2019, ജൂൺ 22, ശനിയാഴ്‌ച

എന്റെ അച്ഛൻ ......

അച്ഛനെയാണെനിക്കിഷ്ടം

പെണ്കുഞ്ഞുങ്ങൾ ചിലവാണെന്ന ചിന്തഗതി തലച്ചോറിൽ പടർന്നു കിടക്കുന്ന കാലത്തു  പാലക്കാടൻ ഉൾഗ്രാമത്തിൽ രണ്ടാമത്തെ പെണ്കുഞ്ഞായി അതും ഇരുണ്ട നിറത്തിൽ ഞാൻ ജനിച്ചപ്പോൾ എല്ലാവരുടെയും മനസ്സിൽ ഒരു ചോദ്യ ചിഹ്നമായിരുന്നു. ഒരിക്കലും  കടലോളം വാത്സല്യം നൽകിയല്ല എന്നെ എന്റെ അച്ഛൻ വളർത്തിയത്. ചെറുപ്പം മുതൽക്കേ ചേച്ചിയെ പോലെ മുടി നീട്ടിവളർത്തിയോ പാട്ടുപാവാട ധരിച്ചോ, നൃത്തം  പഠിച്ചോ അല്ല ഞാൻ വളർന്നത്. അനിയനെ പോലെ ബനിയനും ട്രൗസറും ഇട്ട് മുടി ബോയ് കട്ട് ഉം ഷോൾഡർ കട്ട് ഉം ചെയ്ത് മരത്തിൽ കയറിയും കനാലിൽ ചാടിമറിഞ്ഞും ആൺകുട്ടികളുടെ കൂടെ അവരിൽ ഒരാളായും. അങ്ങനെ ഒരു ആൺകുട്ടി ആയാണ് ഞാൻ വളർന്നത്. അല്ല. എന്നെ വളർത്തിയത്. ഒരിക്കലും ഞാൻ എന്തിന്റെ പേരിലും പുറകിലാകരുതെന്ന് അച്ഛൻ കരുതിയിരുന്നിരിക്കണം. "നീഗ്രോ" എന്ന  ചേച്ചിയുടെയും അനിയന്റെയും കളിയാക്കലുകളിൽ  പിന്തിരിഞ്ഞു പോകാനാണ്, കരഞ്ഞു തളരാനല്ല എന്നെ അച്ഛൻ പഠിപ്പിച്ചത്. എന്നെ സ്വയം മിനുക്കി  എടുക്കുവാൻ "നീ ഒട്ടും മോശമല്ല. നീ ആണ് പെർഫെക്റ്റ്" എന്ന തോന്നൽ ഉണ്ടാക്കുവാനായി എന്നെ കുറെ നല്ല ചിട്ടകൾ നിർബന്ധപൂർവം പഠിപ്പിച്ചു.ആദ്യമെല്ലാം എനിക്ക് വലിയ വിഷമമായിരുന്നു. ചേച്ചി സുന്ദരിയായി ഒരു ഉത്തരവാദിത്വവും ഇല്ലാതെ നടക്കുന്നു. ഞാൻ കുഞ്ഞു ചെറുപ്പത്തിലേ ഒരുപാടു ഉത്തരവാദിത്വങ്ങളുമായി നടക്കുന്നു. കോയമ്പത്തൂരിൽ നിന്നും അച്ഛൻ വരുമ്പോൾ ചേച്ചി അച്ഛന്റെ തോളിലേക്ക് ചാടിക്കയറി ഇരിക്കുമായിരുന്നു. ആദ്യത്തെ കണ്മണി. അതും അച്ഛന്റെ തനി പകർപ്പായ ചേച്ചിയോടായിരുന്നു അച്ഛനെന്നും ഏറ്റവും ഇഷ്ടം. പുറത്തു പോകുമ്പോൾ ചേച്ചിയെ കൂടെ ചേർത്ത് പിടിച്ചിരുന്നു എന്നും അച്ഛൻ. അച്ഛനോട് കുസൃതി കാണിക്കുവാൻ അവകാശം ചേച്ചിക്ക് മാത്രമായിരുന്നു. എങ്കിലും അച്ഛന് ഏറ്റവും വിശ്വാസം എന്നിലായിരുന്നു. ഞാൻ ഒരിക്കലും അച്ഛനോട് കള്ളം പറഞ്ഞിരുന്നില്ല. അച്ഛൻ പരിശീലിപ്പിച്ച എന്റെ ശീലങ്ങൾ സുഹൃത്തുക്കളോട് പറഞ്ഞു എന്റെ അപകർഷതാബോധം മാറ്റുവാൻ അച്ഛൻ ശ്രെമിച്ചിരുന്നു.  ഒരിക്കലും ഞാൻ അച്ഛനോട് ഒന്നും ആവശ്യപെട്ടിരുന്നില്ല.എങ്കിലും അച്ഛൻ എനിക്ക് അറിഞ്ഞു തന്നു കുറെ നല്ല ശീലങ്ങൾ. സ്വയം തീരുമാനങ്ങൾ എടുക്കുവാനും, രാത്രിയിലും ഒറ്റയ്ക്ക് യാത്ര ചെയ്യുവാനും അച്ഛൻ എനിക്ക് ധൈര്യം തന്നു. അച്ഛൻ എന്നെ കൈ പിടിച്ചു നടത്തിയിട്ടില്ല. പകരം സ്വന്തം വഴി കണ്ടെത്താൻ എനിക്ക് വഴി കാട്ടുകയായിരുന്നു. എന്നിട്ടും എന്നിൽ ബാക്കിയായിരുന്ന ഭയത്തെ അകറ്റുവാൻ , ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എടുക്കേണ്ട തീരുമാനം  എടുക്കുന്നതിനു വൈകിയതിന് അച്ഛൻ എന്നെ ആദ്യമായി അടിച്ചു. അതുവരേക്കും ഒരിക്കൽപോലും അച്ഛൻ എന്നെ അടിച്ചിട്ടില്ല,. അച്ഛന്റെ അഭിമാനമായിരുന്നു ഞാൻ. ആദ്യമായും അവസാനമായും എന്റെ അച്ഛൻ അന്നാണ് എന്നെ അടിച്ചത്. അതിൽ വേദന തോന്നിയില്ല. എന്റെ ഉള്ളിലെ ഭയത്തെ എടുത്തു കളയുവാനായും ധൈര്യത്തേ പുറത്തു കൊണ്ടുവരുവാനും  സഹായിച്ചു.
പിന്നെ അച്ഛൻ എന്നെ വിട്ടുപോയപ്പോൾ എനിക്ക് എത്രമാത്രം വിഷമം തോന്നിയെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തും സഹിക്കുവാനും ഉറച്ച തീരുമാനങ്ങളെടുക്കുവാനും എന്നെ പഠിപ്പിച്ച അച്ഛനോട് എനിക്കെന്നും ഇഷ്ടമാണ്. പക്ഷെ ഒന്നിനുമാത്രം വിഷമമുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ വിവാഹത്തിന് എന്റെ കൈപിടിച്ച് കൊടുക്കുവാൻ അച്ഛൻ കൂടെ ഉണ്ടായില്ല എന്നത്. അതൊരു തീരാ വിഷമമാണ്. അച്ഛനെ ഞാൻ സ്നേഹിച്ചിട്ടില്ലേ എന്ന് ഇടക്കിടക്ക് തോന്നാറുണ്ട്. അച്ഛൻ എനിക്കൊരു അവസരം നൽകിയില്ലെന്ന തീരാവിഷമം എന്റെ നെഞ്ചിൽ കെട്ടിക്കിടക്കുകയാണ്.

ആരുടേയും മുന്നിൽ തല താഴത്താതെ വളർത്തിയ പല നല്ല ശീലങ്ങളും എനിക്ക് പകർന്നു നൽകിയ അച്ഛന് ശേഷം എനിക്ക് കിട്ടിയ മറ്റൊരു അച്ഛനുണ്ട്. പ്രായം കൊണ്ടും സ്ഥാനം കൊണ്ടും എന്റെ അച്ഛനാകുവാൻ ഇടയില്ലാത്ത ഒരാൾ. അച്ഛൻ പോയതിനു ശേഷം മൂടിക്കെട്ടി വച്ചിരുന്ന എന്റെ മനസ്സിലേക്ക് ചൂഴ്ന്നു നോക്കുവാനും, ഞാനിട്ട മുഖം മൂടി വലിച്ചഴിച്ചു എന്നെ ഞാനാക്കുവാനും എനിക്ക് സ്വന്തമെന്ന തോന്നലുണ്ടാക്കിയും എന്റെ കൂടെ എന്നെ ശാസിച്ചും സ്നേഹിച്ചും വാത്സല്യം കണ്ണിലും നെഞ്ചിലും ഒളിപ്പിച്ചും ജീവിതാവസാനം വരെ കൂടെ ഉണ്ടാകുമെന്നു ഉറപ്പു നൽകിയ ഒരാൾ. ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട് അച്ഛൻ എന്റെ കൂടെ ഉണ്ടെന്നു. എന്റെ സംശയങ്ങൾക്കും ചിന്തകൾക്കും മറുപടി സ്വയം കണ്ടെത്തുന്നതിന് എന്നെ പര്യാപ്തയാക്കിയും എന്റെ അച്ഛനായ ഒരാൾ. എന്നാൽ അച്ഛനെന്നു മാത്രം ഞാൻ വിളിക്കില്ല.   ഞാൻ മനസ്സിൽ കെട്ടിവച്ചിരുന്ന എന്റെ അച്ഛനോടുള്ള സ്നേഹം മുഴുവനായി ഞാൻ ഇപ്പോൾ പ്രകടിപ്പിക്കുകയാണ്. നന്നിയുണ്ട് എന്റെ അച്ഛനോട്. എന്നെ ഞാനാക്കിയതിനു. ഞാനായി ജീവിക്കാൻ പഠിപ്പിച്ചതിനു. എന്റെ കൂടെ ഉള്ളതിന്.

2019, ജൂൺ 20, വ്യാഴാഴ്‌ച

അച്ഛൻ

നീയെന്റെ മകളായിരുന്നു ഒരിക്കൽ .....
എന്നെ എന്തിന്റെ പേരിലാണെങ്കിലും നിന്റെ അമ്മയിൽ നിന്നും അടർത്തി മാറ്റിയത് നീയാണ് ...
നിന്നോടെനിക്ക് ക്ഷമിക്കാനാവുമായിരിക്കും. എന്നാൽ ഒരിക്കലും നിന്നെ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കിനിയാവില്ല.
എന്റെ ചുറ്റുമുള്ള പലരിൽ ഒരുവൾ മാത്രമാണ് നീ..
അതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കരുത്..
ഭൂമിയിൽ പിറവിയെടുക്കുന്നതുവരേക്കും നിന്നെ ഞാൻ എന്റെ സ്വന്തമായി കണ്ടു .. എന്നാൽ ഇപ്പോൾ നീ എനിക്ക് അന്യയാണ്. വെറുമൊരു അന്യ.. 

