2019, മേയ് 14, ചൊവ്വാഴ്ച

നക്ഷത്രകണ്ണുള്ള ബാലൻ

മധ്യവേനലവധിക്കാലം.... അമ്മ ജോലിക്ക് പോയപ്പോൾ ഭക്ഷണം എടുത്തു കഴിച്ചു വെള്ളയിൽ ചുവന്ന പൂക്കളുള്ള കയ്യില്ലാത്ത ഇറക്കമുള്ള കുഞ്ഞുടുപ്പിട്ടു ഞാൻ ചിന്നപ്പുവിന്റെ വീട്ടിലേക്ക് കളിക്കാനിറങ്ങി.. കളികൾ ഒന്നുമറിയില്ല.  അവൻറെ വീട്ടിൽ പൂച്ചയുണ്ട് കോഴികൾ ഉണ്ട് പൈക്കിടാവ് ഉണ്ട്. ഇതിനെല്ലാം പുറമേ എനിക്ക് കയറാൻ പാകത്തിൽ കൊമ്പുകൾ താഴ്ത്തി നിൽക്കുന്ന നല്ല മധുരമുള്ള കശുമാങ്ങകൾ നിൽക്കുന്ന കശുമാവ് ഉണ്ട്... പക്ഷേ ശ്രദ്ധിക്കണം... അവൻറെ വലിയപറമ്പിലെ ഒരു മൂലയിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്ത് ഒരു കൊക്കർണി ഉണ്ട്. താഴ്ഭാഗം കാണാത്ത കൊക്കർണി ... മഴക്കാലത്ത് അത് നിറഞ്ഞുകവിഞ്ഞു  തോട്ടിലേക്ക് ഒഴുകാറുണ്ട്. അതിൻറെ തിട്ട ഇടിയാറു ള്ളതിനാൽ ആരും അടുത്തേക്ക് പോകാറില്ല.  കാറ്റത്ത് വീഴുന്ന കശുമാങ്ങകൾ പെറുക്കിക്കൂട്ടി നടക്കവേ ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നി. ഞാൻ ആ വിളിക്ക് പിന്നാലെ പോയി. മധുരമൂറുന്ന സ്വരം ഒന്നുമല്ല. പക്ഷേ എന്തോ ഒരു പ്രത്യേകത.  എന്താണത്?
 ഞായറാഴ്ചകളിൽ മാത്രമുള്ള, പ്രത്യേക സിനിമ ടാക്കീസിൽ കണ്ടിട്ടുള്ള, കണ്ടുമറന്ന സിനിമയിൽ കേട്ടുപരിചയമുള്ള ഈണത്തിൽ ആണ് വിളിക്കുന്നത്.
 എന്താണ് വിളിക്കുന്നത് എന്ന് വ്യക്തമല്ല.  എന്തോ ഉൾവിളിയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു. വള്ളി പടർപ്പുകൾക്കിടയിൽ ഓടി നടക്കവേ പണ്ടെങ്ങോ വെട്ടിക്കളഞ്ഞ കുറ്റിച്ചെടിയുടെ ഉണങ്ങിയ കടഭാഗത്ത് കാൽ ഉടക്കി ഞാൻ വീണു.
 വീണപ്പോഴാണ് എനിക്ക് മനസ്സിലായത് കൊക്കർണിയുടെ തിട്ടയിലേക്കാണ് വീണത് എന്ന്.
ബലമില്ലാത്ത കൊക്കർണിയുടെ തിട്ടയുടെ ഒരു ഭാഗവുമായി ഞാൻ ഉള്ളിലേക്ക് വീണു.
 വീഴ്ചയിൽ ഹൃദയം അത്യുച്ചത്തിൽ മിടിച്ചു .
