ലാ... അതിരുകൾ ഉള്ളത് പ്രണയമാവില്ല..
പരിധികൾ നിശ്ചയിക്കുന്നത് ആരാണ്...
ഞാനും എന്റെ മാഷും പ്രണയിച്ചോട്ടെ...
Sruthy Mohan

vidarum munne

വിടരും മുന്നേ......
ഒരു കൊച്ചു മൊട്ടായിരുന്നു ഞാൻ. ലോകത്തിന്റെ മായകാഴ്ചകൾ കാണാൻ ഒരു അവസരം കാത്തിരുന്ന, ഒരു കൊച്ചു മൊട്ട്.... വിടരാൻ ഏതാനും മാസങ്ങൾ മാത്രം മതിയെന്ന ഓർമയിൽ ഞാൻ മതി മറന്നു...
എന്നാൽ അതെന്റെ അത്യാഗ്രഹമായിരുന്നു....
ജീവന്റെ തുടിപ്പ് പകർന്നു നൽകിയവർ തന്നെ എന്നെ വെറുത്തു....
വെളിച്ചത്തിന്റെ ലോകത്തേക്ക് പോകാൻ കാത്തിരുന്ന എന്നെ തേടി ഇരുട്ടിലൂടെ ഒരു കത്രികയെത്തി..
മുറിച്ചു മാറ്റപ്പെട്ടു എന്റെ കൈ കാലുകൾ...
വേദന കൊണ്ട് ഞാൻ പുളഞ്ഞു.
ആദ്യമായും അവസാനമായും അമ്മേ എന്ന വാക്കാണ് വിങ്ങലായി കണ്ണീരിനൊപ്പം പുറത്തു വന്നത്...
ഒടുവിൽ ശിരസ്സും കഴുത്തിൽ നിന്നു വേർപെട്ടു.... അതേ പുറംലോകത്തെ വെളിച്ചം കാണാനാവാതെ ഞാൻ പുറത്തു വന്നു... കേവലം മാംസക്കഷ്ണങ്ങളായി... ഞാൻ മരിച്ചുപോയ്....
എങ്കിലും എനിക്ക് ജീവൻ നൽകിയവർ പറഞ്ഞു... ഞാൻ ജനിച്ചില്ലെന്നു...
അതേ ജനിക്കാതിരിക്കുന്നതാണ് നല്ലതെന്നെനിക്കും ബോധ്യമായി . ....
അമ്മയുടെ ഗർഭഗൃഹത്തിൽ നിന്നും പുറത്തു വന്നാൽ മാത്രമാണോ ജീവന് വിലയുള്ളത്. .?
അല്ലാ.....അതിനു മുന്പും ഞാനും എന്നെ പോലെ മറ്റെല്ലാവരും ജീവിക്കുക തന്നെ ആയിരുന്നു.... ഇരുണ്ട അറക്കുള്ളിൽ കാണാത്ത നിങ്ങളുടെ മുഖം കാണാനായി, ഈ ലോകത്തിലേക്ക് കടന്നു വരാനായി വെമ്പി നിൽക്കുകയായിരുന്നു...
ആ എന്നെയാണ് നിങ്ങളിന്നു ഒരു പിടി മാംസകഷ്ണങ്ങൾ ആക്കി മാറ്റിയത്....
എനിക്കും ആഗ്രഹങ്ങൾ ഉണ്ടായിരുന്നു...
എനിക്കും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു...
എന്നാൽ നിങ്ങളുടെ ആഗ്രഹങ്ങൾക്കുമുന്നിൽ നിങ്ങൾ എന്നെ മറന്നു കളഞ്ഞു മനഃപൂർവം......
( ഒരിക്കലും നിങ്ങൾ ആഗ്രഹിച്ചില്ല എന്ന കാരണത്താൽ ഒരു ജീവൻ ഇല്ലാതാക്കരുത് എത്രപേര് ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നോ.. എലികുട്ടിയോളം വലിപ്പമില്ലെങ്കിലും, നമ്മൾ കണ്മുന്നിൽ കണ്ടില്ലെങ്കിലും... അതുഒരു ജീവനാണ്..)
Sruthy Mohan