2019, മേയ് 29, ബുധനാഴ്‌ച

വിശിഷ്ട അതിഥിയെ കാത്ത്

പുതുതായി കിട്ടിയ സുഹൃത്ത് ദീപുവിൻറെ സംസാരത്തിൽ നിന്നും ആണ് മരണത്തെക്കുറിച്ച് ഞാൻ കൂടുതലായി ചിന്തിക്കാൻ തുടങ്ങിയത്. ആലോചിച്ചപ്പോൾ രസകരമാണ്. ആദ്യം എല്ലാം കരുതി മരണം എന്നാൽ ഉറക്കത്തിൽ സംഭവിക്കണമെന്ന് ഒന്നും അറിയരുത് ഒരു ദീർഘമായ ഉറക്കം.....
 മരണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ആദ്യമാദ്യം വല്ലപ്പോഴും മാവേലി പോലെയും പിന്നീട് നിരന്തരമായ കടന്നു വന്നു കൊണ്ടിരിക്കുന്ന നെഞ്ചുവേദനയെകുറിച്ച് ആലോചിച്ചത്....
 ഈശ്വരാ ഹൃദയാഘാതം വന്നു മരണം സംഭവിക്കരുത്..... എന്ത് ബോരൻ മരണം ആയിരിക്കും അത്... ഒന്നും അറിയാതെ നാളെക്കുള്ള പ്രതീക്ഷകൾ മനസ്സിൽ വെച്ച് മരിക്കുക വളരെ കഷ്ടം തന്നെ....
 സ്വയം സ്പെഷ്യലായി കരുതുന്ന എനിക്ക് കിട്ടേണ്ട മരണവും സ്പെഷ്യൽ ആയിരിക്കണം... മരണത്തെ മുഖാമുഖം കണ്ട് ....
 അതിൽ ഒരു പ്രത്യേകത ഉണ്ട്... മറ്റൊന്നുമല്ല ജീവിതത്തിന്റെ ദൈർഘ്യം കുറയുമ്പോൾ എൻറെ എല്ലാ ആഗ്രഹങ്ങളെയും യാതൊരു നിയന്ത്രണവും കൂടാതെ പുറത്തെടുക്കാൻ എനിക്ക് കഴിയും...... മനസ്സിൽ കുന്നു കൂട്ടിയിട്ടിരിക്കുന്ന എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും കൂട് പൊട്ടിച്ചു  പുറത്തു വിടണം.   .. പിന്നെങ്ങനെ പറന്നു നടക്കണം..... ഒരു നിമിഷം പോലും പാഴാക്കി കളയാതെ......

പ്രണയം ഒരനുഭവം..

നിന്നെക്കാൾ ഇഷ്ടമുള്ള യാതൊന്നും എനിക്കില്ല ....അങ്ങനെയല്ല..നിന്നെക്കാൾ ഇഷ്ടം തോന്നുന്ന യാതൊന്നും എനിക്ക് വേണ്ടാ.... അവളോട്‌ ചേർന്ന് നിന്ന് തോളിൽ മുഖം ചേർത്ത് ഞാൻ പറഞ്ഞു.. അവളുടെ വയറിന്മേൽ ചുറ്റിയിരുന്ന എന്റെ കൈകൾ വിടർത്തി മാറ്റി അവൾ തിരിഞ്ഞ് എനിക്കഭിമുഖമായി നിന്ന് എന്റെ കണ്ണിലേക്കാഴ്ന്നു നോക്കി ...വാ വിട്ട കള്ളത്തിന്റെ പരിണാമമായി കണ്ണുകൾ പതറിപ്പോയി...
ആനാവൃതമായ എന്റെ നെഞ്ചിൽ പറ്റിയിരുന്ന കുങ്കുമം കൈകൊണ്ട് തട്ടിക്കളഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി .... വാക്കുകൾ കിട്ടാതെ ഞാൻ വിവശനായി. ...

അവൾ അനുപമ.. മുഖപുസ്തകത്തിൽ എഴുത്തുകാരുടെ കൂട്ടായ്മയിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. കാഴ്ചക്ക് അതിസുന്ദരി ഒന്നും അല്ലെങ്കിലും ആ കണ്ണുകളും പുരികങ്ങൾക്കിടയിൽ തൊട്ടിട്ടുള്ള വലിയ കുങ്കുമപ്പൊട്ടും എന്നെ അവളിലേക്കാകര്ഷിച്ചു.... അന്ന് തന്നെ അവളുടെ മുഴുവൻ കൃതികളും ഞാൻ വായിച്ചു... പ്രണയത്തിന്റെ പല ഭാവങ്ങളും അതിൽ കണ്ടു .... രാത്രിയിൽ ഒഴിവാക്കാനാവാത്ത അത്താഴമായി യാതൊരു വികാരവുമില്ലാതെ മുഷിഞ്ഞ വസ്ത്രവുമായി അടുത്ത് കിടക്കുന്ന ഭാര്യയോട് പുച്ഛമാണ് തോന്നിയത്. .. ഞാൻ എഴുതുന്നതൊന്നും അവൾ വായിക്കാറില്ല... .അതിനോടെല്ലാം അവൾക്ക് പുച്ഛമാണ് ....ജീവിക്കാൻ നാല് കാശുണ്ടാക്കണ പണി വല്ലോം നോക്കിക്കൂടെ ചേട്ടാ എന്ന് പറഞ്ഞു എന്റെ ഹൃദയത്തെ അവൾ കീറിമുറിച്ചപ്പോൾ ഞാൻ അവളോട് അധികം സംസാരിക്കാതായി ..... ജോലി കഴിഞ്ഞു വീട്ടിൽ വന്നു കേറുമ്പോൾ കേൾക്കുന്ന ബഹളവും സ്ഥിരമായ പരിപ്പ് കറിയും മടുപ്പുളവാക്കുന്ന ഭാര്യയുടെ വിയർപ്പ് ഗന്ധവും....ഓർത്തപ്പോൾ എനിക്ക് ഓക്കാനം വന്നു. 
ഓഫീസിലെ ചില നേരമ്പോക്കുകളിൽ സന്തോഷം കണ്ടെത്താൻ ശ്രെമിക്കുമ്പോഴാണ് അനുപമയെ കണ്ടത്..  എല്ലാ കൃതികളും വായിച്ചു വരികളെ പുകഴ്ത്തിയും കൃതികളെകുറിച്ചുള്ള അഭിപ്രായം പ്രണയം പുരണ്ട വാക്കുകളിൽ വിതറിയും അവളുടെ ശ്രെദ്ധ പിടിച്ചുപറ്റി. ....

അവൾ ഇന്ന് വരെ എന്റെ സ്റ്റാറ്റസ് ചോദിച്ചിട്ടില്ല .. ഞാൻ പറഞ്ഞിട്ടുമില്ല ....ബന്ധങ്ങളിൽ ബന്ധനസ്ഥ ആയിരിക്കുവാന് അവൾ താല്പര്യപെടുന്നില്ല എന്ന അറിവ് എന്നിലെ കാമുകനെ ഉണർത്തി .....
വാക്കുകളാൽ നിർവചിക്കാനാവാത്ത അനുഭൂതി അവൾക്ക് പകർന്നുനൽകി പലപ്പോഴും. ....അവളുടെ നഗ്നശരീരവും ത്രസിപ്പിക്കുന്ന വിയർപ്പുഗന്ധവും  എന്നിലെ മധ്യവയസ്ക്കന് യുവത്വം നൽകി.....

ഇപ്പോൾ അവൾക്ക് എന്റെ കുഞ്ഞിന്റെ അമ്മയാകണം എന്നാണ് പറയുന്നത്... .ബന്ധങ്ങളിൽ വിശ്വാസമില്ലാത്ത അവളെ വിശ്വസിച്ചു അവളിലേക് യാതൊരു നിയന്ത്രണവുമില്ലാതെ പടർന്നു കയറിയ എന്റെ വിത്തുകൾ അവളിൽ മുളച്ചുവത്രെ. .. ആദ്യം തമാശയാണ് തോന്നിയത്.. ..കളി പറയാത്ത അനുപമ ആദ്യമായി പറയുന്ന തമാശ ....എന്റെ ധാരണയെ കാറ്റിൽ പറത്തി അടുത്ത സമാഗമത്തിൽ അവളുടെ ഒതുങ്ങിയ അരക്കെട്ടിൽ ചുറ്റിയിരുന്ന ദാവണി സ്ഥാനം മാറിയപ്പോൾ അനാവൃതമായ അണിവയർ എന്നെ നോക്കി കളിയാക്കി ചിരിച്ചു ....

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ....അവളുടെ മുഖത്ത് ആദ്യമായി അർത്ഥമറിയാത്ത പുഞ്ചിരി കണ്ടു  ....

അന്നാദ്യമായി അവൾക്കൊപ്പമല്ലാതെ ഒറ്റക്ക് നിന്ന് വിയർത്തു...

ഇറങ്ങി നടകുമ്പോൾ ഒരു രൂപവും ഇല്ലായിരുന്നു. ...

പിന്നേ ഉറച്ചൊരു തീരുമാനമെടുത്തു അവൾക്ക് അരികിലേക്ക് വരുന്നത് ഇന്നാണ് .... പക്ഷെ അവളുട മുഖത്ത് നോക്കി പറയാൻ സാധിക്കുന്നില്ല. ...
ഒരു തീരുമാനത്തോടെ
ഞാൻ അകത്തേക്കു നടന്നു ...ബാൽക്കണിയുടെ വാതിൽ അടച്ചു ..

അവൾ അടുക്കളയിൽ പായസം ഉണ്ടാക്കുകയാണ് .....സ്ലാബിൽ ഇരുന്ന കത്തിയിൽ എന്റെ കണ്ണുടക്കി.

ഞാൻ പതിയെ മുറിയിലേക്ക് നടന്നു. ... അവൾ പായസവുമായി മുറിയിലേക്ക് വന്നു.. ഞാൻ പായസം വാങ്ങി കഴിച്ചു ....അവളെ വലിച്ചു നെഞ്ചിലേക്കിട്ടു. ....കഴുത്തിൽ പ്രേമത്തോടെ മുഖം അമർത്തി.. .
എന്റെ നെഞ്ചിൽ മുഖം ചേർത്ത് അർദ്ധമയക്കത്തിൽ കിടക്കുന്ന അനുപമയുടെ നഗ്നശരീരത്തിലേക്ക് ഞാൻ മിഴികൾ പായിച്ചു... സ്വയം കുറ്റപ്പെടുത്തി അവൾക്ക് മുകളിലേക്കു കയറിക്കിടന്നു തലയിണ അവളുടെ മുഖത്ത് വച്ചു അമർത്തി ..അവൾ പിടഞ്ഞു.. ...
കരുത്തോടെ  അവൾ എന്നെ തള്ളിയെറിഞ്ഞു. ...അവൾക്ക് അരികിലേക്ക് നീങ്ങുമ്പോൾ കാഴ്ച മങ്ങിയപോലെ ...
കണ്ണുകൾ അമർത്തി തുടച്ചു അവള്കരികിലേക്ക് വീണ്ടും നീങ്ങി.   കാലുകൾ നിലത്തുറക്കാതെ കുഴഞ്ഞുവീണു. ...കണ്മുന്നിൽ നഗ്നമായ ഒരുപാടു ശരീരങ്ങൾ...എന്റെ അടുത്തു വന്നു മുഖത്തേക്ക് ഉറ്റു നോക്കിയ അവളോട് നാവു വരളുന്നതിനാൽ വെള്ളം ചോദിച്ചു ....അവൾ ഗ്ലാസ്സിൽ ബാക്കിയായ പായസം എന്റെ വായിലേക്കൊഴിച്ചു. .കണ്ണുകൾ അടഞ്ഞുപോകുമ്പോൾ ഞാൻ കണ്ട അവളുടെ മുഖത്ത് ഒരു ചിരിയുണ്ടോ? ????

2019, മേയ് 19, ഞായറാഴ്‌ച

എനിക്കുള്ളിലെ ഞാൻ

ഞാൻ ഞാനാണ്..... ഞാൻ ഞാനായിരിക്കെ നീ എന്നെ ഇഷ്ടപെടില്ലേ ?..
എന്നിൽ എന്ത് മാറ്റം ആണ് നീ കാണുവാൻ ആഗ്രഹിക്കുന്നത് ?.
നിന്നോടെനിക് ഭ്രാന്തില്ല.......ഇഷ്ടം മാത്രം......
ഇഷ്ടത്തിന്റെ വകഭേദങ്ങൾ തേടി പോകുന്നവര്ക്ക് പോകാം... ഒടുവിൽ ഒന്നും മനസിലാകാതെ വരുമ്പോൾ എന്നെ ഭ്രാന്തിയാക്കാം....
എനിക്ക് ആരോടും പറയേണ്ടതില്ല.. ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല..
നിങ്ങൾ എന്നെ ഭ്രാന്തി എന്ന് വിളിച്ചോളൂ.. 
എന്നാലും ഞാൻ ഞാനാണല്ലോ. .
ഞാൻ ഞാനായിരിക്കെ ആരൊക്കെ എന്നെ ഭ്രാന്തിയാക്കിയാലും.. ഉപേക്ഷിച്ചു പോയാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകും..  .സുബോധമുള്ളവരുടെ നാട്ടിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെടുന്ന ദിവസം എന്നിലേക്കു  മടങ്ങി വരുന്നതും കാത്ത് ഒരു കെടാതിരി കത്തുന്ന റാന്തലുമായി. ...മനസ് നിറയെ ഭ്രാന്തുമായി ഞാൻ ഈ കുടിലിൽ ഉണ്ടാകും 

നിന്നോടെനിക്കുള്ളത്

നിന്റെ ഒപ്പം നടക്കാനെനിക്ക് ആഗ്രഹമില്ല.. .
നിന്റെ വാലായി  കയ്യിൽ തൂങ്ങി നടക്കുവാൻ ആണ് ആഗ്രഹം. .. നിന്റെ കൈ തണ്ടയിൽ ഒറ്റ രൂപ നാണയത്തിന്റെ വലുപ്പത്തിൽ പല്ല് താഴ്ത്തി വാച്ചുണ്ടാക്കാൻ മോഹം  ...വയ്യായ വരുമ്പോഴും ഇരുട്ടിൽ തനിച്ചാവുമ്പോഴും നിന്റെ  നെഞ്ചിൽ പറ്റിച്ചേർന്നു കുഞ്ഞായി കിടക്കാൻ മോഹം.....പിന്നീടൊരിക്കൽ നീ വിട്ടു പോകുമ്പോൾ ഒരിറ്റു കണ്ണീർ പോലും കളയാതെ നിന്റെ കൂടെ വരാൻ മോഹം.... വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം .....

തിരിച്ചറിവുകൾ

എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ ഡെസ്റ്റിനേഷൻ എന്താണ് എന്ന് ആദ്യായി ചോദിച്ചത് ബിജു വക്കീലാണ്.. ..ഉത്തരം അറിയാതെ അന്തം വിട്ട് കുന്തം പോലെ നിന്നപ്പോ വക്കീല് തന്നെ ഉത്തരം പറഞ്ഞു.  .മരണം ....മരണമാണ് എല്ലാ മനുഷ്യരുടെയും ഡെസ്റ്റിനേഷൻ.. . അങ്ങനെ നോക്കിയാൽ ഇന്ന് വെട്ടിപിടിച്ചും തട്ടിപറിച്ചും ജീവിക്കണത് എന്തിനാണ് ... അർത്ഥതലങ്ങളിലേക്ക് ഒന്നും ഞാൻ കടന്നില്ല. ...

എന്നാൽ ഇപ്പോൾ ഒരു ചിന്ത  ...
മരണ ദിവസം അറിഞ്ഞു ജീവിക്കുക എന്നത് എങ്ങനെ ഉണ്ടാകും  ..?

ജീവിത ലക്ഷ്യം മരണമാകുമ്പോൾ അതിനു വേണ്ടി അധികം കാത്തിരിക്കേണ്ടത്ത അവസ്ഥ എത്ര സന്തോഷം നിറഞ്ഞതായിരിക്കും... .

രാവിലെ ഞാൻ എണീക്കാതാവുമ്പോൾ അമ്മ ചിന്തിക്കുമോ ഞാൻ മരിച്ചു കിടക്കുകയാണെന്ന്. .... എനിക്ക് എല്ലാം കാണാനാകുമോ? കേൾക്കാനും ? 

അനങ്ങാനാവാതെ മിണ്ടാനാവാതെ എല്ലാം അറിഞ്ഞു..   എന്നെ കാണാൻ വരുന്നവരുടെ  മുഖ ഭാവങ്ങൾ നോക്കി അവരെ മനസ്സിൽ കളിയാക്കി ഇരിക്കാൻ ഒരു ഭ്രാന്തൻ മോഹം 

2019, മേയ് 16, വ്യാഴാഴ്‌ച

ചിരികൾ

ചിരിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.  എവിടെയോ വായിച്ചിട്ടുള്ളതാണ് .. ആത്മാർത്ഥമായ ചിരി ആരോഗ്യമുള്ള മനസ്സിൽ നിന്നെ പുറത്തുവരൂ..
അങ്ങനെയെങ്കിൽ ആത്മാർത്ഥമായ ചിരി വരുത്തുന്നതിൽ ഒട്ടേറെ വലിയ പങ്കുള്ള വസ്തുക്കളും ആരോഗ്യത്തിന് നല്ലതല്ലേ ?,.
ആ .... ഇതിന്നലെ ഉണ്ടായൊരു തോന്നലാണ്.  പണ്ട് കുഞ്ഞുടുപ്പിട്ട് നടന്ന പ്രായത്തിൽ ശ്മശാനത്തിനടുത് പീടിക നടത്തിയിരുന്ന വാസ്വേട്ടനാണ് കള്ള് തന്നു ശീലിപ്പിച്ചത് .. എന്നും രാവിലെ തറവാടിന്റെ കിഴക്കപ്രത് അതിർത്തിയിലെ മുല്ലയും ചെമ്പരത്തിയും വകഞ്ഞുമാറ്റി ഒറ്റ ഓട്ടമാണ്. .. ഓസിനു കിട്ടണ ഒറ്റ കപ് കള്ള് കുടിക്കാൻ ....
വാസ്വേട്ടന് കള്ള് കച്ചോടം അല്ലാട്ടാ... വേറെന്തൊക്കെയോ.. നാട്ടാര് പലതും പറയും .
സ്വന്തായി ഒരു കുടിൽ കേട്ടീട്ട് താമസം മാറീപ്പോഴേക്കും ... വാസ്വേട്ടനെ പോലീസ് പിടിച്ചു .... വാസ്വേട്ടന് വട്ടായി  ... കട പൂട്ടിപ്പോയി. .
കട ഇപ്പോഴും സ്മാരകമായി അവടെ തന്നെ ഇണ്ട്.. ..
ആ  അത് പോട്ടെ. ..വിഷയത്തിലേക്ക് വരാം ... അടുത്തത് പിതാശ്രീ ആണ് ... എന്ന് തൊട്ടാണെന്നറിയില്ല , പിതാശ്രീ കുടിച് കാലിയാക്കണ കുപ്പി അരിച്ചെടുക്കണ ഒരു മൂടി ചൊമന്ന വെള്ളം ഒരു ഗ്ലാസ്‌ വെള്ളത്തിൽ കലക്കി കുടിക്കണ സ്വഭാവം തൊടങ്ങി. 
ആകെ ഉള്ള സ്ഥലത്തു കായ്ക്കണ ഒറ്റ തെങ്ങിൽ കാ പിടിക്കാൻ ചെത്തിനു കൊടുത്തപ്പോ തെങ്ങിൽ നിന്ന് രാജകീയമായി ഇറങ്ങി വരണ കള്ളിനെ കാണാൻ കാത്തു നിന്നപ്പോ കണ്ടത് മറ്റൊരു ശ്മശാനം... ചത്തു മലച്ചു കെടക്കണ വണ്ടോളും ഉറുമ്പോളും ...സംതൃപ്തിയോടെ ആ ശീലം അങ്ങവസാനിപ്പിച്ചു.
ഞാൻ നിർത്തിപ്പോ ചേച്ചീമ് അനിയനും തൊടങ്ങി ... നല്ല അസ്സലായി..  വിശേഷങ്ങൾക് ഇലയിടുമ്പോ ഗ്ലാസ്‌ കൂടി വെക്കണത് പതിവായി ..
ഭക്ഷണം കഴിയുന്നതോടൊപ്പം ആരംഭിക്കുന്ന അച്ഛമ്മയുടെ പൊട്ടിച്ചിരി ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട് ..
പിന്നീട് എയർ കണ്ടിഷ്ണരിന്റെ തണുപ്പിൽ മയങ്ങി അച്ഛമ്മ കാട് കയറുന്ന ഇല്ലെന്ന് തീരുമാനിച്ചപ്പോൾ ആ പൊട്ടിച്ചിരി അവസാനിച്ചു.
 പിന്നീട് ഏട്ടൻറെ വാക്കുകളിൽ മതിമറന്ന് ഏട്ടനു  ഒപ്പം കമ്പനി കൂടണമെന്ന അത്യാഗ്രഹത്തിൽ രാമനെ തലവെച്ച് വാങ്ങിയ കയ്‌റോൺ ശക്തൻ റെ മണ്ണിൽ ഇരുന്ന് ഏട്ടൻ ഒപ്പം വലിച്ചു കേറ്റിയപ്പോഴും വന്നു ഒരു ചിരി... കുഴഞ്ഞ ചിരി ആയാണ് തോന്നിയത്. എങ്ങനെ ചിരിച്ചാലെന്താ..? അതുകണ്ട് ഏട്ടൻറെ മുഖത്ത് വിരിഞ്ഞ കള്ള ചിരിയുടെ ഭംഗി കാണാൻ പറ്റിയല്ലോ...
 കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ള ആത്മാർത്ഥമായ ചിരികളിൽ  ഒന്ന്.
ഇനിയുമെത്ര ചിരികൾ വരാനിരിക്കുന്നു.......
 കണ്ടതിലും എത്രയോ ഇനി കാണാൻ ഇരിക്കുന്നു.....!

കുലദ്രോഹി

സൂത്രൻ,  കനാൽ,  കിടക്കേമുള്ളി, കൊട്ടടക്ക,  കൂരികുട്ടി,  ചാളമേരി, പാമ്പ് തുടങ്ങിയ വിഖ്യാതമായ പേരുകളുടെ വരിയിൽ ഒടുവിലാൻ... .
കുലദ്രോഹി ..
പേരിന്റെ ഉല്പത്തി രസകരമാണ്.
ആവാസ വ്യവസ്ഥയെയും ഭക്ഷ്യ ശൃംഖലയെയും വെല്ലുവിളിച്ചു ഞാൻ വര്ഷങ്ങളായി നടത്തി വരുന്ന നാല്കാലികളെ "ഷണ്ഡന്മാർ " ആക്കുന്ന പ്രസ്ഥാനത്തിനുള്ള അംഗീകാരമായാണ് ഇപ്പോഴിങ്ങനെ ഒരു അവാർഡ് ലഭിച്ചത് 
അവാർഡ് നൽകിയ കേന്ദ്ര കമ്മിറ്റിയോട് ഞാൻ ചോദിച്ചു . .നിലവിലുള്ള എന്റെ പ്രസ്ഥാനത്തിലെ " ഷണ്ഡന്മാരെ " നന്നാക്കാനാകുമോ ?
അവസാനത്തെ ആഗ്രഹം നിരാകരിച്ചു ശിക്ഷ വിധിച്ചു.
മേലിൽ പൂച്ചകൾക്ക് സ്വന്തം പ്ലേറ്റിൽ നിന്ന് ഭക്ഷണം നൽകി പോകരുത്....
ശിക്ഷ ഏറ്റു വാങ്ങുമ്പോഴും അപ്പീലിനുള്ള സാദ്ധ്യതകൾ തേടിക്കൊണ്ടിരിക്കുകയായിരുന്നു... 

2019, മേയ് 15, ബുധനാഴ്‌ച

കരുതൽ

രാവിലെ ജോലിക്ക് പോകുന്നതിനായി 8 35 ന്റെ Kevies ഇൽ കേറിയപ്പോ കിട്ടീത് ഡോറിനടുത്തുള്ള സീറ്റാണ്.
സൈഡിൽ ഹാൻഡ് റസ്റ്റ്‌ ഇല്ലാത്ത , ബ്രേക്കിട്ടാൽ പുറത്തേക് തെറിച്ചു പോണ സീറ്റിൽ,  കാലും നീട്ടി ബാഗ് മടിയിൽ വച്ചു ഫോൺ കയ്യിലെടുത്തു.
തോട്ടപ്രത് വിന്ഡോ സൈഡ് സീറ്റിൽ ഇരിക്കണ ആൾടെ മുഖം പോലും നോക്കാതെ,  ടിക് ടോക്കിലെ പരിചിതരായ  അപരിചിതരുടെ കോപ്രായങ്ങൾ കണ്ട് അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ ഇരുന്നപ്പോ , നുമ്മടെ ഡ്രൈവർ ചിന്നന്റെ  കരവിരുത് സ്റ്റീറിങ്ങിൽ കണ്ടു ....ബസ് നന്നായൊന്ന് വളഞ്ഞു.... ഞാൻ ദാ കിടന്നു താഴെ എന്നാലോചിക്കും മുന്നേ ഒരു കൈ എന്റെ ഇടത് കൈത്തണ്ടയിൽ മുറുകി. .
പിടിച്ചിരിക്ക് മോളെ.. കുഞ്ഞായിരുന്നപ്പോ അമ്മയിൽ കണ്ടിരുന്ന അതേ കരുതൽ. ..ആരെന്നറിയാത്ത മറ്റൊരു അമ്മയിൽ നിന്ന്.  ...ഇന്ന് കിട്ടിയ അമ്മയുടെ കരുതലിൽ നിന്ന് കിട്ടിയ എനർജി യിൽ ഞാൻ ഫോൺ എടുത്ത് മാറ്റിവെച്ചു പിടിച്ചിരുന്നു. ...മനസ്സു നിറയെ സന്തോഷത്തോടെ  .....

2019, മേയ് 14, ചൊവ്വാഴ്ച

നക്ഷത്രകണ്ണുള്ള ബാലൻ

മധ്യവേനലവധിക്കാലം.... അമ്മ ജോലിക്ക് പോയപ്പോൾ ഭക്ഷണം എടുത്തു കഴിച്ചു വെള്ളയിൽ ചുവന്ന പൂക്കളുള്ള കയ്യില്ലാത്ത ഇറക്കമുള്ള കുഞ്ഞുടുപ്പിട്ടു ഞാൻ ചിന്നപ്പുവിന്റെ വീട്ടിലേക്ക് കളിക്കാനിറങ്ങി.. കളികൾ ഒന്നുമറിയില്ല.  അവൻറെ വീട്ടിൽ പൂച്ചയുണ്ട് കോഴികൾ ഉണ്ട് പൈക്കിടാവ് ഉണ്ട്. ഇതിനെല്ലാം പുറമേ എനിക്ക് കയറാൻ പാകത്തിൽ കൊമ്പുകൾ താഴ്ത്തി നിൽക്കുന്ന നല്ല മധുരമുള്ള കശുമാങ്ങകൾ നിൽക്കുന്ന കശുമാവ് ഉണ്ട്... പക്ഷേ ശ്രദ്ധിക്കണം... അവൻറെ വലിയപറമ്പിലെ ഒരു മൂലയിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്ത് ഒരു കൊക്കർണി ഉണ്ട്. താഴ്ഭാഗം കാണാത്ത കൊക്കർണി ... മഴക്കാലത്ത് അത് നിറഞ്ഞുകവിഞ്ഞു  തോട്ടിലേക്ക് ഒഴുകാറുണ്ട്. അതിൻറെ തിട്ട ഇടിയാറു ള്ളതിനാൽ ആരും അടുത്തേക്ക് പോകാറില്ല.  കാറ്റത്ത് വീഴുന്ന കശുമാങ്ങകൾ പെറുക്കിക്കൂട്ടി നടക്കവേ ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നി. ഞാൻ ആ വിളിക്ക് പിന്നാലെ പോയി. മധുരമൂറുന്ന സ്വരം ഒന്നുമല്ല. പക്ഷേ എന്തോ ഒരു പ്രത്യേകത.  എന്താണത്?
 ഞായറാഴ്ചകളിൽ മാത്രമുള്ള, പ്രത്യേക സിനിമ ടാക്കീസിൽ കണ്ടിട്ടുള്ള, കണ്ടുമറന്ന സിനിമയിൽ കേട്ടുപരിചയമുള്ള ഈണത്തിൽ ആണ് വിളിക്കുന്നത്.
 എന്താണ് വിളിക്കുന്നത് എന്ന് വ്യക്തമല്ല.  എന്തോ ഉൾവിളിയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു. വള്ളി പടർപ്പുകൾക്കിടയിൽ ഓടി നടക്കവേ പണ്ടെങ്ങോ വെട്ടിക്കളഞ്ഞ കുറ്റിച്ചെടിയുടെ ഉണങ്ങിയ കടഭാഗത്ത് കാൽ ഉടക്കി ഞാൻ വീണു.
 വീണപ്പോഴാണ് എനിക്ക് മനസ്സിലായത് കൊക്കർണിയുടെ തിട്ടയിലേക്കാണ് വീണത് എന്ന്.
ബലമില്ലാത്ത കൊക്കർണിയുടെ തിട്ടയുടെ ഒരു ഭാഗവുമായി ഞാൻ ഉള്ളിലേക്ക് വീണു.
 വീഴ്ചയിൽ ഹൃദയം അത്യുച്ചത്തിൽ മിടിച്ചു .
 ഹൃദയം നിലച്ചുപോകുമോ എന്ന് തോന്നിപ്പിക്കും വിധം. താഴെ എത്തിയപ്പോൾ എനിക്ക് തന്നെ അതിശയമായി ഒന്നും സംഭവിച്ചില്ല.  പക്ഷേ ഇതിൽ നിന്ന് എങ്ങനെ പുറത്തുകടക്കും? ആരും ഇതിൻറെ അരികിലേക്ക് വരാറു  കൂടിയില്ല.  പിന്നെന്ത് ചെയ്യും?.  ഉറക്കെ നിലവിളിക്കാമെന്നുവച്ചാൽ ഇതിൻറെ തിട്ടകളിൽൽതട്ടി എൻറെ ശബ്ദം പുറത്തേക്ക് എത്തുമോ എന്ന് എനിക്ക് ഉറപ്പില്ല.
ഭയന്ന് തുറിച്ച് കണ്ണുമായി ഞാൻ കൊക്കർണിയുടെ അടിഭാഗത്ത് ഇടിഞ്ഞു കിടക്കുന്ന അങ്കിലേക്ക് കയറി ഇരുന്നു.
 ഇരുകാലുകളും മണ്ണിൽ ഊന്നി.. മുട്ടുകൾ കൂട്ടി അതിലേക്ക് താടി ചേർത്ത്... ഏറെ നേരമായപ്പോൾ വിശന്നു തുടങ്ങി.മറ്റു മാർഗ്ഗങ്ങളില്ലാതെ കണ്ണീർ പൊഴിക്കാൻ തുടങ്ങി. ആരുടെയോ  വിളികേട്ട് ഇറങ്ങിനടക്കാൻ തോന്നിയ നിമിഷതെ പഴിച്ചു കണ്ണീർ വലിയ മുത്തുകളായി താഴെ പതിച്ചു. ആദ്യത്തെ തുള്ളി താഴെ പതിക്കുന്നതിനു മുൻപായി രണ്ടു കാലുകൾ എൻറെ മുന്നിൽ തെളിഞ്ഞു വന്നു.
 ഭയന്ന് ഞാൻ മുകളിലേക്ക് നോക്കവേ, എന്നെ നോക്കി പുഞ്ചിരിക്കുന്ന രണ്ടു നക്ഷത്രക്കണ്ണുകൾ ഞാൻ കണ്ടു. ഒരു കറുത്ത ബാലൻ.  വള്ളി ട്രൗസർ ഇട്ട ചെമ്പിച്ച തലമുടിയുമായി .. പ്രാകൃത വേഷക്കാരൻ ആണെങ്കിലും അവൻറെ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു കടൽ ആയിരുന്നു. സ്നേഹത്തിന്റേയോ  സംരക്ഷണത്തിന്റെയോ എന്തൊക്കെയോ..
 ആദ്യമായി കാണുന്നതാണെങ്കിലും എനിക്ക് യാതൊരു അപരിചിതത്വവും  തോന്നിയില്ല.  അവൻറെ കയ്യിൽ ഏതാനും മുള്ളൻപഴം ഉണ്ടായിരുന്നു. ചിലത് നന്നേ കറുത്തവ മറ്റുചിലത് ഇളം പച്ച നിറത്തിൽ കറുത്ത പുള്ളികളോട് കൂടിയത്. അവൻ എനിക്ക് നേരെ നീട്ടിയ കയ്യിൽ നിന്നും ഞാൻ പഴുത്തവ  എല്ലാം തിരഞ്ഞെടുത്തു. അവൻ എൻറെ മുഖത്ത് നോക്കി കുസൃതിയോടെ ചിരിച്ചു. ഞാൻ നാണിച്ചു പകുതി തിരികെ നൽകി. അപ്പോൾ അവൻ അവൻറെ നിക്കറിന്റെ കീശയിൽ നിന്നും ഒരു പിടി നിറയെ മുള്ളൻപഴം വാരി  കയ്യിൽ തന്നു. കൈ നിറഞ്ഞപ്പോൾ ഞാനവ എൻറെ ഉടുപ്പിലേക്ക് ചെരിഞ്ഞു. ഒരു കൈകൊണ്ട് ഉടുപ്പിന്റെ  തലപ്പ് ചുരുട്ടിപ്പിടിച്ച് മറ്റേ കൈ കൊണ്ട് ഞാൻ നല്ല പാകമായവ നോക്കി എടുത്തു കടിച്ചു.
 കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഉള്ളിലെ കുരുനു  ചുറ്റും ചെറിയ കനത്തിലുള്ള മൃദുവായ തൊലിക്കാണ് രുചി..
കൊകാർണിയിലേക്ക് വീഴുമ്പോൾ ഉടുപ്പിൽ ആയ മണ്ണും പൊടിയും  ഒന്നും കണ്ണിൽ പെട്ടില്ല.  മുഴുവനും തീറ്റ കഴിഞ്ഞ് ഞാൻ അവനെ നോക്കി. അപ്പോഴാണ് അവൻ എന്നെ തന്നെ നോക്കി നിൽപ്പാണ് എന്ന് എനിക്ക് മനസ്സിലായത്. എനിക്ക് നാണം ആണ് തോന്നിയത്. തലയിലും മേലിലും മണ്ണുമായി നിൽക്കുന്ന എൻറെ കോലം ഓർത്ത് ഞാൻ ലജ്ജിച്ച് അങ്കിന്റെ  ഉള്ളിലേക്ക് കയറി ഇരുന്നു..
 നേരം ഇരുട്ടി തുടങ്ങിയിരുന്നു. അവനും എൻറെ അരികിലേക്ക് കയറിയിരുന്നു. കൊക്കർണിയിലേക്ക് ഇരുട്ട് കയറി തുടങ്ങി. പൊതുവേ പ്രകാശമില്ലാതെ കിടന്നിരുന്ന കൊക്കർണിയിലേക്ക്  ഇരുട്ട് കയറി തുടങ്ങിയപ്പോൾ മൂടിവച എന്റെ ഭയം കണ്ണുകളിലൂടെ പുറത്തുവന്നു...
 കൈകൾ നെഞ്ചോടടക്കി കാൽമുട്ട് നെഞ്ചോട് ചേർത്ത് കൂനിക്കൂടി ഞാനിരുന്നു. നേരം പോകുംതോറും വവ്വാലുകളുടെ ചിറകടിയൊച്ചയും ചീവീടിന്റെ കരച്ചിലും കേട്ടു തുടങ്ങി. ഭയന്ന് ശബ്ദംപോലും പുറത്തു വന്നില്ല.  അവൻ ഇതെല്ലാം വീക്ഷിച്ച എൻറെ അരികിൽ തന്നെ ഇരുന്നു. ഒടുവിൽ എൻറെ അരികിലേക്ക് ഒരു കുഞ്ഞെലി ഓടി വന്നപ്പോൾ എല്ലാം മറന്ന് ഞാൻ അവന്റെ അരികിലേക്ക് നീങ്ങി അവനോട് ചേർന്നിരുന്നു. അത്ഭുതമെന്ന് പറയട്ടെ അവനെന്നെ അവൻറെ വലതുകൈകൊണ്ട് തന്നിലേക്ക് ചേർത്തു പിടിച്ചു... മറുകൈ കൊണ്ട് എൻറെ തലയിൽ തലോടി. എൻറെ ഭയവും ആശങ്കകളും ഒഴുകിപ്പോയി. അവൻറെ നെഞ്ചിൽ പറ്റികിടക്കുന്ന വള്ളിയിൽ കൈകൾ മുറുകെ പിടിച്ച് ഞാൻ ഉറക്കമായി. മറ്റൊന്നുമാലോചിക്കാതെ, യാതൊരു ആശങ്കകളും ഇല്ലാതെ, മനസ്സിൽ ഒരൊറ്റ ചിത്രം മാത്രം തിളങ്ങുന്ന രണ്ടു കണ്ണുകൾ. .. 

2019, മേയ് 11, ശനിയാഴ്‌ച

സൈക്കിൾ

ഒന്ന് സൈക്കിൾ ചവിട്ടാനുള്ള കൊതിക്ക് അയൽവാസിയായ ഷെറിന് സിഡി വാങ്ങി കൊടുക്കാമെന്നു പറഞ്ഞു രണ്ടു കാലും കൊണ്ട് തുഴഞ്ഞു നടന്നോരു കാലമുണ്ട്..

വീട്ടിൽ സൈക്കിൾ ചോദിക്കാനുള്ള ആഗ്രഹം മനസ്സിൽ തന്നെ കുഴി വെട്ടി മൂടിയതോണ്ട് ആഗ്രഹങ്ങൾ അനാവശ്യങ്ങൾ ആക്കി മാറ്റിയിരുന്നു.. 

എന്നെപോലെ അല്ലല്ലോ അനിയൻ ..... അവൻ അമ്മേടടുത്തു വാശിപിടിച്ചപ്പോ അകന്ന ബന്ധുവിന്റെ ജാമ്പവാൻ സൈക്കിൾ വീട്ടിലെത്തി... .

മൂടിവച്ച എന്റെ ആഗ്രഹം പുറത്തെടുത്തു ഞാൻ അനിയനേം വച്ചു ആഞ്ഞു ചവിട്ടി... 

എയർ ഇല്ലാത്ത ടയറും .... പെയിന്റ് ഇല്ലാത്ത ഹാൻഡിൽ ഉം... ആകെക്കൂടി ഒരു ആന ചന്തം ഒക്കെ ഉണ്ടയിരുന്നു. ...

അമ്പാടി മുക്കീന്നു ആനന്ദനഗറിലേക്കുള്ള ഇറക്കത്തിൽ അനിയനേം മുന്നിൽ വച്ചു പത്രാസോടെ പറന്നു നടക്കുമ്പോ ലോകം കീഴടക്കിയ ഭാവം ആയിരുന്നു...

അതേ ഭാവത്തിൽ എയർ ഉള്ള സൈക്കിൾ ചവിട്ടിയതേ ഓർമ ഉള്ളൂ ... ബ്രേക്ക്‌ ന്ന് പറയണ സാധനത്തിന്റെ ഉപയോഗം അന്നാണ് പഠിച്ചത്.. 

പിന്നീട് പലരും പറഞ്ഞിട്ടുണ്ട് എനിക്ക് ബെല്ലും ബ്രേക്കും ഇല്ലെന്ന്... 

എങ്ങിനെ ഉണ്ടാവാനാ ......
അങ്ങനൊരു സാധനം കേട്ടുകേൾവി മാത്രം ആയിരുന്നു . ...

ഇപ്പൊ മനസ്സിലാകുന്നുണ്ട് അതിന്റെ ആവശ്യകത...  ഒരുപാട് വൈകിപ്പോയോ... .?

ബാല്യം

അപകർഷതാ ബോധത്തിന്റെ ചിപ്പിക്കുള്ളിൽ കഴിഞ്ഞിരുന്നത് കൊണ്ട് ഒട്ടുമുക്കാലും നഷ്‌ടമായ ബാല്യത്തിന്റെ ഭാവങ്ങൾ പുറത്തു വന്നു തുടങ്ങിയത് ഈ അടുത്ത കാലത്താണ്....

എപ്പോഴോ മങ്ങിയ കണ്ണുകൾക്ക് തിളക്കം തിരികെ വന്നതും ഈ  അടുത്ത് തന്നെ. ...

ബാല്യം അപഹരിക്കപെട്ടതിനാൽ  ഓല പമ്പരവും പീപ്പിയും വാച്ചും  അന്യമായ കാഴ്ചകൾ ആയി മാറി....

ഒരിക്കലും നഷ്‌ടമായ ബാല്യതെ ഓർത്തു നിരാശ തോന്നിയിട്ടില്ല...ഈ അടുത്ത് വരെ....

ഇപ്പോൾ ഈ ഇരുപതാറാം വയസ്സിൽ ഒരു കാറ്റാടി ചോദിച്ചതു കാറ്റാടിയോടുള്ള പ്രണയം കൊണ്ടല്ല., മനസ്സിൽ മടങ്ങി വന്ന ബാല്യം ആസ്വദിക്കാനാണ്....

ഓല പമ്പരത്തിനോട് ഇഷ്ടമില്ലതല്ല, അത് ഉണങ്ങി രൂപം മാറി പോകുമെന്ന് ഒരിക്കൽ പറഞ്ഞതോർമ്മയില്ലേ ...?

എനിക്കിത് സൂക്ഷിക്കാനാണ് ...... ചില നഷ്ടങ്ങൾ നേട്ടങ്ങളായി മാറുന്നതിന്റെ ഓർമയ്ക്ക് ....അതുകൊണ്ടാണ് നിറം മങ്ങാത്ത പ്ലാസ്റ്റിക് കാറ്റാടി ചോദിച്ചത്...

ഉണങ്ങും തോറും പുതിയ ഓല പമ്പരം ഉണ്ടാക്കാൻ എന്റടുത്തു ഉണ്ടാകണമെന്ന എന്റെ അത്യാഗ്രഹത്തിനുള്ള കൂച്ചു വിലങ്ങായാണ് ഞാൻ ചോദിച്ചത്....

പിന്നേ ആശിച്ചത് ചോദിക്കാനും, വാങ്ങിത്തരാനും ആരും ഇല്ലായിരുന്നു .....
ഇന്ന് ആരൊക്കെയോ ഉണ്ടെന്ന വിശ്വാസത്തിൽ ചോദിച്ചതാണ്.....




ഭിക്ഷ

കിട്ടിയ ശമ്പളോം കൊണ്ട് തൃശ്ശൂർക്ക് ഇറങ്ങീപ്പോ പ്ലാൻ ഒന്നും ഇല്ലാരുന്നു ... കണ്ണനുണ്ണീനേം കൊണ്ട് കണ്ട ഇടങ്ങളിൽ കേറി നിരങ്ങി കണ്ടതൊക്കെ വാങ്ങി..  തിന്നു.... അങ്ങനെ നടക്കുമ്പോ മുന്നിൽ വന്നുപെട്ട ലോട്ടറി യും വാങ്ങി. ....അടിക്കുമെന്നോ , അടിക്കണമെന്നോ വിചാരിച്ചില്ല. ..വഴിയിൽ കണ്ട യാചകർക്ക് എല്ലാം കാശും കൊടുത്തു.... ചിറ്റേ എന്തിനാ എല്ലാർക്കും ഭിക്ഷ കൊടുക്കണേ ന്ന് ഉണ്ണികൾ ചോദിച്ചപ്പോ .. ഇത് ഭിക്ഷ ഒന്നും അല്ലടാ അവരുടെ അവകാശമാണ്. .. എനിക്ക് കിട്ടണ വരുമാനത്തിന്റെ ഒരു പങ്ക് അവർക്കു കൂടി അവകശപ്പെട്ടതാ എന്നൊക്കെ വല്യ വാചകം അടിച്ചു... സത്യത്തിൽ മാസത്തിൽ പകുതി ദിവസം ജോലിക്ക് പോണ എനിക്ക് മൊയലാളിടെന്ന് കിട്ടണ ശമ്പളം ഒരു വിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെ അല്ലേ ന്നുള്ള തോന്നലിൽ നിന്നാണ് ഈ ദാന മനസ്ഥിതി വന്നതെന്നൊരു സംശയം ഇപ്പോഴും ഇല്ലാതില്ല . .. .എന്തായാലും ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം ആവുലോ.. .ഏതാണ് ചീയുന്നതെന്ന് ചോയ്ക്കരുത് ട്ടാ ...

2019, മേയ് 10, വെള്ളിയാഴ്‌ച

നിരാശ

നിരാശ തോന്നിയിട്ടുണ്ട് ജീവന് തുല്യം സ്നേഹിച്ചവർ  ഇട്ടിട്ടു  പോയപ്പോ തോന്നിയ തൊന്നുമല്ല.... കാപ്പിയിൽ മുക്കി കഴിച്ചോണ്ടിരുന്ന ബിസ്‌ക്കറ് വീണുപോയതിനു മുന്നിൽ. . .അതിലും വലുതൊന്നും തോന്നാനില്ല ..

2019, മേയ് 9, വ്യാഴാഴ്‌ച

വെൽക്കം ടു ഊട്ടി...