 ഹൃദയം നിലച്ചുപോകുമോ എന്ന് തോന്നിപ്പിക്കും വിധം. താഴെ എത്തിയപ്പോൾ എനിക്ക് തന്നെ അതിശയമായി ഒന്നും സംഭവിച്ചില്ല.  പക്ഷേ ഇതിൽ നിന്ന് എങ്ങനെ പുറത്തുകടക്കും? ആരും ഇതിൻറെ അരികിലേക്ക് വരാറു  കൂടിയില്ല.  പിന്നെന്ത് ചെയ്യും?.  ഉറക്കെ നിലവിളിക്കാമെന്നുവച്ചാൽ ഇതിൻറെ തിട്ടകളിൽൽതട്ടി എൻറെ ശബ്ദം പുറത്തേക്ക് എത്തുമോ എന്ന് എനിക്ക് ഉറപ്പില്ല.
ഭയന്ന് തുറിച്ച് കണ്ണുമായി ഞാൻ കൊക്കർണിയുടെ അടിഭാഗത്ത് ഇടിഞ്ഞു കിടക്കുന്ന അങ്കിലേക്ക് കയറി ഇരുന്നു.
 ഇരുകാലുകളും മണ്ണിൽ ഊന്നി.. മുട്ടുകൾ കൂട്ടി അതിലേക്ക് താടി ചേർത്ത്... ഏറെ നേരമായപ്പോൾ വിശന്നു തുടങ്ങി.മറ്റു മാർഗ്ഗങ്ങളില്ലാതെ കണ്ണീർ പൊഴിക്കാൻ തുടങ്ങി. ആരുടെയോ  വിളികേട്ട് ഇറങ്ങിനടക്കാൻ തോന്നിയ നിമിഷതെ പഴിച്ചു കണ്ണീർ വലിയ മുത്തുകളായി താഴെ പതിച്ചു. ആദ്യത്തെ തുള്ളി താഴെ പതിക്കുന്നതിനു മുൻപായി രണ്ടു കാലുകൾ എൻറെ മുന്നിൽ തെളിഞ്ഞു വന്നു.
 ഭയന്ന് ഞാൻ മുകളിലേക്ക് നോക്കവേ, എന്നെ നോക്കി പുഞ്ചിരിക്കുന്ന രണ്ടു നക്ഷത്രക്കണ്ണുകൾ ഞാൻ കണ്ടു. ഒരു കറുത്ത ബാലൻ.  വള്ളി ട്രൗസർ ഇട്ട ചെമ്പിച്ച തലമുടിയുമായി .. പ്രാകൃത വേഷക്കാരൻ ആണെങ്കിലും അവൻറെ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു കടൽ ആയിരുന്നു. സ്നേഹത്തിന്റേയോ  സംരക്ഷണത്തിന്റെയോ എന്തൊക്കെയോ..
 ആദ്യമായി കാണുന്നതാണെങ്കിലും എനിക്ക് യാതൊരു അപരിചിതത്വവും  തോന്നിയില്ല.  അവൻറെ കയ്യിൽ ഏതാനും മുള്ളൻപഴം ഉണ്ടായിരുന്നു. ചിലത് നന്നേ കറുത്തവ മറ്റുചിലത് ഇളം പച്ച നിറത്തിൽ കറുത്ത പുള്ളികളോട് കൂടിയത്. അവൻ എനിക്ക് നേരെ നീട്ടിയ കയ്യിൽ നിന്നും ഞാൻ പഴുത്തവ  എല്ലാം തിരഞ്ഞെടുത്തു. അവൻ എൻറെ മുഖത്ത് നോക്കി കുസൃതിയോടെ ചിരിച്ചു. ഞാൻ നാണിച്ചു പകുതി തിരികെ നൽകി. അപ്പോൾ അവൻ അവൻറെ നിക്കറിന്റെ കീശയിൽ നിന്നും ഒരു പിടി നിറയെ മുള്ളൻപഴം വാരി  കയ്യിൽ തന്നു. കൈ നിറഞ്ഞപ്പോൾ ഞാനവ എൻറെ ഉടുപ്പിലേക്ക് ചെരിഞ്ഞു. ഒരു കൈകൊണ്ട് ഉടുപ്പിന്റെ  തലപ്പ് ചുരുട്ടിപ്പിടിച്ച് മറ്റേ കൈ കൊണ്ട് ഞാൻ നല്ല പാകമായവ നോക്കി എടുത്തു കടിച്ചു.
 കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഉള്ളിലെ കുരുനു  ചുറ്റും ചെറിയ കനത്തിലുള്ള മൃദുവായ തൊലിക്കാണ് രുചി..
കൊകാർണിയിലേക്ക് വീഴുമ്പോൾ ഉടുപ്പിൽ ആയ മണ്ണും പൊടിയും  ഒന്നും കണ്ണിൽ പെട്ടില്ല.  മുഴുവനും തീറ്റ കഴിഞ്ഞ് ഞാൻ അവനെ നോക്കി. അപ്പോഴാണ് അവൻ എന്നെ തന്നെ നോക്കി നിൽപ്പാണ് എന്ന് എനിക്ക് മനസ്സിലായത്. എനിക്ക് നാണം ആണ് തോന്നിയത്. തലയിലും മേലിലും മണ്ണുമായി നിൽക്കുന്ന എൻറെ കോലം ഓർത്ത് ഞാൻ ലജ്ജിച്ച് അങ്കിന്റെ  ഉള്ളിലേക്ക് കയറി ഇരുന്നു..
 നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവനും എൻറെ അരികിലേക്ക് കയറിയിരുന്നു. കൊക്കർണിയിലേക്ക് ഇരുട്ട് കയറി തുടങ്ങി. പൊതുവേ പ്രകാശമില്ലാതെ കിടന്നിരുന്ന കൊക്കർണിയിലേക്ക്  ഇരുട്ട് കയറി തുടങ്ങിയപ്പോൾ മൂടിവച എന്റെ ഭയം കണ്ണുകളിലൂടെ പുറത്തുവന്നു...
 കൈകൾ നെഞ്ചോടടക്കി കാൽമുട്ട് നെഞ്ചോട് ചേർത്ത് കൂനിക്കൂടി ഞാനിരുന്നു. നേരം പോകുംതോറും വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടിന്റെ കരച്ചിലും കേട്ടു തുടങ്ങി. ഭയന്ന് ശബ്ദംപോലും പുറത്തു വന്നില്ല.  അവൻ ഇതെല്ലാം വീക്ഷിച്ച എൻറെ അരികിൽ തന്നെ ഇരുന്നു. ഒടുവിൽ എൻറെ അരികിലേക്ക് ഒരു കുഞ്ഞെലി ഓടി വന്നപ്പോൾ എല്ലാം മറന്ന് ഞാൻ അവന്റെ അരികിലേക്ക് നീങ്ങി അവനോട് ചേർന്നിരുന്നു. അത്ഭുതമെന്ന് പറയട്ടെ അവനെന്നെ അവൻറെ വലതുകൈകൊണ്ട് തന്നിലേക്ക് ചേർത്തു പിടിച്ചു... മറുകൈ കൊണ്ട് എൻറെ തലയിൽ തലോടി. എൻറെ ഭയവും ആശങ്കകളും ഒഴുകിപ്പോയി. അവൻറെ നെഞ്ചിൽ പറ്റികിടക്കുന്ന വള്ളിയിൽ കൈകൾ മുറുകെ പിടിച്ച് ഞാൻ ഉറക്കമായി. മറ്റൊന്നുമാലോചിക്കാതെ, യാതൊരു ആശങ്കകളും ഇല്ലാതെ, മനസ്സിൽ ഒരൊറ്റ ചിത്രം മാത്രം തിളങ്ങുന്ന രണ്ടു കണ്ണുകൾ. .. 

2 അഭിപ്രായങ്ങൾ:

  1. കൊള്ളാമല്ലോ മോളെ.ഇന്നലെ സ്വപ്നം കണ്ടതോ അതോ

    മറുപടിഇല്ലാതാക്കൂ
  2. എന്നും കാണുന്നുണ്ട്. ...ഓർമയിൽ നില്കുന്നത് അക്ഷരങ്ങളിലാക്കുന്നു

    മറുപടിഇല്ലാതാക്കൂ