2019, മേയ് 29, ബുധനാഴ്‌ച

പ്രണയം ഒരനുഭവം..

നിന്നെക്കാൾ ഇഷ്ടമുള്ള യാതൊന്നും എനിക്കില്ല ....അങ്ങനെയല്ല..നിന്നെക്കാൾ ഇഷ്ടം തോന്നുന്ന യാതൊന്നും എനിക്ക് വേണ്ടാ.... അവളോട്‌ ചേർന്ന് നിന്ന് തോളിൽ മുഖം ചേർത്ത് ഞാൻ പറഞ്ഞു.. അവളുടെ വയറിന്മേൽ ചുറ്റിയിരുന്ന എന്റെ കൈകൾ വിടർത്തി മാറ്റി അവൾ തിരിഞ്ഞ് എനിക്കഭിമുഖമായി നിന്ന് എന്റെ കണ്ണിലേക്കാഴ്ന്നു നോക്കി ...വാ വിട്ട കള്ളത്തിന്റെ പരിണാമമായി കണ്ണുകൾ പതറിപ്പോയി...
ആനാവൃതമായ എന്റെ നെഞ്ചിൽ പറ്റിയിരുന്ന കുങ്കുമം കൈകൊണ്ട് തട്ടിക്കളഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി .... വാക്കുകൾ കിട്ടാതെ ഞാൻ വിവശനായി. ...

അവൾ അനുപമ.. മുഖപുസ്തകത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. കാഴ്ചക്ക് അതിസുന്ദരി ഒന്നും അല്ലെങ്കിലും ആ കണ്ണുകളും പുരികങ്ങൾക്കിടയിൽ തൊട്ടിട്ടുള്ള വലിയ കുങ്കുമപ്പൊട്ടും എന്നെ അവളിലേക്കാകര്ഷിച്ചു.... അന്ന് തന്നെ അവളുടെ മുഴുവൻ കൃതികളും ഞാൻ വായിച്ചു... പ്രണയത്തിന്റെ പല ഭാവങ്ങളും അതിൽ കണ്ടു .... രാത്രിയിൽ ഒഴിവാക്കാനാവാത്ത അത്താഴമായി യാതൊരു വികാരവുമില്ലാതെ മുഷിഞ്ഞ വസ്ത്രവുമായി അടുത്ത് കിടക്കുന്ന ഭാര്യയോട് പുച്ഛമാണ് തോന്നിയത്. .. ഞാൻ എഴുതുന്നതൊന്നും അവൾ വായിക്കാറില്ല... .അതിനോടെല്ലാം അവൾക്ക് പുച്ഛമാണ് ....ജീവിക്കാൻ നാല് കാശുണ്ടാക്കണ പണി വല്ലോം നോക്കിക്കൂടെ ചേട്ടാ എന്ന് പറഞ്ഞു എന്റെ ഹൃദയത്തെ അവൾ കീറിമുറിച്ചപ്പോൾ ഞാൻ അവളോട് അധികം സംസാരിക്കാതായി ..... ജോലി കഴിഞ്ഞു വീട്ടിൽ വന്നു കേറുമ്പോൾ കേൾക്കുന്ന ബഹളവും സ്ഥിരമായ പരിപ്പ് കറിയും മടുപ്പുളവാക്കുന്ന ഭാര്യയുടെ വിയർപ്പ് ഗന്ധവും....ഓർത്തപ്പോൾ എനിക്ക് ഓക്കാനം വന്നു. 
ഓഫീസിലെ ചില നേരമ്പോക്കുകളിൽ സന്തോഷം കണ്ടെത്താൻ ശ്രെമിക്കുമ്പോഴാണ് അനുപമയെ കണ്ടത്..  എല്ലാ കൃതികളും വായിച്ചു വരികളെ പുകഴ്ത്തിയും കൃതികളെകുറിച്ചുള്ള അഭിപ്രായം പ്രണയം പുരണ്ട വാക്കുകളിൽ വിതറിയും അവളുടെ ശ്രെദ്ധ പിടിച്ചുപറ്റി. ....

അവൾ ഇന്ന് വരെ എന്റെ സ്റ്റാറ്റസ് ചോദിച്ചിട്ടില്ല .. ഞാൻ പറഞ്ഞിട്ടുമില്ല ....ബന്ധങ്ങളിൽ ബന്ധനസ്ഥ ആയിരിക്കുവാന് അവൾ താല്പര്യപെടുന്നില്ല എന്ന അറിവ് എന്നിലെ കാമുകനെ ഉണർത്തി .....
വാക്കുകളാൽ നിർവചിക്കാനാവാത്ത അനുഭൂതി അവൾക്ക് പകർന്നുനൽകി പലപ്പോഴും. ....അവളുടെ നഗ്നശരീരവും ത്രസിപ്പിക്കുന്ന വിയർപ്പുഗന്ധവും  എന്നിലെ മധ്യവയസ്ക്കന് യുവത്വം നൽകി.....