ഊട്ടിയിലേക്കുള്ള യാത്രയിലാണ്.  ...മേട്ടുപാളയത് നിന്ന് ട്രെയിൻ പിടിച്ചു ഇടക്ക് വഴിയിൽ കടന്ന് വരുന്ന ഗുഹകൾക്ക് ഉള്ളിലൂടെ പോകുമ്പോൾ ഉച്ചത്തിൽ കൂവിയും,  വഴിയരികിൽ ആനക്കൂട്ടത്തെ കണ്ട് വേഗം കുറയുമ്പോൾ വാതിലിനരികിൽ നിന്ന് രമണിയെ ആസ്വദിച്ചും, ചെയ്യാ ചെയ്യാ പാട്ടു ഹെഡ് ഫോണിൽ ഉച്ചത്തിൽ വച്ചു ആരെങ്കിലും ശ്രെദ്ധിക്കുന്നുണ്ടോ എന്ന് യാതൊരു സ്രെദ്ധയും ഇല്ലാതെ അങ്ങനെ ആര്മാദിച്ചൊരു യാത്ര.. ...
ഒറ്റക്കാണ് ......
ചാര്ലിയിലെ ടെസ്സയെ പോലെ കൂടും കുടുക്കേം എടുത്ത് ഇറങ്ങീതാണ്  ....
ഇങ്ങനെ പോയ നിന്നെ ആരും കേട്ടില്ല .... ഇനി എങ്ങാനും കെട്ടിയാൽ  അവനൊരു വട്ടൻ അല്ലേൽ അവനു ഉടൻ വട്ടായിക്കോളും  ...അങ്ങനൊരു ചങ്കി കൊള്ളണ കമന്റ്‌ നുമ്മ മാതാശ്രീയിൽ നിന്ന് കിടീപ്പോ ക്ഷീണം തീർക്കാൻ ഇറങ്ങിയതാണ് ....
മണ്ണുത്തി വരെ ചങ്ക് ശ്രീവിയെ തല വച്ചു ..
ഹൈ വേ യിൽ ചെന്ന് ഒരു പാണ്ടി ലോറിക്ക് കൈ കാണിച്ചു .   അണ്ണൻ നോക്കീപ്പോ കെട്ടും ഭാണ്ഡവുമായി ബംഗാളി ലുക്കുള്ള ഞാൻ..   .സ്ലോ ആയ വണ്ടി നിർത്താതെ മുന്നോട്ടെടുത്തപ്പോ പ്രൊഡ്യൂസർ നെ മനസാ സ്മരിച്ചു ഞാൻ ആന വണ്ടിക്ക് കൈ കാട്ടി ....ഓ അതിനു  ദേശ സ്നേഹം ഉണ്ട് ...നാലെണ്ണത്തിന് കൈ കാണിച്ചപ്പോൾ ഒരെണ്ണം നിർത്തി.  . കേറി കോയമ്പത്തൂർ ക്ക് ടിക്കറ് എടുത്ത് കണ്ട സീറ്റിൽ ചാടികേറി അങ്ങിരുന്നു. ...പുലർച്ചെ നേരമാണെങ്കിലും എല്ലാ സീറ്റിലും ആളുണ്ട്.  വീടീന്ന്‌ ചാടി പോന്നതായതിനാൽ രാത്രി ഒട്ടും ഉറങ്ങിയിരുന്നില്ല.  അപ്പൊ ഒരു ഉറക്കങ്ങട് പാസാക്കാംന്നു വെച്ച തല ഹെഡ് റെസ്റ്റിൽ വച്ചു ചെവിയിൽ ഹെഡ് സെറ്റും കുത്തി തിരുകി കാലു നീട്ടിവെച്ചു ഒരു കിടപ്പങ്ങാട് കിടന്നു .. കാലിൽ ആന ചവിട്ടാണ പോലൊരു വേദന വന്നപ്പോ ന്റമ്മോ ന്ന് നിലവിളിച്ചു ചാടി എണീറ്റു നോക്കീപ്പോ.. ..ഇളിച്ചോണ്ട് രണ്ടു ലുട്ടാപ്പിമാര്  ....കണ്ണനുണ്ണീസ്  ....ഏ. .. അവരെങ്ങനെ ഇവടെ ...? .. .സ്ഥലകാലബോധം വന്നപ്പോ നുമ്മ നുമ്മടെ സൊന്തം ഊട്ടിയിൽ ആണെന്ന് മനസിലായി... അങ്ങനെ സ്വപ്നത്തിൽ എങ്കിലും ഊട്ടിയിൽ പോവാനുള്ള പരിപാടി ക്യാൻസൽ ആയി ......

2019, മേയ് 5, ഞായറാഴ്‌ച

ഷണ്ഡത്വം കല്പിക്കപെട്ട പൂച്ചകൾ

ആദ്യമായി വീട്ടിൽ വന്നത് അമ്മുവാണ്.
 വെളുപ്പിൽ ചാരനിറമുള്ള വട്ടത്തിലുള്ള പാടുകളുമായി. അമ്മു ഒരു ആവേശത്തിൽ ഇട്ട പേരാണ്. ആണോ പെണ്ണോ എന്ന് തിരിച്ചറിയാതെ തന്നെ....

 പേര് അമ്മു എന്ന് ആയതിനാൽ അത് അവൾ ആവണം. അവളാണെങ്കിൽ പ്രസവിക്കണം.

 കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. എവടെ....

 കാലമേറെ കടന്നിട്ടും അവൾ പ്രസവിച്ചില്ല.. ...
 ഓ...  അവൾ മച്ചി ആവണം...

അല്ലാതെ ഒന്നും നടക്കാഞ്ഞിട്ടല്ല. ..

 രാത്രിസമയങ്ങളിൽ വീട്ടിൽ നിന്നും പതുക്കെ പന്നി അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് അവൾ പോകുന്നത് എത്ര തവണ ഞാൻ കണ്ടിരിക്കുന്നു........

 അമ്മു ഒരു കിണറിൽ വീണ അകാലചരമമടഞ്ഞ പ്പോൾ തൊട്ടടുത്തായി ഒന്നുകൂടി വന്നു....

 പേരിടൽ കർമ്മത്തിനു മുൻപായി തന്നെ അത് എങ്ങനെയോ ചത്തുപോയി..

 അടുക്കളയിൽ വിറകടുപ്പിൽ താഴെ അടുക്കിവെച്ചിരിക്കുന്ന വിറകിനു മുകളിൽ വിറങ്ങലിച്ചിരുന്ന  അതിനെ  (ആണോ പെണ്ണോ എന്ന് ഞാൻ തീരുമാനിച്ചിരുന്നു ഇല്ലല്ലോ) എടുത്ത് വാഴക്കുലയിൽ കുഴികുത്തി കുഴിച്ചിട്ടു....
 പിന്നെ വന്നത് ചിക്കു ആയിരുന്നു..
 എൻറെ എന്നത്തെയും പ്രിയപ്പെട്ടവൾ..
 അതിനെ കണ്ടപ്പോൾ തന്നെ വാലു പിടിച്ചു പൊന്തിച്ചു നോക്കി ഇത് പെണ്ണ് തന്നെ എന്ന് തീരുമാനിച്ചത് 7 പ്രസവിച്ച തുണ്ട് അമ്മ ആയതിനാൽ ഞാൻ ഉടനടി അവളെ പെണ്ണായി പ്രഖ്യാപിച്ചു പേരിട്ടതാണ് ചിക്കു....


 ഒരേ പ്ലേറ്റിൽ നിന്ന് ഒന്നിച്ചു കഴിച്ചു ഒന്നിച്ച് ഒരു പായയിൽ ഉറങ്ങിയും വിഷമഘട്ടങ്ങളിൽ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു ഞങ്ങൾ ഒന്നായി....
 എന്നാൽ ഒരിക്കൽ പോലും അവൾ പ്രസവിച്ചില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു...

 എലി പോലും പേടിക്കാതെ നടക്കുന്ന അവൾക്ക് വൈവാഹികജീവിതത്തിൽ താല്പര്യമില്ല ആയിരിക്കും എന്ന് ഞാൻ കരുതി...

 പെട്ടെന്നൊരു ദിവസം അവൾ അപ്രത്യക്ഷയായി...

 ഒന്നു രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്തിയ അവൾ ഇടയ്ക്കിടെ പഴനിയിൽ പോകുന്ന പോലെ മുങ്ങാൻ തുടങ്ങി.....

 അവളും രാത്രിസമയങ്ങളിൽ എൻറെ പായിൽ നിന്നും എഴുന്നേറ്റ് റബ്ബർത്തോട്ടത്തിലേക്ക് വച്ചടിച്ചു...

 പുറകെ പോവാൻ തുനിഞ്ഞ എന്നെ പികാസ് പ്രേതം എന്ന ഓർമ്മ പിന്തിരിപ്പിച്ചു....


 ആ പോട്ടെ... അങ്ങയിലും അവളൊന്ന് പ്രസവിക്കട്ടെ . .

 അവരുടെ അവിഹിതത്തിൽ എൻറെ ഒളിഞ്ഞുനോട്ടം വേണ്ട....

 എന്നാൽ അവൾ ഒരിക്കലും ഗർഭിണിയായുമില്ല പ്രസവിച്ചുമില്ല...

 രാത്രി സമയത്തെ അപഥസഞ്ചാരം അവളുടെ കാമുകന്റെ  വീട്ടുകാർ കണ്ടുപിടിച്ചു എന്തോ.....
 അവളെ കാണാതായി...

 ഏറെ ദിവസം കഴിഞ്ഞപ്പോൾ വെള്ളമില്ലാതെ വരണ്ടു കിടന്ന കനാലിൽ അവളുടെ ജഡം പൊന്തി..

 അഴുകിയ നിലയിൽ ആണെങ്കിലും ഏറെക്കാലം ഒന്നിച്ചു കഴിഞ്ഞതിനാൽ അവളെ ഞാൻ തിരിച്ചറിഞ്ഞു...

 ദിവസം പോകുംതോറും തൊലിയും രോമവും പോയി അസ്ഥി കണക്ക് ആയി....
 അപ്പോഴതാ ചില പന്നികൾ കനാലിലൂടെ വെള്ളം വിട്ടു.

 രാവിലെ എഴുന്നേറ്റ് അവളുടെ അസ്ഥി കണികാണാൻ ആയിപോയ എനിക്ക് അവളുടെ അസ്ഥിയും ഏന്തി കോൾ കടവിലേക്ക് പുറപ്പെട്ട കനാൽ വെള്ളതേയാ ണ് കാണാനായത്....

സംഗതി ഇങ്ങനെയാണെങ്കിലും അവളെൻ്റെ അസ്ഥിക്ക് പിടിച്ചിരുന്നതിനാൽ ഞാൻ എൻറെ പേരിൻറെ കൂടെ അവളെ വാലായി കൂട്ടി..
 ഇന്നും ചിലർ ചോദിക്കും ആരാണ് ചിക്കു...?

 അവൾ സ്വർഗത്തിലും നരകത്തിലും ഇരുന്ന എനിക്ക് നന്ദി പറയുന്നു ഉണ്ടാവും, ഇത്രയേറെ വർഷങ്ങൾ കഴിഞ്ഞിട്ടും അവളെയും കൂടെ കൊണ്ട് ഞാൻ നടക്കുന്നതിനാൽ...

 അടുത്തത് ടൈഗറിനെ ഊഴമായിരുന്നു.. രാവിലെ എഴുന്നേറ്റ് പുറക് വശത്തേക്ക് വന്നപ്പോൾ പുലിയെ പോലും ചീറ്റി കൊണ്ട് ഒരു ഞാഞ്ഞൂൽ സാധനം.. കണ്ടാൽ ഒരു കാട്ടു പൂച്ച... ആഹാ കൊള്ളാലോ... എനിക്ക് വെച്ച് ബൂസ്റ്റ് ഇട്ട് പാല് കൊടുത്തപ്പോൾ പുലി ഒരു മുയൽ ആയി മുട്ടി ഉരുമ്മി.....ഓ വശീകരണം.....
 പാൽ മുഴുവനും കുടിച്ച് എന്നെ തൊട്ടു നിന്ന് അതിനെ കയ്യിലെടുത്ത് വാൽ എന്ന് പൊക്കി നോക്കി..

 90 കഴിഞ്ഞവർക്കേ ലിംഗ  നിർണയത്തിനുള്ള അധികാരമുള്ളൂ.....?

ഇത്രയും കാലത്തെ സഹവാസം കൊണ്ട് എനിക്കും അറിയാം എന്നാ അങ്ങട് അഹങ്കരിച്ചു നോക്കി .. . ഹം.... ഇവൻ ഒരു ആണ് തന്നെ...
 ഇവൻറെ lookin ഒത്ത് പേര് ആവണമല്ലോ..
 എന്നാൽ പിന്നെ കിടക്കട്ടെ... ടൈഗർ... അവൻ അങ്ങനെ വീട്ടിൽ വിലസി നടന്നു കഫക്കെട്ട് വന്നപ്പോ അവന് ഞാനെൻറെ സൾഫർ എടുത്തുകൊടുത്തു... ഗുണമുണ്ടായി..കുറുകൽ നിന്നു..... ഭാഗ്യത്തിന് കാഞ്ഞു പോയില്ല. .. കുറച്ചു കഴിഞ്ഞപ്പോ അവൻ ഒരു മാറ്റം... ഓ..  തിന്നു കൊഴുത്ത താവും..... എന്നും രാത്രി ഇന്ന് പള്ള നിറച്ച് എൻറെ അടുത്ത് കിടക്കണ മുകളിൽ വെക്കന  എൻറെ കയ്യിൽ പാതിരാത്രിക്ക് എന്തോ നനവ് തട്ടിയപ്പോൾ ഞാൻ തപ്പി നോക്കി.....
 ആകെ നനവ്.. എ എ..   സ്വപ്നത്തിൽ എങ്ങാനും ഷൂ ഷൂ....ഏയ്....... ഫോണിൻറെ ഡിസ്പ്ലേ ഓൺ ചെയ്തു നോക്കി പോഴ  രസം....
 ടൈഗറിനെ ആണത്തത്തെ ചോദ്യം ചെയ്ത് ഒരു കുഞ്ഞു ചേർന്നുകിടക്കുന്നു.... ഓ. . . കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണല്ലേ...
 എന്തായാലും എൻറെ കിടക്ക പോയി... എന്നാ മാർജാര സുന്ദര അല്ല  തെറ്റി സുന്ദരി നീ കിടന്നു പ്രസവിക്കൂ ഞാനിവിടെ തന്നെയുണ്ട് എന്നും പറഞ്ഞു ഞാൻ കയ്യെടുത്തു മാറ്റി കിടന്നു...... രാവിലെ നോക്കിയപ്പോൾ നല്ല പൊളപ്പൻ നാല് പിള്ളേര്..... എൻറെ കിടക്ക അസ്സൽ ആക്കിയിട്ടുണ്ട്... ആ പോട്ടെ.... കുറേ പുണ്യംനിറഞ്ഞ കിടക്കയാ.... ഇതുകൊണ്ട് ഒരു തീരുമാനം ആയിക്കോളും എന്ന് അങ്ങ് കരുതി.... അമ്മയുടെ ആട്ട നല്ലപോലെ കിട്ടിയെങ്കിലും തൊലിക്കട്ടി അപാരം ആയതുകൊണ്ട് ഞാൻ അത് അങ്ങ് ക്ഷമിച്ചു..... കിടക്ക എടുത്തു മാറ്റി കത്തിക്കാൻ ഇടാൻ നോക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത് നമ്മുടെ ടൈഗർ ആള് ചില്ലറക്കാരിയല്ല ...( പ്രസവിച്ച സ്ഥിതിക്ക് ഇനി പെണ്ണായി കണ്ടല്ലേ പറ്റൂ... ). നാലു കുട്ടികളും നാല് നിറത്തിൽ അവളെ പോലെ ഒരെണ്ണം പോലും ഇല്ല. ... ഇവൾ എങ്ങനെ സാധിച്ചു എന്തോ?... കുറച്ചു ദിവസം കഴിഞ്ഞില്ല എൻറെ മുറി പ്പാലിനെയും ഉണ്ണിയപത്തിന്റെ യും മണം  കൊണ്ട് നിറഞ്ഞു...
 അമ്മയുടെ ആട്ടിനെ പേടിച്ച് പുറത്തുപോവുമ്പോൾ മുറിയുടെ വാതിൽ പൂട്ടാൻ ഞാൻ മറന്നില്ല.... അങ്ങനെയിരിക്കെ ഞാൻ ഒരു ദിവസം മുറിയിൽ കയറി സുഗന്ധം പുറത്ത് കളയാനായി ജനൽ തുറന്നപ്പോഴാണ് നുമ്മ ടൈഗറിന്റെ രാജകീയ വരവ്.....
 വായിൽ മറ്റൊന്നുമല്ല ഒരു ചെറിയ ഇഴജന്തു വാ.. പാമ്പേ പാമ്പ് പാമ്പ് .
 കണ്ടം വഴി ഓടണമെന്ന് ഉണ്ടായിരുന്നെങ്കിലും കണ്ടം കിട്ടാൻ പാടാ യതിനാൽ ഞാൻ കട്ടിലിലേക്ക് ചാടി കയറി അമ്മയ്ക്ക് പഠിച്ചു.... ടൈഗറിനെ നല്ല ഒരു ആട്ടാട്ടി...
 അതുകേട്ട് അവൾ ഏതു കുളത്തിൽ കുളിക്കാൻ ആണാവോ ഓടിപ്പോയത്...?
 പാമ്പ് പോയ ധൈര്യത്തിൽ ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി തന്ത ആരാണെന്ന് അറിയാത്ത നാല് കുഞ്ഞുങ്ങളെ എടുത്ത് അടുക്കള പുറത്തേക്ക് പോയി ഒരു പെട്ടിയിൽ ഇട്ടു.....
 ഭണ്ഡാരം ഒന്നും അല്ലാത്തതുകൊണ്ട് ആരും എടുക്കില്ലെന്ന് എന്നെപ്പോലെ ടൈഗറിന് ഉറപ്പായതുകൊണ്ട് പ്രശ്നമായില്ല...
 അപ്പോഴാണ് അടുത്ത പ്രശ്നം മറ്റൊന്നുമല്ല ടൈഗറിനി വയറിളക്കം...
 നടക്കുന്ന ഇടം മുഴുവൻ നാറ്റിച്ചു കൊണ്ട് ഒരു നടത്തം.. അവളുടെ പിന്നാലെ തുണിയും കൊണ്ടുനടക്കുന്ന എൻറെ അവസ്ഥ കണ്ടു ട്യൂഷന് വന്ന് പിള്ളേര് പറഞ്ഞു ചേച്യേ ശരിയാക്കിത്തരാം...
 പിന്നെ ടൈഗറിനെ യും കുട്ടിയോളും കാണാനുള്ള ഭാഗ്യം ദൈവം സഹായിച്ച് ഉണ്ടായില്ല...
 കുന്നംകുളത്തേക്ക് നട്ടുച്ചനേരത്ത് കെട്ടിയോനെ കൂടെ പാഞ്ഞുപോകുമ്പോണ്ട്രാ പേരാമംഗലം ഇതിനുമുമ്പ് നടുറോട്ടിൽ ഒരു പൂച്ച കുട്ടി..
 എന്തായോ എന്തോ നുമ്മടെ കുന്നംകുളം ബസ്സിലെ കാര്യമൊക്കെ എല്ലാവർക്കുമറീയൂലോ ലെ  ..
 കെട്ടിയോൻ ഒരു സഡൻ ബ്രേക്ക് പറഞ്ഞ് അടിച്ചു വന്നു നോക്കിയപ്പോൾ സാധനം ഡിവൈഡറിന്റെ  അടുത്തു ചുരുണ്ടരിക്കുന്നു...
 ഒന്നും നോക്കിയില്ല എഴുത്തു തോളത്തുവച്ച ഒറ്റ പോക്ക് അങ്ങ് പോയി.. അനുസരണയില്ലാത്ത സാധനം ആയോണ്ട് കെട്ടിയോൻ ഒന്നും പറഞ്ഞില്ല... പൂച്ചയെ പെട്ടിയിലടച്ച് ഞാൻ പോയി ഫുഡ് കഴിച്ചു വന്നു... തിരിച്ചു പേരാമംഗലം എത്തിയപ്പോ സാധനത്തിന് ഇത്തിരി വെള്ളം കൊടുക്കാമെന്നു അങ്ങട്  തോന്നി...
 അഹങ്കാരത്തിന് ഒരു ജ്യൂസ് കടയുടെ പുറത്തുള്ള പൈപ്പിൽനിന്ന് വെള്ളം കയ്യിലാക്കി പെട്ടിക്ക് അകത്തേക്ക് ഇത് ഓർമ്മയുള്ളൂ.... ൻറെമ്മോ എന്നെ അങ്ങനെ ഒരു നിലവിളിയായിരുന്നു...
 അമലയിൽ അന്നേരം ആംബുലൻസ് ഇല്ലാത്തോണ്ട് മാത്രം രക്ഷപ്പെട്ടു... ചോരകുടിക്കുന്ന ജിന്ന്... ആണെന്ന് എനിക്ക് അറിയണ്ടേ... അതിനെ കുറെ പ്രാകി ഞാൻ വീട്ടിലെത്തി പെട്ടിതുറന്ന് ഒഴിഞ്ഞ മുറിയിൽ വെച്ച് ഓടി മാറി.. എനിക്കു കുട്ടിയുടെ അത്രയേ ഉള്ളൂ സാധനം.. അഹങ്കാരം കണ്ടില്ലേ.. ഇനി എന്നെ കടിക്കാനും മാത്രം അത് വളർന്നാ  ..
 ദിവസം പോയപ്പോ അതിൻറെ ലിംഗനിർണയം നടത്തണം എന്ന തീരുമാനത്തിൽ എടുത്തു വാല് അങ്ങ്... പൊക്കി..
 ഓ ഇത് അത് തന്നെ പെണ്ണ് പേരിടാം.... ടുട്ടു... ഒരു ഒരു രാജാവായി വളർന്നു..... വയസ്സ് ഒന്ന് കഴിഞ്ഞിട്ടും കണ്ട് പൂച്ചകൾ വീടുകയറി നിറഞ്ഞിട്ടും ഇവൾക്ക് വിശേഷം ഇല്ല... കോപ്പ് ഇവളും മച്ചിയാ.. . എടുത്ത ഒരു കുത്തിന് പണി തീർക്കാൻ തോന്നിയപ്പോ എൻറെ വീട്ടിൽ കൊണ്ടാക്കി.... ഇപ്പോഴേ ഒരു കൊല്ലായി.... അവളെ ഒന്ന് ഗർഭിണിയാക്കാൻ പറവട്ടാനി കാരൻ മാപ്പിളയെ വരെ കൊണ്ടുവന്നു... വന്നവനെ അമ്മ മതം മാറ്റി ച മണിയൻ ആക്കി... മണിയൻ തടിച്ചുകൊഴുത്ത അല്ലാതെ ടുട്ടുന്റെ  വയറുവീർത്തില്ല... 
 ഓ മണിയൻറെ കഴിവ് കുറവാകും.... അവനോട് എനിക്ക് പുച്ഛം.... അപ്പോഴാണ് പല പേറുകൾ  കണ്ടാ ലിസി ചേച്ചി യുടെ വരവ് .. ടൂട്ടുനെ ക്കണ്ട ലിസി ചേച്ചി വളരെ ചാതുര്യത്തോടെ വാലാങ് പൊക്കി... .ട്യേ ശ്രുതിയെ ഇതാണാ ഡീ ..ഏ .... എന്ത്.. ആ.  ഇത് ആണാ. . എന്നിട്ട് ഒരു പുച്ഛച്ചിരിയും. .. ഞാൻ അങ്ങട് ദഹിച്ചു പോയി.... ഛെ ....ഇത്രേം കാലം ഞാൻ ഷണ്ഡനും മച്ചിയും ആക്കിയ പൂച്ചകളുടെ പ്രാക് ആയിരിക്കും. 

2019, ഏപ്രിൽ 13, ശനിയാഴ്‌ച

എന്റെ വട്ടുകൾ 1

അഡിക്ഷൻ

ഇടതു കയ്യിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിലേക്ക് സൂചി കുത്തിയിറക്കവേ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു ..
കണ്ണടച്ചപ്പോൾ മുന്നിൽ തെളിഞ ഇരുട്ടിൽ ചില രൂപങ്ങൾ അവ്യക്തമായി ഞാൻ കണ്ടു..

തലച്ചോറിൽ എന്തൊക്കെയോ മൂളുന്നത് പോലെ. ..

കയ്യിലിരുന്ന ഒഴിഞ്ഞ സിറിഞ്ച് വലിച്ചെറിഞ്ഞു ഞാൻ കണ്ണുകൾ ശ്രമപ്പെട്ടു തുറന്നു.
കണ്ണിനു ഭാരം അനുഭവപെട്ടു തുടങ്ങി ..
കൺമുമ്പിൽ ഏതൊക്കെയോ രൂപങ്ങൾ തമ്മിൽ വാഗ്‌വാദം നടക്കുന്നു..

കാഴ്ച്ച മങ്ങിയതിനാൽ ഞാൻ ഇരുട്ടിലേക്ക് തറപ്പിച്ചു നോക്കി 

രൂപങ്ങൾ എന്റെ മുന്നിൽ തെളിഞ്ഞു തുടങ്ങി...  .

അതൊരു പെൺകുട്ടിയും യുവാവ് ഉം ആണ്..

"നീ ഒന്ന് പോയി തരാമോ,  ശല്യം.... ഏതോ ഒരു നിമിഷത്തിൽ നിന്നോട് പറഞ്ഞ് പോയി നിനക്ക് എന്റെ മനസ്സിൽ സ്ഥാനം ഉണ്ടെന്ന്..   .ആ നിമിഷത്തെ ഞാനിന്ന് ആത്മാർഥമായി ശപിക്കുകയാണ്. ."

യുവാവ് പെൺകുട്ടിയുടെ മുഖത്ത് നോക്കി ആക്രോശിക്കുകയാണ്. .

പെൺകുട്ടിയുടെ മുഖം വിളറിയിട്ടുണ്ട്. ...നിർവികാരമായ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി . ..കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുകി താടി തുമ്പിൽ എത്തി നിന്നു..

താടി തുമ്പിൽ നിന്നും കണ്ണീർ താഴേക്കു ഇറ്റു വീണപ്പോൾ ഞാൻ എന്റെ കവിൾ തുടച്ചു..

കയ്യിൽ നനവ് പടർന്നോ ..

വീണ്ടും നോക്കിയപ്പോൾ ചിത്രങ്ങൾ അവ്യക്തമായി .. .കണ്ണുകൾക്ക് ഭാരം അനുഭവപ്പെട്ടു.. .തല പൊട്ടി പിളരുന്നത് പോലെ ...ഞാൻ തറയിൽ തന്നെ കിടന്നു.. ..


കണ്ണടയ്യ്ന്നതിനൊപ്പം ഉപബോധ മനസ്സ് ഞാൻ മറന്ന ഭൂതകാലത്തേക്ക് യാത്ര തുടങ്ങി.. .

മനോഹരമായൊരു ക്യാമ്പസ്സിൽ അരയാൽ എന്ന് ബോർഡ് വച്ച ഇല കൊഴിഞ്ഞൊരു മരത്തിന്റെ തറയിൽ ആ പെൺകുട്ടിയും അയാളും ഇരുന്ന് സംസാരിക്കുകയാണ്. .
പെൺകുട്ടിയുടെ കണ്ണുകളിൽ അയാളോടുള്ള അടങ്ങാത്ത സ്നേഹം തെളിഞ്ഞു കാണാം..

പലപ്പോഴും അയാൾ അവളിൽ നിന്ന് മുഖം തിരിക്കുകയാണ് ....
അവളുടെ കണ്ണുകളിൽ നോക്കാൻ സാധിക്കാതെ. ..

പിന്നീട് അവൾ അയാൾക്ക് മുന്നിൽ പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിച്ചു... നോക്കു എന്റെ കണ്ണിൽ കള്ളത്തരം ഉണ്ടോ ...?

അയാളുടെ മറുപടി കണ്ണു വലിച്ചു തുറന്ന് ഒരു വല്ലാത്ത ചിരി ആയിരുന്നു .

അയാളുടെ പെരുമാറ്റം ആളുകളെ തന്നിലേക്ക് ആകർഷിക്കും വിധമായിരുന്നു ...

എന്നാൽ അവൾ അയാളിൽ ആകൃഷ്ടയായി എത്തിയതല്ല... മറിച്ചു അവളിലേക്ക് അയാളായിരുന്നു എത്തി ചേർന്നത്  .....

സ്വന്തമായി ഉണ്ടാക്കിയ ചട്ട കൂടിൽ സുഖമായി ധ്യാനിച്ചിരുന്ന അവളെ അയാൾ ആണ് പുറത്തേക്ക് കൊണ്ട് വന്നത്. 

അതുകൊണ്ട് ആണോ അവൾക്ക് അയാളോട് ഇഷ്ടം ?

അവൾ മറ്റു പെൺകുട്ടികലെ പോലെ ആയിരുന്നില്ല ..
അവൾക്ക് അയാളോട് തോന്നിയത് കേവലം ആകരഷണമോ , പ്രണയമോ ആയിരുന്നില്ല.. 
അവൾ അയാളിൽ മറ്റാരെയോ തിരയുക ആയിരുന്നു ....

 ആരാണെന്ന് അവൾക്കു പോലും വ്യക്തമായിരുന്നില്ല.  പിന്നീട് അയാൾ ആണത് അവൾക്ക് വ്യക്തമാക്കിയത്. അപ്പോഴും അതിനുശേഷവും അവളുടെ മരണംവരെയും ജന്മാന്തരങ്ങളായി അവൾ അയാളിൽ നിന്നും ആഗ്രഹിക്കുന്നതും അതുതന്നെയായിരുന്നു. ഇരുവരും പലതവണ അതിനെക്കുറിച്ച് സംസാരിക്കുമെങ്കിലും അയാളിൽ ഇവിടെയോ ഒരു സംശയത്തിന് വിത്ത് ഒരിറ്റു വെള്ളത്തിനായി കാത്തു കിടക്കുന്നുണ്ടായിരുന്നു.

 അവൾ അത് അറിഞ്ഞിരുന്നില്ല. ...
 വർഷങ്ങളായി അവളുടെ ഉള്ളിൽ മൂടിവെക്കപ്പെട്ട സ്നേഹം അളവില്ലാതെ പുറത്തേക്ക് ഒഴുകുകയായിരുന്നു.......

 അതയാളെ പലപ്പോഴും അസ്വസ്ഥനാക്കി.....

 അയാൾ അവൾക്ക് നൽകിയ സ്ഥാനമാനങ്ങൾ പൂർണ്ണമായി അനുഭവിക്കാൻ കഴിയാത്തതിൽ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു എങ്കിലും അയാളുടെ ഒരു നിമിഷത്തെ സംസാരമോ ഒരു വിളിയോ അവളെ ശാന്ത യാക്കി....
 അയാളോടുള്ള അഗാധമായ സ്നേഹത്തിൽ അവൾ മുങ്ങി താണു കൊണ്ടിരിക്കുകയായിരുന്നു...

 അയാൾക്ക് കടുത്ത അസ്വസ്ഥതയാണ് തോന്നിയത് .
 സ്വന്തമെന്ന് കരുതിയത് അവള്ക്കായി സമയം കണ്ടെത്തിയില്ല എന്ന കാരണത്താൽ പിണങ്ങി ഇരുന്നപ്പോൾ അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വിത്തിന് പൊട്ടി മുളക്കാൻ മാത്രമുള്ള ഈർപ്പം ലഭിക്കുകയായിരുന്നു....

 അയാളുടെ സംശയം വാക്കുകളായി പുറത്തേക്കൊഴുകി..... അവളുടെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചു പോയോ...?

 അവളെ മനസ്സിലാക്കാൻ ആവാതെ കടുത്തഭാഷയിൽ അവളോട് എന്തൊക്കെയോ പറഞ്ഞു....

 അയാളിൽ നിന്നും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ കേട്ട് അവൾ ഒരു ജീവഛവം ആയിരുന്നു......

 അനുസരണയില്ലാതെ കണ്ണീർ അവളുടെ കവിളിലൂടെ ഒഴുകി താടി തുമ്പിലേക്ക് വന്നുനിന്നു.......

 ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എഴുന്നേറ്റു..... തലയിൽ വണ്ടുകൾ മൂളുന്നത് പോലെ.....

 കണ്ണുകൾ വലിച്ചു തുറന്ന് നോക്കിയപ്പോൾ മറ്റേതു ലോകത്തേക്ക് എത്തപ്പെട്ടത് പോലെ....

 വെളുത്ത വസ്ത്രധാരികളായ നഴ്സുമാരും ട്രിപ്പ് സ്റ്റാൻഡും അതൊരു ഹോസ്പിറ്റൽ ആണെന്ന് ഓർമിപ്പിച്ചു.....

 എങ്ങനെയാണ് ഇവിടെയെത്തിയത്?
 ആലോചിക്കുമ്പോൾ തലയിൽ സൂചികൾ കയറിയിറങ്ങുന്നത് പോലെയുള്ള വേദനയാണ്.... ഉറക്കെ നിലവിളിച്ച എണീറ്റപ്പോൾ നഴ്സുമാർ വന്ന് ബലമായി ഇരുകൈയും പിടിച്ചു ബെഡില് കിടത്തി കൈകൾ കട്ടിലിനോട് ചേർത്ത് ബാൻഡിറ്റ് മുറുക്കി...

പിന്നീട് ഞാൻ കണ്ണുതുറന്നത് ഇരുട്ടിലേക്ക് ആയിരുന്നു... അവിടെ എനിക്കായി ഒരു കട്ടിലും കൂട്ടിന് തലയണയും.....

 അവർ ശരീരത്തിൽ കുത്തിവെക്കുന്ന മരുന്നുകൾ പ്രവർത്തനരഹിതമാവുമ്പോൾ എൻറെ ചെവിയിൽ വണ്ടു മൂളുന്ന ശബ്ദവും തലയിൽ പെരുപ്പും അനുഭവപ്പെട്ട ഞാൻ ഉച്ചത്തിൽ നിലവിളിക്കുമ്പോൾ നഴ്സുമാർ വന്ന് ബലമായി എന്തൊക്കെയോ മരുന്നുകൾ എന്നിൽ കുത്തിവെച്ച് ശരീരത്തെ മയക്കുമായിരുന്നു.....

അവരുടെ മരുന്നുകൾക്ക് എൻറെ ശരീരത്തെ മാത്രമേ ഉറക്കുവാൻ സാധിച്ചുള്ളൂ.....

 എൻറെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പുറകിലേക്ക് പാഞ്ഞു കൊണ്ടിരുന്നു ആ പെൺകുട്ടിക്കും യുവാവിനും അടുത്തേക്ക്...


 പലപ്പോഴും പഴയ ഓർമ്മകൾ കയറിവന്ന എന്നെ അസ്വസ്ഥമാകുമ്പോൾ ബഹളമുണ്ടാക്കിയ എനിക്ക് ലഭിച്ച പ്രഹരങ്ങൾ എല്ലാം എൻറെ ശരീരത്തിൽ തിണർത്തു കിടന്നു.....

 ഒന്നും ഞാൻ അറിഞ്ഞില്ല....
 മാറാല പോലെ ചിതറിക്കിടന്നിരുന്ന ഓർമ്മകളിൽ ഞാൻ ആരെയൊക്കെയോ തിരഞ്ഞു...,, ആരാണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല......

 നഴ്സുമാർ ബലമായി എന്നെ കൂട്ടിക്കൊണ്ടുപോയി മുറിയിൽവെച്ച് തലച്ചോറിന് ചിതറിക്കുന്ന വെളിച്ചത്തിൽ ഞാൻ അയാളുടെ മുഖം കണ്ടു...

 മയക്കത്തിലേക്ക് വഴുതി വീഴാതെ എൻറെ ചുണ്ടുകൾ മന്ത്രിച്ചു......
.... ഏട്ടൻ....



2019, ഏപ്രിൽ 12, വെള്ളിയാഴ്‌ച

ഇതെന്റെ കുറച്ചു വട്ടുകൾ ആണ് .. വട്ടനായ ഏട്ടന്റെ കുഞ്ഞോൾ ആയതു കൊണ്ടല്ല. ....എന്റെ വട്ടുകൾക്ക് പുനർജ്ജന്മം ലഭിച്ചത് ഇപ്പോഴാണ്. ..... എന്റെ പ്രാന്തുകളും പ്രാന്ത് പിടിച്ച സ്വപ്നങ്ങളും ആഗ്രഹങ്ങളും തോടു പൊട്ടിച്ചു പുറത്തേക്ക് വരികയാണ്. ..