ഇപ്പോൾ അവൾക്ക് എന്റെ കുഞ്ഞിന്റെ അമ്മയാകണം എന്നാണ് പറയുന്നത്... .ബന്ധങ്ങളിൽ വിശ്വാസമില്ലാത്ത അവളെ വിശ്വസിച്ചു അവളിലേക് യാതൊരു നിയന്ത്രണവുമില്ലാതെ പടർന്നു കയറിയ എന്റെ വിത്തുകൾ അവളിൽ മുളച്ചുവത്രെ. .. ആദ്യം തമാശയാണ് തോന്നിയത്.. ..കളി പറയാത്ത അനുപമ ആദ്യമായി പറയുന്ന തമാശ ....എന്റെ ധാരണയെ കാറ്റിൽ പറത്തി അടുത്ത സമാഗമത്തിൽ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ ചുറ്റിയിരുന്ന ദാവണി സ്ഥാനം മാറിയപ്പോൾ അനാവൃതമായ അണിവയർ എന്നെ നോക്കി കളിയാക്കി ചിരിച്ചു ....

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ....അവളുടെ മുഖത്ത് ആദ്യമായി അർത്ഥമറിയാത്ത പുഞ്ചിരി കണ്ടു  ....

അന്നാദ്യമായി അവൾക്കൊപ്പമല്ലാതെ ഒറ്റക്ക് നിന്ന് വിയർത്തു...

ഇറങ്ങി നടകുമ്പോൾ ഒരു രൂപവും ഇല്ലായിരുന്നു. ...

പിന്നേ ഉറച്ചൊരു തീരുമാനമെടുത്തു അവൾക്ക് അരികിലേക്ക് വരുന്നത് ഇന്നാണ് .... പക്ഷെ അവളുട മുഖത്ത് നോക്കി പറയാൻ സാധിക്കുന്നില്ല. ...
ഒരു തീരുമാനത്തോടെ
ഞാൻ അകത്തേക്കു നടന്നു ...ബാൽക്കണിയുടെ വാതിൽ അടച്ചു ..

അവൾ അടുക്കളയിൽ പായസം ഉണ്ടാക്കുകയാണ് .....സ്ലാബിൽ ഇരുന്ന കത്തിയിൽ എന്റെ കണ്ണുടക്കി.

ഞാൻ പതിയെ മുറിയിലേക്ക് നടന്നു. ... അവൾ പായസവുമായി മുറിയിലേക്ക് വന്നു.. ഞാൻ പായസം വാങ്ങി കഴിച്ചു ....അവളെ വലിച്ചു നെഞ്ചിലേക്കിട്ടു. ....കഴുത്തിൽ പ്രേമത്തോടെ മുഖം അമർത്തി.. .
എന്റെ നെഞ്ചിൽ മുഖം ചേർത്ത് അർദ്ധമയക്കത്തിൽ കിടക്കുന്ന അനുപമയുടെ നഗ്നശരീരത്തിലേക്ക് ഞാൻ മിഴികൾ പായിച്ചു... സ്വയം കുറ്റപ്പെടുത്തി അവൾക്ക് മുകളിലേക്കു കയറിക്കിടന്നു തലയിണ അവളുടെ മുഖത്ത് വച്ചു അമർത്തി ..അവൾ പിടഞ്ഞു.. ...
കരുത്തോടെ  അവൾ എന്നെ തള്ളിയെറിഞ്ഞു. ...അവൾക്ക് അരികിലേക്ക് നീങ്ങുമ്പോൾ കാഴ്ച മങ്ങിയപോലെ ...
കണ്ണുകൾ അമർത്തി തുടച്ചു അവള്കരികിലേക്ക് വീണ്ടും നീങ്ങി.   കാലുകൾ നിലത്തുറക്കാതെ കുഴഞ്ഞുവീണു. ...കണ്മുന്നിൽ നഗ്നമായ ഒരുപാടു ശരീരങ്ങൾ...എന്റെ അടുത്തു വന്നു മുഖത്തേക്ക് ഉറ്റു നോക്കിയ അവളോട് നാവു വരളുന്നതിനാൽ വെള്ളം ചോദിച്ചു ....അവൾ ഗ്ലാസ്സിൽ ബാക്കിയായ പായസം എന്റെ വായിലേക്കൊഴിച്ചു. .കണ്ണുകൾ അടഞ്ഞുപോകുമ്പോൾ ഞാൻ കണ്ട അവളുടെ മുഖത്ത് ഒരു ചിരിയുണ്ടോ? ????

2 അഭിപ്രായങ്ങൾ: